Saturday, January 28, 2012

എസ് ബാന്‍ഡ് കരാര്‍ : വിശദീകരണമില്ലാതെ കേന്ദ്രം

എസ് ബാന്‍ഡ് സ്പെക്ട്രം അഴിമതിയുടെ പേരില്‍ ഐഎസ്ആര്‍ഒ മുന്‍ മേധാവി ജി മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞര്‍ക്കെതിരെ നടപടിയെടുത്ത യുപിഎ സര്‍ക്കാരിന്, ബഹിരാകാശമന്ത്രാലയം സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ കരാര്‍ കേന്ദ്രമന്ത്രിസഭ എങ്ങനെ അംഗീകരിച്ചെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വകുപ്പാണ് ഖജനാവിന് രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവയ്ക്കാവുന്ന കരാറിലെത്തിയത്.

ഇതിനിടെ നാല് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തുവന്നു. മുന്‍ ആണവോര്‍ജവകുപ്പ് അധ്യക്ഷന്‍ അനില്‍ കാക്കോദ്ക്കര്‍ , പ്രധാനമന്ത്രിയുടെ ശാസ്ത്ര-സാങ്കേതിക ഉപദേശകസമിതിയുടെ തലവന്‍ സിഎന്‍ആര്‍ റാവു, സിഎസ്ഐആര്‍ മുന്‍ മേധാവി ആര്‍ എ മഷേല്‍ക്കര്‍ , പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രൊഫ. യശ്പാല്‍ എന്നിവരാണ് വിയോജിപ്പുമായി രംഗത്തുവന്നത്.

വിവിധ ഘട്ടങ്ങളിലായി ഉയര്‍ന്ന പരാതികള്‍ വകവയ്ക്കാതെയാണ് കേന്ദ്ര മന്ത്രിസഭ വിവാദ കരാറിന് അനുമതി നല്‍കിയത്. കരാര്‍ പ്രക്രിയയിലെ വീഴ്ചയെക്കുറിച്ച് ബഹിരാകാശവകുപ്പ് അന്വേഷണസമിതിയെ വിശദമായി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സ് കോര്‍പറേഷന്‍ ബംഗളൂരുവിലെ ദേവാസ് മള്‍ട്ടിമീഡിയയുമായി കരാര്‍ ഒപ്പിട്ടതെന്നും ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി വിവരം നല്‍കാതെയാണ് ആന്‍ഡ്രിക്സ് ബോര്‍ഡ് ദേവാസുമായി കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തത്. സമ്പൂര്‍ണമായ ചര്‍ച്ചയോ അജന്‍ഡയെക്കുറിച്ച് സൂക്ഷ്മ പരിശോധനയോ ഇല്ലാതെ കരാറിലെത്തി. ബോര്‍ഡ് യോഗത്തിന് ഒരാഴ്ച മുമ്പാണ് കരാര്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയത്. അസാധാരണമാം വിധം ധൃതിയിലാണ് ബോര്‍ഡ് നീങ്ങിയതെന്നും ബഹിരാകാശവകുപ്പ് അന്വേഷണസമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ , ഇത്രയേറെ പരാതി ഉയര്‍ന്ന കരാറിനെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്താന്‍ കേന്ദ്ര മന്ത്രിസഭ തയ്യാറായില്ല.

എസ് ബാന്‍ഡ് കൈകാര്യംചെയ്യാനുള്ള അതിവിദഗ്ധ സാങ്കേതികവിദ്യ വികസിപ്പിച്ചെന്ന ദേവാസ് മള്‍ട്ടിമീഡിയയുടെ അവകാശവാദം എങ്ങനെ വിശ്വാസത്തില്‍ എടുത്തെന്നും ബഹിരാകാശ വകുപ്പ് ചോദിക്കുന്നു. കരാറനുസരിച്ച് ജിസാറ്റ്-6, ജി സാറ്റ്-6എ ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്പോണ്ടറുകളും ദേവാസ് മള്‍ട്ടിമീഡിയക്ക് ഉപയോഗിക്കാം. എസ് ബാന്‍ഡ് സ്പെക്ട്രം സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള തീരുമാനം നീതികരിക്കാനാകാത്തതും ഗുരുതര സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്നതുമാണെന്ന് ബഹിരാകാശവകുപ്പ് പറയുന്നു. ഉപയോഗിക്കാന്‍ കഴിയുന്ന എസ് ബാന്‍ഡ് സ്പെക്ട്രത്തിന്റെ 60 ശതമാനം വരുന്ന 80 മെഗാഹെഡ്സ് ദേവാസിന് നല്‍കാനുള്ള തീരുമാനമാണ് ബഹിരാകാശവകുപ്പിനെ ചൊടിപ്പിച്ചത്. വസ്തുത മറച്ചുവച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നേടിയതെന്ന പരാതിയും ബഹിരാകാശവകുപ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ജി സാറ്റ് 6ന്റെ ചെലവ് 150 കോടി രൂപയായി കുറച്ച്് കാണിച്ച ഐഎസ്ആര്‍ഒയുടെ നടപടിയെയാണ് ബഹിരാകാശവകുപ്പ് ചോദ്യം ചെയ്യുന്നത്. ഇത്രയേറെ ഗുരുതര പ്രശ്നം ഉയര്‍ന്നുവന്നിട്ടും ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ ബഹിരാകാശവകുപ്പും കേന്ദ്ര മന്ത്രിസഭയും എന്തുകൊണ്ട് തയ്യാറായില്ലെന്നത് ദുരൂഹമാണ്.

deshabhimani 280112

1 comment:

  1. പട്ന: ജി മാധവന്‍ നായര്‍ പട്ന ഐഐടി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു. ജി മാധവന്‍ നായരടക്കം നാല് ശാസ്ത്രജ്ഞര്‍ ഏതെങ്കിലും സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നത് കേന്ദ്രം വിലക്കിയതിനെത്തുടര്‍ന്നാണിത്്. വിവാദമായ എസ് ബാന്‍ഡ് ഇടപാടിനെത്തുടര്‍ന്നാണ് വിലക്ക്. വിലക്കിനെതിരെ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകസമിതി ചെയര്‍മാനും അംഗങ്ങളും പ്രതികരിച്ചിരുന്നു.

    ഐഎസ്ആര്‍ഒയുടെ വാണിജ്യ സ്ഥാപനമായ ആന്ദ്രിക്സ് കോര്‍പ്പറേഷന്‍ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയായ ദേവാസിന് സ്പെക്ട്രം അനുവദിച്ച സമയത്ത് ജി മാധവന്‍ നായരായിരുന്നു ഐഎസ്ആര്‍ഒ ചെയര്‍മാന്‍ . ഐഎസ്ആര്‍ഒ മുന്‍ സയന്റിഫിക് സെക്രട്ടറി ഭാസ്കര റാവു, ആന്ത്രിക്സ് മുന്‍ എംഡി കെ ആര്‍ ശ്രീധര മൂര്‍ത്തി, ബംഗ്ലൂര്‍ ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ എന്‍ ശങ്കര എന്നിവര്‍ക്കും വിലക്കുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജനുവരി 12നാണ് ഉത്തരവിറങ്ങിയത്. ഖജനാവിന് രണ്ടുലക്ഷം രൂപ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.

    ReplyDelete