Sunday, August 14, 2011

പയറഞ്ഞാഴിയെന്ന്‌ കൃഷ്‌ണ വീണ്ടും

അരിയെത്രയെന്ന്‌ ചോദ്യം പയറഞ്ഞാഴിയെന്ന്‌ ഉത്തരം. വിദേശകാര്യ മന്ത്രി എസ്‌ എം കൃഷ്‌ണയാണ്‌ രാജ്യസഭയില്‍ ഇന്നലെ മറുപടി പറഞ്ഞ്‌ പ്രതിപക്ഷത്തെ കുഴക്കിയത്‌. ഒടുവില്‍ അംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക്‌ ഇടപെടേണ്ടിവന്നു.

അജ്‌മീര്‍ ജയിലില്‍ കഴിയുന്ന 80 കഴിഞ്ഞ പാകിസ്ഥാന്‍ സ്വദേശിയെ മോചിപ്പിക്കുന്നതുസംബന്ധിച്ചുള്ള ചോദ്യത്തിന്‌ കൃഷ്‌ണ മറുപടി പറഞ്ഞത്‌ ഇങ്ങനെ. ആ വ്യക്തി പാകിസ്ഥാനില്‍ തടവിലാണ്‌. മനുഷ്യത്വപരമായ സംഗതികള്‍വച്ച്‌ ഈ ചോദ്യം അവിടുത്തെ സര്‍ക്കാര്‍ പരിഗണിക്കേണ്ടതാണ്‌. ഇന്ത്യയില്‍ തടവിലായ വ്യക്തിയുടെകാര്യത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ എങ്ങനെ തീരുമാനമെടുക്കുമെന്ന്‌ അംഗങ്ങള്‍ സംശയിച്ചുനിന്നപ്പോള്‍ പ്രധാനമന്ത്രി ഇടപെട്ടു. അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെ; ഡോ. മുഹമ്മദ്‌ ഖലീല്‍ ചിസ്റ്റി രാജസ്ഥാനിലെ ജയിലില്‍ തടവില്‍ കഴിയുകയാണ്‌. അദ്ദേഹത്തിന്റെ മോചനത്തെ സംബന്ധിച്ചുള്ള ശുപാര്‍ശ ലഭിച്ചപ്പോള്‍ താന്‍ ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടു. രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ വിഷയം ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചിട്ടുമുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദേശകാര്യ മന്ത്രി ചോദ്യത്തെ തെറ്റായാണ്‌ മനസിലാക്കിയതെന്നും കൃഷ്‌ണ മറ്റാരെയോ സംബന്ധിച്ചാണ്‌ പറയുന്നതെന്നും സി പി എം നേതാവ്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു.

രോഗാതുരയായ അമ്മയെകാണാന്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ കൊലപാതകക്കേസില്‍പ്പെട്ട്‌ 1992ല്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട പാകിസ്ഥാനിലെ വൈറോളജിസ്റ്റായ 80 കാരന്‍ ഡോ. മുഹമ്മദ്‌ ഖലീല്‍ ചിസ്റ്റിയുടെ മോചനത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്നായിരുന്നു ജനതാദള്‍ നേതാവ്‌ ശിവാനന്ദ്‌ തിവാരിചോദിച്ചത്‌. ഇതുകേട്ട്‌ കൃഷ്‌ണ ലക്കും ലഗാനുമില്ലാതെ പുലമ്പുന്നത്‌ കേട്ട്‌ പ്രതിപക്ഷം ബഹളം വച്ചപ്പോഴാണ്‌ പ്രധാനമന്ത്രി കൃഷ്‌ണയ്‌ക്ക്‌ തുണയായത്‌. സഭാഅധ്യക്ഷന്‍ ഹമീദ്‌ അന്‍സാരി ഇതൊന്നും തന്നെ സഭാരേഖകളില്‍ ഉള്‍പ്പെടുത്തില്ലെന്ന്‌ അറിയിച്ചു.

കൃഷ്‌ണയ്‌ക്ക്‌ സഭയില്‍ മറുപടി പറയുമ്പോള്‍ നാവുപിണങ്ങുന്നത്‌ ഇത്‌ ആദ്യമായല്ല. കഴിഞ്ഞയാഴ്‌ച ശ്രീലങ്കയെക്കുറിച്ച്‌ പറഞ്ഞപ്പോഴും കൃഷ്‌ണയുടെ നാവുപിണങ്ങി.
കഴിഞ്ഞ ഫെബ്രുവരിയില്‍ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സഭയില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ മറുപടിയായി യു എന്നിലെ പോര്‍ച്ചുഗീസ്‌ പ്രതിനിധിയുടെ പ്രസംഗം മൂന്നുമിനിറ്റോളം വായിച്ചു വിവാദത്തില്‍ പെട്ടിരുന്നു കൃഷ്‌ണ

janayugom 130811

1 comment:

  1. കൃഷ്‌ണയ്‌ക്ക്‌ സഭയില്‍ മറുപടി പറയുമ്പോള്‍ നാവുപിണങ്ങുന്നത്‌ ഇത്‌ ആദ്യമായല്ല. കഴിഞ്ഞയാഴ്‌ച ശ്രീലങ്കയെക്കുറിച്ച്‌ പറഞ്ഞപ്പോഴും കൃഷ്‌ണയുടെ നാവുപിണങ്ങി.
    കഴിഞ്ഞ ഫെബ്രുവരിയില്‍ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സഭയില്‍ ചര്‍ച്ചാവിഷയമായപ്പോള്‍ മറുപടിയായി യു എന്നിലെ പോര്‍ച്ചുഗീസ്‌ പ്രതിനിധിയുടെ പ്രസംഗം മൂന്നുമിനിറ്റോളം വായിച്ചു വിവാദത്തില്‍ പെട്ടിരുന്നു കൃഷ്‌ണ

    ReplyDelete