Sunday, January 29, 2012

കൊല്ലം കാര്‍ഷികബാങ്കിലെ അഴിമതി നിയമനം റദ്ദാക്കി

കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളിലെ വിവാദനിയമനം സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ റദ്ദാക്കി. നിയമനങ്ങളില്‍ ഗുരതരമായ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഏഴുപേരുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനങ്ങളില്‍ അഴിമതി നടന്നതായി കാട്ടി നിരവധി പരാതികള്‍ സഹകരണവകുപ്പിനു ലഭിച്ചു. ഇവയെ അടിസ്ഥാനമാക്കി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തി. പരാതികളില്‍ ചൂണ്ടിക്കാട്ടിയ അഴിമതിയും ക്രമക്കേടും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ജനുവരി 20നാണ് നിയമനങ്ങള്‍ ജോയ്ന്റ് രജിസ്ട്രാര്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ ബാങ്ക് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ യുഡിഎഫ് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. അഴിമതി നിയമനത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിവരികയായിരുന്നു. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പുതുക്കിയ ക്ലാസിഫിക്കേഷന്‍ അനുസരിച്ച് ക്ലാസ് വണ്‍ ബാങ്കുകളില്‍ ഒരു അറ്റന്‍ഡര്‍ , മൂന്ന് പ്യൂണ്‍ ഉള്‍പ്പെടെ 29 ജീവനക്കാരെയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ 30നു കൊല്ലം കാര്‍ഷിക വികസനബാങ്ക് അധികൃതര്‍ നല്‍കിയ ജീവനക്കാരുടെ സീനിയോറിട്ടി പട്ടികയനുസരിച്ച് അറ്റന്‍ഡര്‍ തസ്തികയില്‍ ഒരാളും പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളില്‍ രണ്ടുപേരും ഉള്‍പ്പെടെ 26 ജീവനക്കാരുണ്ട്. എന്നാല്‍ ശാഖകളുള്ള കാര്‍ഷിക ബാങ്കുകളില്‍ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികളില്‍ മൂന്നുപേര്‍ ഉള്‍പ്പെടെ ആകെ 32 ജീവനക്കാരാകാം.

ക്ലാസിഫിക്കേഷനു മുന്നോടിയായി സമര്‍പ്പിച്ച ജീവനക്കാരുടെ പട്ടികയില്‍ കൊല്ലം കാര്‍ഷിക വികസനബാങ്കില്‍ അറ്റന്‍ഡര്‍ -പ്യൂണ്‍ തസ്തികകളില്‍ നിലവിലുള്ള മൂന്നുപേര്‍ക്കും ശാഖകളിലെ മൂന്നുപേര്‍ക്കും പുറമെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികയിലേക്കു പുതുതായി ഏഴുപേരെ നിയമിക്കുകയായിരുന്നു. ഇതു സഹകരണസംഘം രജിസ്ട്രാര്‍ അംഗീകരിച്ചുനല്‍കിയ സ്റ്റാഫ് പാറ്റേണിനും സഹകരണനിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല നിയമപ്രകാരം ആറു പ്യൂണ്‍ -അറ്റന്‍ഡര്‍ തസ്തികമാത്രം അനുവദനീയമായ ബാങ്കില്‍ പുതിയ നിയമനമായതോടെ ഇവരുടെ എണ്ണം പതിനാറായി. കാര്‍ഷിക വികസനബാങ്കുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ കൊല്ലം ബാങ്ക് വിഭജിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനുശേഷമാണ് പുതിയ നിയമനം നടത്തിയത്. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തിയെങ്കിലും അതില്‍നിന്നുള്ള അര്‍ഹര്‍ക്കു നിയമനം നിഷേധിച്ചു. തങ്ങള്‍ക്കിഷ്ടമുള്ളവരെ നിയമിക്കാന്‍ നേരത്തേതന്നെ പ്രത്യേക പട്ടിക ഭരണസമിതി തയ്യാറാക്കി. ഒരാളില്‍നിന്നു ഏഴുലക്ഷം രൂപവരെ വാങ്ങിയായിരുന്നു നിയമനം.

