Tuesday, January 31, 2012

സര്‍ക്കാര്‍ ഇടപെടല്‍ നിലച്ചു; വിലകള്‍ കുതിക്കുന്നു

പൊതുവിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന ഇടപെടലുകള്‍ നിലച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട കോടികള്‍ കുടിശ്ശികയായതോടെ സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ സബ്സിഡി ഐറ്റങ്ങള്‍ കിട്ടാനില്ല. ഇതിനിടെ, കേരളം രൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലായതായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കുകളും വ്യക്തമാക്കുന്നു. പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായിരുന്ന എല്‍ഡിഎഫ് ഭരണത്തില്‍ ഉപഭോക്തൃവില സൂചിക കേരളത്തേക്കാള്‍ കുറവുണ്ടായിരുന്നത് ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ രണ്ടോ മൂന്നോ സംസ്ഥാനത്ത് മാത്രമായിരുന്നു. എന്നാല്‍ , ലേബര്‍ ബ്യൂറോ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളത്തേക്കാള്‍ കുറഞ്ഞ സൂചികയുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി.

20 സംസ്ഥാനത്തെ ഉപഭോക്തൃവില സൂചികയാണ് രണ്ടു മാസം കൂടുമ്പോള്‍ ലേബര്‍ ബ്യൂറോ പ്രസിദ്ധീകരിക്കുക. ഡിസംബറില്‍ കേരളത്തിന്റെ വിലസൂചിക 602 ആണ്. ബിഹാര്‍ (541), ഹിമാചല്‍പ്രദേശ് (509), മണിപ്പുര്‍ (595), ഒഡിഷ (553), ഉത്തര്‍പ്രദേശ് (558), ത്രിപുര (541), പശ്ചിമബംഗാള്‍ (587) എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഡിസംബറില്‍ കേരളത്തേക്കാള്‍ കുറഞ്ഞ സൂചികയാണ് രേഖപ്പെടുത്തിയത്. തമിഴ്നാട് (607), മധ്യപ്രദേശ് (610) തുടങ്ങിയ സംസ്ഥാനങ്ങളിലെ സൂചികയുമായി കേരളത്തിന് ഇപ്പോള്‍ വലിയ അന്തരമില്ല. സൂചികയിലെ ദേശിയ ശരാശരി 618 ആണ്. കേരളത്തിന്റെ സൂചിക അതിനടുത്തെത്തുന്നത് സംസ്ഥാനത്തെ വിലക്കയറ്റത്തിന്റെ ഉയര്‍ന്നതോത് വ്യക്തമാക്കുന്നു. മുന്‍കാലങ്ങളില്‍ ദേശീയ ശരാശരിയില്‍ നിന്ന് ഏറെ താഴെയായിരുന്നു കേരളത്തിലെ ഉപഭോക്തൃവില സൂചിക.

കേരളത്തിലെ വില നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്ന സപ്ലൈകോ നിഷ്ക്രിയമായതാണ് തിരിച്ചടിക്ക് കാരണം. സര്‍ക്കാര്‍സഹായം പാടെ നിലച്ചിരിക്കുകയാണെന്ന് സപ്ലൈകോ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 100 കോടിയോളം രൂപ ഈമാസം തന്നെ കുടിശ്ശികയുണ്ട്. പണം ഇല്ലാത്തതിനാല്‍ സ്റ്റോക്കെടുപ്പില്‍ നിന്ന് സപ്ലൈകോ വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാര്‍ സബ്സിഡിയോടെ വിതരണം ചെയ്തിരുന്ന 13 ഇന നിത്യോപയോഗസാധനം നഗരപ്രദേശങ്ങളിലെ സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ഗ്രാമപ്രദേശങ്ങളിലെ മാവേലി സ്റ്റോറുകളില്‍ സബ്സിഡി ഇനങ്ങള്‍ ഒന്നുപോലുമില്ല. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ക്ക് ഉയര്‍ന്നവില ഈടാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഇത് പ്രതിസന്ധി കൂടതല്‍ രൂക്ഷമാക്കുന്നു. 30 മുതല്‍ 35 ശതമാനം വരെ ലാഭമെടുത്താണ് സപ്ലൈകോ ഇപ്പോള്‍ സാധനങ്ങള്‍ വില്‍ക്കുന്നത്. ഇതു താമസിയാതെ സപ്ലൈകോയില്‍ നിന്ന് ജനങ്ങളെ പൂര്‍ണമായി അകറ്റും. സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍ ഇന്ന് മിക്കസാധനത്തിനും പൊതുവിപണയിലേക്കാള്‍ വില കൂടുതലാണ്. ജയ, സുരേഖ തുടങ്ങിയ അരി ഇനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ അഞ്ചുശതമാനം അധികമാണ് വില. സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ അരി വില്‍പ്പനയില്‍ രണ്ടു ശതമാനം മാത്രം ലാഭമെടുക്കുമ്പോള്‍ എട്ടു മുതല്‍ 11 ശതമാനം വരെയാണ് സപ്ലൈകോയുടെ ലാഭമെടുപ്പ്. കായം, തീപ്പെട്ടി, മെഴുകുതിരി തുടങ്ങിയ സാധനങ്ങള്‍ക്ക് 35 ശതമാനം ലാഭമെടുത്താണ് വില്‍പ്പന. സപ്ലൈകോക്ക് പുറമേ വിപണിയില്‍ സജീവമായി ഇടപെട്ടിരുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായതും വിലക്കയറ്റം രൂക്ഷമാക്കുന്നു.
(ആര്‍ സാംബന്‍)

deshabhimani 310112

1 comment:

  1. പൊതുവിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്ന ഇടപെടലുകള്‍ നിലച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട കോടികള്‍ കുടിശ്ശികയായതോടെ സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ സബ്സിഡി ഐറ്റങ്ങള്‍ കിട്ടാനില്ല. ഇതിനിടെ, കേരളം രൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലായതായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ലേബര്‍ ബ്യൂറോയുടെ കണക്കുകളും വ്യക്തമാക്കുന്നു. പൊതുവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായിരുന്ന എല്‍ഡിഎഫ് ഭരണത്തില്‍ ഉപഭോക്തൃവില സൂചിക കേരളത്തേക്കാള്‍ കുറവുണ്ടായിരുന്നത് ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ രണ്ടോ മൂന്നോ സംസ്ഥാനത്ത് മാത്രമായിരുന്നു. എന്നാല്‍ , ലേബര്‍ ബ്യൂറോ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളത്തേക്കാള്‍ കുറഞ്ഞ സൂചികയുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി.

    ReplyDelete