പുനരന്വേഷണം വേണം
മൂലമറ്റം: പവര്‍ഹൗസ് സ്ഫോടനം സംബന്ധിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയസമ്മര്‍ദ്ദത്തിന് വഴങ്ങി പ്രഹസനമാക്കി.പുനരന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. ജൂണ്‍ 20ന് രണ്ട് ജീവനക്കാര്‍ മരിക്കാനിടയായ അപകടം അന്വേഷിക്കാന്‍ കെഎസ്ഇ ബോര്‍ഡ് നിയോഗിച്ച മൂന്നംഗ കമീഷന്‍ റിപ്പോര്‍ട്ടാണ് ഉന്നതങ്ങളിലെ ഇടപെടലിനെ തുടര്‍ന്ന് യഥാര്‍ഥ വസ്തുത കാണാതെപോയത്. റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ഗുരുതരമായ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ മൂന്ന് ട്രാന്‍സ്ഫോര്‍മറുകളിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ട്. ബോര്‍ഡ് നിയോഗിച്ച അന്വേഷണ കമീഷന്‍ അംഗങ്ങളായ സേഫ്ടി കമീഷണര്‍ സാംസണ്‍ വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ , ജി ബാലചന്ദ്രന്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ ട്രാന്‍സ്ഫോര്‍മറുകളിലെ തകരാറ് പരാമര്‍ശിച്ചിരുന്നില്ല. അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനല്‍ കവര്‍ ഇളകി എണ്ണയും തീയും എന്‍ജിനിയര്‍മാരുടെ ദേഹത്ത് വീണതാണെന്നും മിന്നല്‍ രക്ഷാകവചത്തോടുചേര്‍ന്നിരുന്ന സര്‍ജ് കപ്പാസിറ്ററിലെ തകരാറാണ് തീയുണ്ടാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. യന്ത്രസാമഗ്രികളിലുള്ള ഏതെങ്കിലും ചെറിയ ഘടകങ്ങള്‍ക്ക് കാലപ്പഴക്കം കൊണ്ടുള്ള തകരാറും പൊട്ടിത്തെറിക്ക് കാരണമാകാന്‍ ഇടയുണ്ടെന്നും പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയതും കോടികളുടെ നഷ്ടം സംഭവിച്ചതുമായ ട്രാന്‍സ്ഫോര്‍മറിലെ തകരാറ് സംബന്ധിച്ച് പരാമര്‍ശിക്കാതിരുന്നത് ബോധപൂര്‍വമാണ്. പാനല്‍ബോര്‍ഡിനോടു ചേര്‍ന്ന ഏതാനും അനുബന്ധസാധനങ്ങള്‍ കരിഞ്ഞുപോയെന്നും ഇവ മാറ്റിസ്ഥാപിച്ച് രണ്ടുമാസത്തിനകം അഞ്ചാംനമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡിലെ ഉന്നതരും പറഞ്ഞിരുന്നു.
ഇതിനിടയിലാണ് ബോര്‍ഡിലെ ഉന്നതര്‍ രഹസ്യമാക്കിവച്ചിരുന്ന മൂന്ന് ട്രാന്‍സ്ഫോര്‍മറുകളുടെ തകരാര്‍ സംബന്ധിച്ച വിവരം പുറത്തുവന്നിരിക്കുന്നത്. തകരാറിലായ അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ മൂന്ന് ട്രാന്‍സ്ഫോര്‍മറുകളും മാറ്റി സ്ഥാപിക്കേണ്ടിവരും. ഇങ്ങനെ വന്നാല്‍ ഇതിനായി പരമാവധി ജീവനക്കാരെ വച്ച് ഓവര്‍ടൈം ജോലി ചെയ്താലും ആറുമാസംകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. നിലവില്‍ സ്പെയര്‍ ആയി ഒരു ട്രാന്‍സ്ഫോര്‍മര്‍ മാത്രമേയുള്ളൂ. ബാക്കി രണ്ടെണ്ണം പണിയാന്‍ ഓര്‍ഡര്‍ നല്‍കി വരുത്തണം. ഇതിനും കാലതാമസം വരും.
അന്വേഷണ കമീഷനിലെ ഉന്നതരായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തുകൊണ്ട് ഇത്തരം ഗൗരവമേറിയ തകരാര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന ചോദ്യം പ്രസക്തമാണ്.
ഭരണാനുകൂല സംഘടനയായ എന്‍ജിനിയേഴ്സ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തിന് വിധേയമായിട്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിന്റെ ഫലമായി ഇവര്‍ക്കിടയില്‍ ചേരിതിരിവും രൂക്ഷമായി. ചീഫ് എന്‍ജിനിയറുടെ വിഭാഗവും ചീഫ് എന്‍ജിനിയര്‍ കസേര ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളും തമ്മിലാണ് മത്സരം. നിലവിലുള്ള ചീഫ് എന്‍ജിനിയര്‍ മന്ത്രിയുടെ ബന്ധുവായതിനാല്‍ ഇദ്ദേഹത്തിനെതിരെയുള്ള നീക്കം ഫലപ്രദമാകുന്നില്ല. ജീപ്പിടിച്ച് പവര്‍ഹൗസിനകത്തെ ഷട്ടര്‍ തകര്‍ത്ത അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കെതിരെയും ക്യാമ്പ് ഓഫീസിലെ വനിതാ എക്സിക്യുട്ടീവ് എന്‍ജിനിയറെ അസഭ്യം പറഞ്ഞ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കഴിയാതിരുന്നത് സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്.
deshabhimani 100811
പവര്‍ഹൗസ് സ്ഫോടനം സംബന്ധിച്ച അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയസമ്മര്‍ദ്ദത്തിന് വഴങ്ങി പ്രഹസനമാക്കി.പുനരന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു. ജൂണ്‍ 20ന് രണ്ട് ജീവനക്കാര്‍ മരിക്കാനിടയായ അപകടം അന്വേഷിക്കാന്‍ കെഎസ്ഇ ബോര്‍ഡ് നിയോഗിച്ച മൂന്നംഗ കമീഷന്‍ റിപ്പോര്‍ട്ടാണ് ഉന്നതങ്ങളിലെ ഇടപെടലിനെ തുടര്‍ന്ന് യഥാര്‍ഥ വസ്തുത കാണാതെപോയത്. റിപ്പോര്‍ട്ടില്‍ ഇല്ലാത്ത ഗുരുതരമായ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ReplyDelete