Tuesday, January 31, 2012

പണിമുടക്കില്‍ ബല്‍ജിയം സ്തംഭിച്ചു

ബ്രസല്‍സ്: സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരംതേടി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രസല്‍സില്‍ ഒത്തുകൂടിയ തിങ്കളാഴ്ച തൊഴിലാളി പ്രക്ഷോഭത്തില്‍ ബല്‍ജിയം സ്തംഭിച്ചു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമ്പത്തികനയത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് പ്രധാന യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പൊതുപണിമുടക്കില്‍ ഗതാഗതവും മുടങ്ങിയതോടെ രാജ്യം നിശ്ചലമായി. ട്രെയിനുകളും ബസുകളും ട്രാമുകളും ഓടിയില്ല. നിരവധി ഫ്ളൈറ്റുകള്‍ റദ്ദാക്കി. ചരക്ക് വിമാനത്താവളവും അടച്ചിട്ടു. 2005നുശേഷം ബല്‍ജിയത്തിലെ ആദ്യ പൊതുപണിമുടക്കാണിത്. മൂന്ന് യൂണിയനുകളും സംയുക്തമായി അണിനിരക്കുന്നത് ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം.

സര്‍ക്കാരിന്റെ ജനവിരുദ്ധ ചെലവുചുരുക്കല്‍ നയമാണ് തൊഴിലാളി യൂണിയനുകളെ ചൊടിപ്പിച്ചത്. പൊതുമേഖലയില്‍ ഈവര്‍ഷം 1500 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ പൊതുസേവനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും പെന്‍ഷന്‍ അടക്കമുള്ളവ പരിഷ്കരിക്കുകയും ചെയ്യുന്നത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ദുസ്സഹമാകും. ബഹുരാഷ്ട്ര കമ്പനികള്‍ക്കും സമ്പന്നര്‍ക്കും കൂടുതല്‍ നികുതി ചുമത്തുകയാണ് വേണ്ടതെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിനെയാകെ ഗ്രസിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള മാര്‍ഗം തേടിയാണ് ഇയു നേതാക്കള്‍ ബല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സമ്മേളിക്കുന്നത്. സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനും തൊഴിലവസരം സൃഷ്ടിക്കാനുമുള്ള വഴികള്‍ ഉച്ചകോടി ചര്‍ച്ചചെയ്യുമെന്ന് നേതാക്കള്‍ പറയുന്നു.

യൂറോ നാണ്യമായി ഉപയോഗിക്കുന്ന 17 ഇയു രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കുന്ന ബജറ്റ് ഉടമ്പടിക്ക് ഉച്ചകോടി അന്തിമരൂപം നല്‍കിയേക്കും. വളര്‍ച്ചയ്ക്കും തൊഴിലിനുമായി ഫ്രാന്‍സും ജര്‍മനിയും മുന്നോട്ടുവച്ച നിര്‍ദേശങ്ങളും പരിഗണിക്കും. ഇയു മേഖലയില്‍ 2.3 കോടി തൊഴില്‍രഹിതര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ സാമ്പത്തികസഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍ .

സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള നയരൂപീകരണം സംബന്ധിച്ച് ഇയുവില്‍ അഭിപ്രായഭിന്നത രൂക്ഷമായി തുടരുകയാണ്. ഗ്രീസിനുള്ള ഭാവി സഹായപദ്ധതികള്‍ക്ക് കടുത്ത ഉപാധികള്‍ മുന്നോട്ടുവയ്ക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടത് തര്‍ക്കം വഷളാക്കി. ഗ്രീസിലെ നികുതിചുമത്തലും ചെലവുചുരുക്കലും അടക്കമുള്ള സാമ്പത്തിക അച്ചടക്കനടപടികള്‍ ഇയു ബജറ്റ് കമീഷണറുടെ അന്തിമ അനുമതിക്ക് വിട്ടുകൊടുക്കണമെന്നാണ് ജര്‍മനിയുടെ നിര്‍ദേശം. തങ്ങളുടെ പരമാധികാരത്തില്‍ കൈകടത്തുന്നതാണ് ജര്‍മനിയുടെ പദ്ധതിയെന്ന് ഗ്രീസ് കുറ്റപ്പെടുത്തി. കടക്കെണിയില്‍ പിടിച്ചുനില്‍ക്കാന്‍ സ്വകാര്യ സാമ്പത്തികസ്ഥാപനങ്ങളുമായുള്ള ഗ്രീസിന്റെ ചര്‍ച്ചകളും വഴിമുട്ടിയിരിക്കുകയാണ്. സ്വകാര്യനിക്ഷേപകര്‍ ബോണ്ടുകളില്‍ 50 ശതമാനം നഷ്ടം സഹിക്കണമെന്നാണ് ഗ്രീക്ക് സര്‍ക്കാരിന്റെ ആവശ്യം. 2020 ഓടെ രാജ്യത്തിന്റെ കടം ജിഡിപിയുടെ 120 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രസല്‍സില്‍ ഉച്ചകോടി ആരംഭിക്കുന്നതിനു മുമ്പുതന്നെ യൂറോപ്യന്‍ ഓഹരിവിപണി ഇടിഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളിലും തിങ്കളാഴ്ച ഇടിവുണ്ടായി.

deshabhimani 310112

1 comment:

  1. >> 2005നുശേഷം ബല്‍ജിയത്തിലെ ആദ്യ പൊതുപണിമുടക്കാണിത്

    കഴിഞ്ഞ മാസം ക്രിസ്തുമസിനു രണ്ടു ദിവസം മുന്‍പ് ഇത് പോലൊരു പൊതു പണിമുടക്കുണ്ടായിരുന്നു: പെന്‍ഷന്‍ പ്രായം സംബന്ധിച്ച ചില പുതിയ നിയമങ്ങള്‍ക്കെതിരെ. അന്നും ഗതാഗതവും സര്‍ക്കാര്‍ ഓഫീസുകളും മൊത്തത്തില്‍ സ്തംഭിച്ചു തന്നെയിരുന്നു. മാര്‍ച്ച് ഒന്നാം തീയതി ഒരെണ്ണം കൂടി വരുന്നുണ്ടെന്നു കേട്ടു.

    ReplyDelete