Wednesday, August 10, 2011

ആരോപണം സോണിയക്കെതിരെയും; കോണ്‍ഗ്രസ് രാജ്യസഭ മുടക്കി

ഗെയിംസ് അഴിമതി പ്രധാനമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി പൂര്‍ണമായും പ്രധാനമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രാജിവയ്ക്കണമെന്നും പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്രകായിക മന്ത്രി അജയ് മാക്കന്‍ ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി മധു കോഡയില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണവും ബിജെപി ലോക്സഭയില്‍ ഉയര്‍ത്തി. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ലോക്സഭ ചൊവ്വാഴ്ച ചര്‍ച്ച പൂര്‍ത്തിയാക്കാനാകാതെ പിരിഞ്ഞു.

രണ്ടുതവണ തടസ്സപ്പെട്ടശേഷമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ലോക്സഭയില്‍ കായികമന്ത്രി അജയ് മാക്കന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചത്. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഓരോഘട്ടത്തിലും അഴിമതി നടക്കുന്നതറിയാമായിരുന്നിട്ടും അത് തടയാന്‍ ഒരു നടപടിയും പ്രധാനമന്ത്രി കൈക്കൊണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ കൊള്ളയാണ് നടന്നത്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് നിര്‍മാണം ഡല്‍ഹി സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് നടന്നത് എന്നതുകൊണ്ടുതന്നെ ഡല്‍ഹി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആചാര്യ ആവശ്യപ്പെട്ടു. കണക്കുമാത്രം നോക്കാനേ സിഎജിക്ക് അധികാരമുള്ളൂവെന്നും സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചോ നിയമനങ്ങളെക്കുറിച്ചോ അഭിപ്രായം പറയാന്‍ അധികാരമില്ലെന്നും കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി പറഞ്ഞു. ബിജെപി നേതാവ് വി കെ മല്‍ഹോത്ര ആവശ്യപ്പെട്ടതിനാലാണ് കല്‍മാഡിയെ ചെയര്‍മാനാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനാസ്ഥാപനങ്ങള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് കോണ്‍ഗ്രസ് വക്താവിന്റെ പ്രസംഗമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാര്‍ലമെന്റിനെപ്പോലും നിശബ്ദമാക്കിയ ചരിത്രമുള്ള കോണ്‍ഗ്രസ് എല്ലാ ഭരണഘടനാസ്ഥാപനത്തെയും തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മല്‍ഹോത്ര പറഞ്ഞാണ് കല്‍മാഡിയെ നിയമിച്ചതെങ്കില്‍ അദ്ദേഹത്തെ യുപിഎ സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നില്ലേ എന്ന് സിന്‍ഹ ചോദിച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കല്‍മാഡിക്ക് എന്തിന് സീറ്റ് നല്‍കിയെന്നും അദ്ദേഹം ചോദിച്ചു. ഈ ഘട്ടത്തിലാണ് അജയ് മാക്കനെതിരെ സിന്‍ഹ ആരോപണമുന്നയിച്ചത്. ജാര്‍ഖണ്ഡിന്റെ സംഘടനാചുമതലയുള്ള ഘട്ടത്തില്‍ അജയ് മാക്കന്‍ , മധുകോഡസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി അദ്ദേഹത്തില്‍നിന്ന് പണം വാങ്ങിയെന്ന് സിന്‍ഹ ആരോപിച്ചു.

ക്ഷുഭിതനായ അജയ് മാക്കന്‍ മൈക്ക് വലിച്ചെറിഞ്ഞ് പ്രതിപക്ഷ ബെഞ്ചിലേക്ക് നീങ്ങാന്‍ നോക്കിയെങ്കിലും പാര്‍ലമെന്ററികാര്യസഹമന്ത്രിമാരായ വി നാരായണസ്വാമിയും ഹരീഷ് റാവത്തും തടഞ്ഞു. മധു കോഡയും അജയ് മാക്കനും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ല. സിന്‍ഹയോട് ആരോപണം പിന്‍വലിക്കണമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അഭ്യര്‍ഥിച്ചെങ്കിലും അതും ഫലംകണ്ടില്ല. ഇതോടെ ചെയറിലുണ്ടായിരുന്ന സത്പാല്‍ മഹാരാജ് സഭ നിര്‍ത്തിവച്ചു. അഞ്ചുമണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന ലാത്തിച്ചാര്‍ജ് പ്രശ്നം ഉയര്‍ത്തി ബിജെപി അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ സഭ ബുധനാഴ്ച ചേരാനായി പിരിഞ്ഞു.
(വി ബി പരമേശ്വരന്‍)

