Saturday, January 28, 2012

സിഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ തടഞ്ഞു

പുതുപ്പാടിയില്‍ സിപിഐ എം സമരം

തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത യുഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല ഉപരോധം തുടങ്ങി. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട റോസി പൗലോസും വൈസ് ചെയര്‍പേഴ്സണായ യു പി ഹേമലതയും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച പകല്‍ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ വികസന ഓഫീസര്‍ ശ്രീലത ഹാജരായിരുന്നില്ല. ചുമതലക്കാരനായ വിഇഒ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മോളി ആന്റോ, ബിന്ദു ഉദയന്‍ , സോദരി കൃഷ്ണന്‍ , സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ലാലി ജോസ് തുടങ്ങിയവര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയുമായിരുന്നു. വിഇഒയെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധം തുടങ്ങിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഇടപെട്ടാണ് സത്യപ്രതിജ്ഞ തടസപ്പെടുത്തിയത്. ചടങ്ങ് ബഹളമയമായതോടെ പഞ്ചായത്തിലുണ്ടായിരുന്നവര്‍ ഓഫീസ് അടയ്ക്കാതെ സ്ഥലം വിട്ടു. 147 എഡിഎസ് അംഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 21 പ്രതിനിധികളില്‍നിന്നാണ് ചെയര്‍പേഴ്സണായി റോസി പൗലോസിനെയും വൈസ് ചെയര്‍പേഴ്സണായി യു പി ഹേമലതയെയും തെരഞ്ഞെടുത്തത്. റോസി പൗലോസിന് ഒമ്പത് വോട്ടുകളും എതിരെ മത്സരിച്ച ലാലി ജോസിന് എട്ട് വോട്ടുകളും ലഭിച്ചു. നാലുപേര്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതെ നിഷ്പക്ഷത പാലിച്ചു. വൈസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട യു പി ഹേമലതക്ക് 11 വോട്ടുകളും എതിരെ മത്സരിച്ച എ ഇ കദീജക്ക് ഒമ്പത് വോട്ടുകളും ലഭിച്ചു. ഒരാള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

വ്യാഴാഴ്ച പകല്‍ നാലോടെ തുടങ്ങിയ സമരത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത.് സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ നളിനി, എ രാഘവന്‍ , ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരക്കുറുപ്പ് തുടങ്ങിയ നേതാക്കള്‍ രാത്രി തന്നെ സ്ഥലത്തെത്തി നേതൃത്വം നല്‍കി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ഇക്കാര്യമാവശ്യപ്പെട്ട് ശനിയാഴ്ച രാവിലെ 9.30ന് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്തി, കലക്ടര്‍ , കുടുംബശ്രീ ഡയറക്ടര്‍ , കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികള്‍ പരാതി നല്‍കി.

deshabhimani 280112

1 comment:

  1. തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ഭാരവാഹികളെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത യുഡിഎഫ് നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ പുതുപ്പാടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല ഉപരോധം തുടങ്ങി. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട റോസി പൗലോസും വൈസ് ചെയര്‍പേഴ്സണായ യു പി ഹേമലതയും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച പകല്‍ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ വികസന ഓഫീസര്‍ ശ്രീലത ഹാജരായിരുന്നില്ല. ചുമതലക്കാരനായ വിഇഒ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മോളി ആന്റോ, ബിന്ദു ഉദയന്‍ , സോദരി കൃഷ്ണന്‍ , സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ലാലി ജോസ് തുടങ്ങിയവര്‍ ഹാളിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയുമായിരുന്നു. വിഇഒയെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപരോധം തുടങ്ങിയത്.

    ReplyDelete