കൊല്ലം കാര്‍ഷികബാങ്ക് അഴിമതി നിയമനം; എടുക്കാത്ത തീരുമാനം പ്രസിഡന്റ് മിനിട്സില്‍ എഴുതിച്ചേര്‍ത്തു

കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളിലെ വിവാദനിയമനം നടത്തിയത് സഹകരണനിയമങ്ങള്‍ നഗ്നമായി ലംഘിച്ചാണെന്നു തെളിഞ്ഞു. നിയമനങ്ങള്‍ , ബൈലോ ഭേദഗതി തുടങ്ങി നയപരമായ സുപ്രധാനതീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഡയറക്ടര്‍ബോര്‍ഡ് യോഗങ്ങള്‍ ചേരുന്നതിനു ഏഴുദിവസം മുമ്പേ നോട്ടീസ് നല്‍കണമെന്നാണ് സഹകരണനിയമവും ചട്ടവും അനുശാസിക്കുന്നത്. ഈ വ്യവസ്ഥ കാറ്റില്‍പ്പറത്തിയായിരുന്നു കൊല്ലം ബാങ്കിലെ നിയമനം.

ഡിസംബര്‍ 31നു ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്റെ അറിയിപ്പ് തലേദിവസം പ്രസിഡന്റ് ചിതറ മധു ബോര്‍ഡ് അംഗങ്ങളെ ഫോണില്‍ അറിയിക്കുകയായിരുന്നു. മാത്രമല്ല, അന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ പ്യൂണ്‍ നിയമനം ഉള്‍പ്പെടുത്തിയിരുന്നുമില്ല. ബാങ്ക് വിഭജനം, നിലവില്‍ കൊല്ലത്തുള്ള ജീവനക്കാരെ കൊല്ലം, കൊട്ടാരക്കര ശാഖകളിലേക്ക് പുനര്‍വിന്യസിക്കുക എന്നീ അജണ്ടകളാണ് ഡിസംബര്‍ 31ന്റെ യോഗത്തിനു ഉള്‍പ്പെടുത്തിയിരുന്നത്. ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തു യോഗം പിരിഞ്ഞശേഷം ചിതറ മധു യോഗമിനിട്സില്‍ ഏഴുപേരെ നിയമിക്കാനുള്ള തീരുമാവനം എഴുതിച്ചേര്‍ക്കുകയായിരുന്നു. ഈ യോഗം നടന്നത് 2011 ഡിസംബര്‍ 31 ശനിയാഴ്ച. എടുക്കാത്ത തീരുമാനം മിനിട്സില്‍ എഴുതിച്ചേര്‍ത്തശേഷം അന്നുതന്നെ നിയമനം നല്‍കിയ ഏഴുപേരെയും പ്രസിഡന്റ് നേരിട്ടു ഫോണില്‍ വിളിച്ച് തൊട്ടടുത്ത പ്രവൃത്തിദിനമായ 2012 ജനുവരി രണ്ടിനു തിങ്കളാഴ്ച ബാങ്കില്‍ ചുമതലയേല്‍ക്കാന്‍ നിര്‍ദേശിച്ചു. സഹകരണനിയമപ്രകാരം ഇത്തരം ബാങ്കുകളില്‍ നിയമനം നല്‍കുന്നവരുടെ നിയമനഉത്തരവ് തപാലിലാണ് അയയ്ക്കേണ്ടത്. അവര്‍ക്കു ചുതമലയേല്‍ക്കാന്‍ കുറഞ്ഞത് 15 ദിവസത്തെ സാവകാശം നല്‍കണം. ഇവിടെ ഈ വ്യവസ്ഥകളൊന്നും പാലിച്ചില്ല. കോണ്‍ഗ്രസ് നേതാവ് സഹകരണമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ പാര്‍ടിയുടെ ജില്ലാനേതാവ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ലക്ഷങ്ങള്‍ വാങ്ങി അനധികൃതനിയമനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിയത്.

