Sunday, January 29, 2012

മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മേയര്‍

കൗണ്‍സിലില്‍ യുഡിഎഫ് ബഹളം അജണ്ടകള്‍ക്ക് അംഗീകാരം

കോഴിക്കോട് നഗരസഭായോഗം അലങ്കോലമാക്കാനുള്ള യുഡിഎഫിന്റെ ആസൂത്രിത നീക്കം പാളി. ഒടുക്കം ഒരു അജണ്ട ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ച് യോഗം പിരിച്ചുവിട്ടതായി മേയര്‍ അറിയിച്ചു. ശനിയാഴ്ച പകല്‍ മൂന്നിന് ആരംഭിച്ച യോഗത്തില്‍ അടിയന്തരപ്രമേയം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. കൗണ്‍സിലര്‍ കൃഷ്ണദാസിനെ മര്‍ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എംടി പത്മ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രേരിതവും ദുഃസൂചനകളും അടങ്ങിയതിനാല്‍ പ്രമേയം വായിച്ചുതള്ളുകയാണുണ്ടായത്. മാത്രമല്ല, സംഭവത്തില്‍ ചില നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതിനാല്‍ മേയറുടെ വിവേചനാധികാരം ഉപയോഗിച്ച് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റ് വീണ്ടും ബഹളം തുടങ്ങി.

മേയര്‍ എഴുന്നേറ്റപ്പോള്‍ ഇരിപ്പിടത്തിലിരുന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പിന്നീട് എലത്തൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സുനില്‍കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരെയും അറിയിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ബഹളം കൂട്ടി. എന്നാല്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. മനഃപൂര്‍വം എന്തും വിവാദമാക്കാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ പിന്മാറണമെന്നാവശ്യപ്പെട്ടിട്ടും ബഹളം തുടര്‍ന്നു. നിരന്തരമായി യോഗം അലങ്കോലമാക്കാനുള്ള പ്രതിപക്ഷനീക്കം മനസിലാക്കിയ മേയര്‍ ശ്രദ്ധക്ഷണിക്കലിനായി പ്രതിപക്ഷ കൗണ്‍സിലര്‍ ബാലഗോപാലിനോട് ആവശ്യപ്പെട്ടു. ബാലഗോപാല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെ നോക്കുകുത്തിയാക്കി യുഡിഎഫ് അംഗങ്ങളായ കെ മുഹമ്മദലിയുടെയും പി കിഷന്‍ചന്ദിന്റെയും നേതൃത്വത്തില്‍ ബഹളം കൂട്ടി. തുടര്‍ന്ന് മേയര്‍ ഓരോ അജണ്ടയും വായിച്ച് അംഗീകരിച്ചതായി അറിയിച്ചു. എന്നാല്‍ കോര്‍പറേഷന്‍ പരിധിയിലെ മാപ്പ് പദ്ധതിയുടെ ഭാഗമായ ബോധല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള അജണ്ട അംഗങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മാറ്റിവച്ചു.
സുകമാര്‍ അഴീക്കോടിന്റെ നിര്യാണത്തെ തുടര്‍ന്നാണ് 24ന് നടക്കേണ്ട യോഗം 27ലേക്ക് മാറ്റിയത്. ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന്റെ നിര്യാണത്തെ തുടര്‍ന്ന് 27ന്റെ യോഗം ശനിയാഴ്ച വിളിച്ചുചേര്‍ത്തു. അജണ്ടകള്‍ പാസാക്കുന്നതിനിടെ ഒച്ചപ്പാടും കൂക്കിവിളിയുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ അംഗവിക്ഷേപങ്ങളിലൂടെയും മറ്റും മോശപ്പെട്ട പ്രയോഗങ്ങള്‍ മേയര്‍ക്കും കൗണ്‍സില്‍ അംഗങ്ങള്‍ക്കുനേരെയും നടത്തി. മേയറുടെ ഡയസിനടുത്തേക്ക് നടന്നടുക്കാനുള്ള പ്രതിപക്ഷാംഗങ്ങളുടെ നീക്കം കൗണ്‍സിലര്‍മാര്‍ തടയുകയും ചെയ്തു. ജിഐഎസ് അടിസ്ഥാനമാക്കി വസ്തുനികുതി ടാക്സ് മാപ്പ് തയ്യാറാക്കുന്നതിനായി സാങ്കേതിക സര്‍വേകള്‍ കെഎസ്യുഡിപി നടത്തുന്നതിനും ഫിസിക്കല്‍ സര്‍വേ കോര്‍പറേഷന്‍ സംയുക്തമായി നടത്തുന്നതിനും ആവശ്യമായ 28 ലക്ഷം രൂപ കെഎസ്ഡിപിയില്‍ നിന്നും അനുവദിക്കുന്നതിന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെടും. ബൈരായിക്കുളം ജിഎല്‍പി സ്കൂള്‍ റോഡില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിടുന്നതിന് ടാറ്റ ടെലി സര്‍വീസ് സീനിയര്‍ മാനേജര്‍ അപേക്ഷ നല്‍കിയിരുന്നു. രണ്ടുവര്‍ഷം പഴക്കമുള്ള റോഡിന് 1,06,677 രൂപ പുനരുദ്ധാരണത്തിനായും തറവാടകയായി ഒരുവര്‍ഷത്തേക്ക് ഒരുകിലോമീറ്ററിന് 25,000 രൂപ നിരക്കിലും 144 മീറ്റിന് 3600 രൂപയും ഈടാക്കും. കൂടാതെ വെട്ടിപ്പൊളിച്ച റോഡ് ഉടനെ തന്നെ ഗതാഗതയോഗ്യമാക്കണമെന്ന നിബന്ധനകളോടെ പ്രവൃത്തിക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. 103 അജണ്ടകള്‍ യോഗത്തില്‍ പാസാക്കി.

മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മേയര്‍

മനഃപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിച്ച് കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്താനുള്ള യുഡിഎഫ് നീക്കം നഗരത്തിലെ ജനങ്ങള്‍ക്കുനേരെയുള്ള വെല്ലുവിളിയാണെന്ന് മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എലത്തൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥിയുടെ സ്ഥാനാരോഹണ ചടങ്ങ് ആരെയും അറിയിക്കാതെ നടത്തിയെന്നാരോപിച്ചാണ് ശനിയാഴ്ച കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളം കൂട്ടിയത്. വസ്തുതകള്‍ മനസിലാക്കിയിട്ടും ഇങ്ങനെ തുടരുന്നത് ദയനീയമാണ്. ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്ന് ഒരാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചതിനാലാണ് ചടങ്ങ് ലളിതമാക്കിയത്. വോട്ടെണ്ണല്‍ ദിവസമായ 19 ന് മന്ത്രി എം കെ മുനീര്‍ വിളിച്ച യോഗത്തില്‍ ഔദ്യോഗികമായി പങ്കെടുക്കാനുള്ളതുകൊണ്ട് തിരുവനന്തപുരത്തായിരുന്നു. തുടര്‍ന്ന് 21ന് കൗണ്‍സിലിലെ പാര്‍ടി നേതാക്കളെ വിളിച്ച് സത്യപ്രതിജ്ഞാ ചടങ്ങും 26 ന്റെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന പരിപാടിയും വിജയിപ്പിക്കുന്നതിനുമായി യോഗം വിളിച്ചു. എന്നാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം വിളിച്ചറിയിക്കാനുള്ള സാമാന്യ മര്യാദപോലും യുഡിഎഫ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

വീണ്ടും രണ്ടു തീയതികള്‍ കൂടി പ്രതിപക്ഷ നേതാവ് എം ടി പത്മയെ അറിയിച്ചു. രണ്ടും അവര്‍ക്ക് പറ്റില്ലെന്നറിയിച്ചു. 27ന് കൗണ്‍സില്‍ നിശ്ചയിച്ചതിനാല്‍ യോഗത്തിന് മുമ്പ് ചടങ്ങ് നടത്താമെന്ന കാര്യവും അറിയിച്ചെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. തുടര്‍ന്ന് 28ന് ചടങ്ങ് നടത്താന്‍ തീരുമാനിക്കുയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സുനില്‍കുമാറിനോട് അപേക്ഷ നല്‍കാന്‍ പോലും മുന്‍കൈയെടുത്തത് താനാണ് അല്ലാതെ പ്രതിപക്ഷാംഗങ്ങളായിരുന്നില്ല-മേയര്‍ പറഞ്ഞു.

മര്‍ദനമേറ്റ കൃഷ്ണദാസിനെ സന്ദര്‍ശിച്ചില്ലെന്ന വാദത്തിന്റെ പേരിലും വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ പോയപ്പോള്‍ അവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഈസ്റ്റ്ഹില്ലിലെ വീട്ടില്‍ പോവാന്‍ ഉറച്ചപ്പോഴാണ് അദ്ദേഹം ഭാര്യവീട്ടിലാണെന്നറിഞ്ഞത്. വീണ്ടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഭാര്യയെയാണ് കിട്ടിയത്. അദ്ദേഹം കിടക്കുകയാണെന്നും കൊടുക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. എന്തായാലും പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം കൃഷ്ണദാസ് ഉന്നയിക്കില്ല.

വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ ലത്തീഫിനെയും രേണുകാദേവിയെയും തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന വാദം ബാലിശമാണ്. കൗണ്‍സില്‍ അംഗമായി തുടരുന്ന ഇവര്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായിരിക്കുമെന്ന മുനിസിപ്പല്‍ ആക്ട് പോലും മനസിലാക്കാതെയാണ് ബഹളം കൂട്ടുന്നത്. മേയര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങള്‍ പോലും കൗണ്‍സിലില്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം-മേയര്‍ പറഞ്ഞു. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് കൗണ്‍സിലര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് എം ടി പത്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അണികളെ പ്രകോപിതരാക്കി തങ്ങള്‍ക്കുനേരെ തിരിച്ചുവിടുകയാണ്. മാസത്തിലൊരിക്കല്‍ യോഗം വിളിക്കുക എന്ന കാര്യം പോലും മേയര്‍ മറക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

deshabhimani 290112

No comments:

Post a Comment