Tuesday, January 31, 2012

മാറാട്: മുസ്ലിംലീഗ് വീണ്ടും പ്രതിസന്ധിയില്‍

ഇ- മെയില്‍ ചോര്‍ത്തല്‍ വിവാദത്തിനു പിന്നാലെ മാറാട് കൂട്ടക്കൊല സംബന്ധിച്ച് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത് മുസ്ലിംലീഗിനെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കി. പാര്‍ടി സംസ്ഥാന സെക്രട്ടറി പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനാ അന്വേഷണം അട്ടിമറിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. കേരളമൊന്നാകെ അപലപിച്ച കൂട്ടക്കൊലയുടെ അന്വേഷണം അട്ടിമറിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. മാറാട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി സി എം പ്രദീപ്കുമാറിനെ മാറ്റിയത് സ്വാഭാവിക നടപടിയെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. മാറാടിനെപ്പറ്റി ചര്‍ച്ചയേ വേണ്ടെന്നായിരുന്നു ലീഗിന്റെയും ഇതുവരെയുള്ള നിലപാട്. ഇക്കാര്യം ചര്‍ച്ചചെയ്യുന്നത് ഭൂരിപക്ഷ സമുദായത്തെ ഇളക്കിവിടാനാണെന്നാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ കണ്ടെത്തല്‍ . ലീഗാണ് അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അക്കാലത്തുതന്നെ വ്യക്തമാക്കിയതാണ്. അക്കാര്യം സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ഇതേവരെ പ്രതികരിച്ചില്ല.

സംസ്ഥാന ഭാരവാഹി വര്‍ഗീയ-തീവ്രവാദ കലാപത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആദ്യ രാഷ്ട്രീയകക്ഷി എന്ന "ബഹുമതി"യാണ് മുസ്ലിംലീഗ് ഇപ്പോള്‍ കൈവരിച്ചത്. മാറാട് കൂട്ടക്കൊലയുണ്ടായ വേളയില്‍തന്നെ ലീഗ് നിലപാടുകളിലും ഇടപെടലിലും സംശയം ഉയര്‍ന്നിരുന്നു. സിബിഐ അന്വേഷണം ഭയന്ന ലീഗ് സംഘപരിവാറിലൊരു വിഭാഗവുമായി കൂടിയാലോചിച്ച് അന്വേഷണത്തിന്റെ ആദ്യകടമ്പ താണ്ടി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തെ സമീപിച്ചു. എന്നാല്‍ , കേന്ദ്രഭരണത്തിലും കോണ്‍ഗ്രസിലുമുള്ള സ്വാധീനംവഴി ലീഗ് അന്നും സിബിഐയെ ഒഴിവാക്കി. സിബിഐ അന്വേഷണം കൊണ്ടുവന്ന് തങ്ങളെയൊക്കെ അകത്താക്കാനാണോ പരിപാടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി അന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ വാക്കുകള്‍ക്ക് ഇന്ന് ഏറെ അര്‍ഥതലങ്ങളുണ്ട്.

മാറാട് കൂട്ടക്കൊലയില്‍ തീവ്രവാദബന്ധവും പങ്കുമുണ്ടെന്ന് സിപിഐ എം ആദ്യമേ പ്രഖ്യാപിച്ചതാണ്. കൂട്ടക്കൊലയുടെ അടുത്തദിവസം മാറാട്ടെത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണ കമീഷനും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണസംഘവും സമാന കണ്ടെത്തലിലാണെത്തിയത്. മായിന്‍ഹാജിക്കെതിരെ നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. തിരിച്ചടിക്കും പ്രതികാരത്തിനും സഹായംതേടി തന്നെ ചിലര്‍ സമീപിച്ചത് അദ്ദേഹം സമ്മതിച്ചിരുന്നു. പൊതുപ്രവര്‍ത്തകന്‍ കാട്ടേണ്ട ഉത്തരവാദിത്തത്തോടെ ഇക്കാര്യം നിയമപാലകരെ അറിയിക്കാതിരുന്നത് നിശിത വിമര്‍ശത്തിനുമിടയാക്കിയതാണ്.
(പി വി ജീജോ)

deshabhimani 310112

1 comment:

  1. സംസ്ഥാന ഭാരവാഹി വര്‍ഗീയ-തീവ്രവാദ കലാപത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആദ്യ രാഷ്ട്രീയകക്ഷി എന്ന "ബഹുമതി"യാണ് മുസ്ലിംലീഗ് ഇപ്പോള്‍ കൈവരിച്ചത്. മാറാട് കൂട്ടക്കൊലയുണ്ടായ വേളയില്‍തന്നെ ലീഗ് നിലപാടുകളിലും ഇടപെടലിലും സംശയം ഉയര്‍ന്നിരുന്നു. സിബിഐ അന്വേഷണം ഭയന്ന ലീഗ് സംഘപരിവാറിലൊരു വിഭാഗവുമായി കൂടിയാലോചിച്ച് അന്വേഷണത്തിന്റെ ആദ്യകടമ്പ താണ്ടി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് കേന്ദ്രത്തെ സമീപിച്ചു. എന്നാല്‍ , കേന്ദ്രഭരണത്തിലും കോണ്‍ഗ്രസിലുമുള്ള സ്വാധീനംവഴി ലീഗ് അന്നും സിബിഐയെ ഒഴിവാക്കി. സിബിഐ അന്വേഷണം കൊണ്ടുവന്ന് തങ്ങളെയൊക്കെ അകത്താക്കാനാണോ പരിപാടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി അന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത് വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ വാക്കുകള്‍ക്ക് ഇന്ന് ഏറെ അര്‍ഥതലങ്ങളുണ്ട്.

    ReplyDelete