Sunday, January 29, 2012

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം

രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കരട് പ്രമേയം പറയുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത്. വിവിധ ജനവിഭാഗങ്ങളെ സാമൂഹ്യമായി അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഇരു പാര്‍ടിയും മത്സരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയത്തോടൊപ്പം അമേരിക്കന്‍ അനുകൂല വിദേശനയമാണ് ഇരു പാര്‍ടിയും സ്വീകരിക്കുന്നത്. വന്‍വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമായ അസമത്വവും അടിച്ചേല്‍പ്പിക്കുന്ന യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തണം. ഇതേ നയം തുടരുന്നതോടൊപ്പം വര്‍ഗീയ അജന്‍ഡ കൂടി വഹിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം. യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ. ബദല്‍ കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ കൂടെ നിര്‍ത്തേണ്ടിവരും. ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇത്തരം കക്ഷികളെ അണിനിരത്തേണ്ടിവരും. ഇത്തരം സംയുക്തവേദികള്‍ ദേശീയതലത്തില്‍ ഇടതു ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. ജനകീയ പ്രശ്നങ്ങളിലും നയപരമായ വിഷയങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി യോജിച്ച പോരാട്ടത്തിനു ശ്രമിക്കുന്നത് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. പാര്‍ലമെന്റില്‍ ഇത്തരം കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവയില്‍ ചില കക്ഷികളുമായി ആവശ്യാനുസരണം തെരഞ്ഞെടുപ്പ് സഖ്യമാകാം.

ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണം. നിലവിലുള്ള സമരം നവ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ഭൂമി, ഭക്ഷണം, തൊഴില്‍ , സാമൂഹ്യനീതി എന്നീ വിഷയങ്ങളുയര്‍ത്തി ശക്തമായ സമരം വളര്‍ത്തണം. ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതോടൊപ്പം മതനിരപേക്ഷത സംരക്ഷിക്കുകയും വേണം. എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വ സ്വാധീനം തടയണം. ഇതിനായി രാജ്യത്തെങ്ങും ശക്തമായ പാര്‍ടി കെട്ടിപ്പടുക്കണം അതിലൂടെ മാത്രമേ യഥാര്‍ഥ ബദലായ ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂ- കാരാട്ട് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം വേണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

വി ബി പരമേശ്വരന്‍ deshabhimani 290112

1 comment:

  1. രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    ReplyDelete