ആരോപണം സോണിയക്കെതിരെയും; കോണ്‍ഗ്രസ് രാജ്യസഭ മുടക്കി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച ചര്‍ച്ച മുടക്കാന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ആസൂത്രിതശ്രമം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രതിപക്ഷം കള്ളിയെന്ന് വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടുവട്ടം കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ മുടക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുപുറമെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെകൂടി അറിവോടെയാണ് സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി അധ്യക്ഷനായി നിയമിച്ചതെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ചര്‍ച്ചയില്‍ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എണീറ്റു. ബിജെപി അംഗങ്ങളും ബഹളം തുടങ്ങി. സോണിയ ഗാന്ധി കള്ളിയാണെന്ന മുദ്രാവാക്യവും മുഴങ്ങി. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. രാജ്യസഭ ഉപാധ്യക്ഷന്‍ റഹ്മാന്‍ഖാന്‍ ആദ്യം 15 മിനിറ്റും പിന്നീട് രണ്ടുമണി വരെയും സഭ നിര്‍ത്തി.

വീണ്ടും ചേര്‍ന്നപ്പോള്‍ സോണിയയെ കള്ളിയെന്ന് വിളിച്ചതിന് മാപ്പുപറയണമെന്നായി കോണ്‍ഗ്രസിന്റെ ആവശ്യം. താന്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. യുപിഎ അധ്യക്ഷ വിദേശത്ത് ചികിത്സയിലാണെന്ന് തനിക്കറിയാമെന്നും അവര്‍ക്ക് എല്ലാ ആശംസയും നേരുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മറുപടിയില്‍ തൃപ്തരാകാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ വീണ്ടും നടുത്തളത്തിലേക്ക് കുതിച്ചു. ബഹളം രൂക്ഷമായതോടെ മൂന്നുമണിവരെ സഭ നിര്‍ത്തി. സോണിയക്കെതിരെ മുദ്രാവാക്യം മുഴക്കിയ ബിജെപി അംഗം പിന്നീട് ഖേദം പ്രകടിപ്പിച്ചശേഷമാണ് സഭാനടപടികള്‍ തുടരാനായത്. അഴിമതിവിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നുള്ളതുകൊണ്ടാണ് ഖേദപ്രകടനം നടത്തിയതെന്ന് പ്രതിപക്ഷവൃത്തങ്ങള്‍ പിന്നീട് പറഞ്ഞു. അഞ്ചുമണിയോടെ സഭ വീണ്ടും തടസ്സപ്പെട്ടു. യുവമോര്‍ച്ച പ്രവര്‍ത്തകരെ പാര്‍ലമെന്റിനുമുന്നില്‍ ലാത്തിച്ചാര്‍ജ് ചെയ്തെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ ബഹളംവയ്ക്കുകയായിരുന്നു. ആദ്യം 15 മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ച സഭ പിന്നീട് അടുത്ത ദിവസം ചേരാനായി പിരിഞ്ഞു.

deshabhimani 100811

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച ചര്‍ച്ച മുടക്കാന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ ആസൂത്രിതശ്രമം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രതിപക്ഷം കള്ളിയെന്ന് വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടുവട്ടം കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ മുടക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുപുറമെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെകൂടി അറിവോടെയാണ് സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി അധ്യക്ഷനായി നിയമിച്ചതെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ചര്‍ച്ചയില്‍ പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എണീറ്റു. ബിജെപി അംഗങ്ങളും ബഹളം തുടങ്ങി. സോണിയ ഗാന്ധി കള്ളിയാണെന്ന മുദ്രാവാക്യവും മുഴങ്ങി. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. രാജ്യസഭ ഉപാധ്യക്ഷന്‍ റഹ്മാന്‍ഖാന്‍ ആദ്യം 15 മിനിറ്റും പിന്നീട് രണ്ടുമണി വരെയും സഭ നിര്‍ത്തി

    ReplyDelete