Sunday, August 14, 2011

ബ്രിട്ടനില്‍ ട്വിറ്ററിനും ബ്ലാക്ക്‌ബെറിക്കും നിയന്ത്രണം ഏര്‍പ്പെടുത്തും

ലണ്ടന്‍: രാജ്യത്ത്‌ കത്തിപ്പടര്‍ന്ന കലാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്കും നിയന്ത്രണ (സെന്‍സര്‍ഷിപ്പ്‌) മേര്‍പ്പെടുത്താന്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ആലോചിക്കുന്നു.

ഇത്‌ സംബന്ധിച്ച്‌ ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍ എന്നീ വെബ്‌ കമ്പനികളുടെയും ബ്ലാക്ക്‌ ബെറി സ്‌മാര്‍ട്ട്‌ ഫോണിന്റെ നിര്‍മാതാക്കളായ റിസര്‍ച്ച്‌ ഇന്‍ മോഷന്‍ ലിമിറ്റഡ്‌ കമ്പനിയുടെയും മേധാവികളുമായി ബ്രിട്ടീഷ്‌ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി തെരേസമേയ്‌ ഉടന്‍ ചര്‍ച്ച നടത്തും. രാജ്യത്ത്‌ നടന്ന കലാപങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റും അത്യാധുനികമായ മൊബൈല്‍ ഫോണുകളും വ്യാപകമായി ഉപയോഗിച്ചുവെന്ന്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ പറഞ്ഞു.

ബ്ലാക്ക്‌ ബെറി ഫോണും ട്വിറ്ററും ഉപയോഗിച്ച്‌ കലാപത്തിന്‌ സഹായിച്ചുവെന്ന കുറ്റം ചുമത്തി സൗത്താംപ്‌റ്റണില്‍ മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌തിരുന്നു.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. കലാപങ്ങള്‍ക്ക്‌ ട്വിറ്ററിനെയോ ബ്ലാക്ക്‌ ബെറി ഫോണുകളെയോ മാത്രം പഴിച്ചിട്ടു കാര്യമില്ലെന്നാണ്‌ വിമര്‍ശകരുടെ നിലപാട്‌. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വീഡിയോ ഗെയിമുകളെയും അതിനും മുമ്പ്‌ ഭീകരസിനിമകളെയും പഴിച്ചിരുന്നവര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിനും സ്‌മാര്‍ട്ട്‌ ഫോണ്‍ സാങ്കേതികവിദ്യക്കുമെതിരെ തിരിഞ്ഞിരിക്കുകയാണെന്ന്‌ `ഇന്‍ഡെക്‌സ്‌' എന്ന പത്രം അഭിപ്രായപ്പെട്ടു.

സമീപകാലത്ത്‌ ഈജിപ്‌റ്റില്‍ കലാപം ആരംഭിച്ചപ്പോള്‍ അവിടെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സൗദി അറേബ്യയും യു എ ഇയും സ്‌മാര്‍ട്ട്‌ ഫോണിന്‌ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുമ്പെട്ടപ്പോള്‍ ബ്ലാക്ക്‌ ബെറിയുടെ നിര്‍മാതാക്കള്‍ ചില വിട്ടുവീഴ്‌ചകള്‍ക്ക്‌ തയ്യാറായി. ഫ്രഞ്ച്‌ പ്രസിഡന്റ്‌ വിക്കലയ്‌ സാര്‍ക്കോസിയും ഇത്തരം മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന വ്യക്തിയാണ്‌.

ഉന്നത നിലവാരത്തിലുള്ള എക്‌സിക്യുട്ടീവുകള്‍ മാത്രം ഉപയോഗിച്ചിരുന്ന ബ്ലാക്ക്‌ ബെറി സ്‌മാര്‍ട്ട്‌ ഫോണുകള്‍ ബ്രിട്ടീഷ്‌ യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്‌. സ്‌മാര്‍ട്ട്‌ ഫോണുകളുടെ വിപണിയില്‍ 37 ശതമാനമാണ്‌ ബ്ലാക്ക്‌ ബെറി നേടിയിട്ടുള്ളത്‌.

janayugom 130811

1 comment:

  1. രാജ്യത്ത്‌ കത്തിപ്പടര്‍ന്ന കലാപങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ക്കും നിയന്ത്രണ (സെന്‍സര്‍ഷിപ്പ്‌) മേര്‍പ്പെടുത്താന്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ആലോചിക്കുന്നു.

    ReplyDelete