കാര്‍ഷിക വികസനബാങ്കുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാന്‍ കൊല്ലം ബാങ്ക് വിഭജിക്കാന്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിനു ചേര്‍ന്ന ബാങ്കിന്റെ വിശേഷാല്‍ പൊതുയോഗം തീരുമാനിച്ചു. അന്നത്തെ യോഗം കൊല്ലം കാര്‍ഷിക വികസനബാങ്കിന്റെ ആസ്തിബാധ്യതകളും വിഭജിച്ചു. ഇതനുസരിച്ച് കൊട്ടാരക്കര കാര്‍ഷികബാങ്കിനു 75 കോടിയുടെയും കൊല്ലം ബാങ്കിനു 34 കോടിയുടെയും ആസ്തിബാധ്യതകളാണ് തീരുമാനിച്ചത്. നിലവിലുള്ള ജീവനക്കാരില്‍ കൊല്ലത്തിനു 18 പേരെയും കൊട്ടാരക്കരയ്ക്ക് 21 പേരെയും നിശ്ചയിച്ചു. പിന്നീട് മിനിട്സില്‍ ഇതു തിരിച്ചാണ് എഴുതിച്ചേര്‍ത്തത്-കൊല്ലത്തിനു 21ഉം കൊട്ടാരക്കരയ്ക്ക് 18ഉം പേര്‍ . കൂടാതെ ഡിസംബര്‍ ഏഴിന്റെ വിശേഷാല്‍ പൊതുയോഗം പ്യൂണ്‍ തസ്തികയിലേക്കു പുതുതായി ഏഴുപേരെ നിയമിക്കാന്‍ അനുമതി നല്‍കി എന്നും എഴുതിച്ചേര്‍ത്തു. ഇതുചെയ്തതും പ്രസിഡന്റുതന്നെ. ഇത് പിന്നീട് ജോയ്ന്റ് രജിസ്ട്രാറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ജോയ്ന്റ് രജിസ്ട്രാര്‍ അംഗീകരിച്ചില്ല. ഇതിനുശേഷമാണ് ഡിസംബര്‍ 31നു ചേര്‍ന്ന ബോര്‍ഡ് യോഗം എടുക്കാത്ത നിയമനതീരുമാനം മിനിട്സില്‍ എഴുതിച്ചേര്‍ത്ത് ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തിയത്. ഒരാളില്‍നിന്നു ഏഴുലക്ഷം രൂപവരെ വാങ്ങിയായിരുന്നു നിയമനം. അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ ഈ ക്രമക്കേടുകള്‍ ശരിവച്ചു. ഇതേതുടര്‍ന്നാണ് അഴിമതി നിയമനം റദ്ദാക്കി ജോയ്ന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.
(എം സുരേന്ദ്രന്‍)

ഹൈക്കോടതിയില്‍ പോയതും നിയമം ലംഘിച്ച്

കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കിയ സഹകരണ ജോയ്ന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെ ബാങ്ക് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചതും നിയമവിരുദ്ധമായാണെന്നു തെളിഞ്ഞു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ കോതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ അതിനെതിരെ കോടതിയില്‍ പോകാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കണം. ഇങ്ങനെ ചേരുന്ന യോഗം കോടതിയില്‍ പോകാന്‍ ബാങ്ക് പ്രസിഡന്റിനെയും സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനമെടുക്കണം. ഈ തീരുമാനം മിനിട്സില്‍ ഉള്‍പ്പെടുത്തി ഇരുവരും ഒപ്പുവയ്ക്കണം. കൂടാതെ രണ്ടു ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ സാക്ഷികളായും ഒപ്പിടണം. ഈ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ജോയ്ന്റ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു.

deshabhimani 28-290112

1 comment:

  1. കൊല്ലം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ പ്യൂണ്‍ -വാച്ച്മാന്‍ തസ്തികകളിലെ വിവാദനിയമനം സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ റദ്ദാക്കി. നിയമനങ്ങളില്‍ ഗുരതരമായ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഏഴുപേരുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനങ്ങളില്‍ അഴിമതി നടന്നതായി കാട്ടി നിരവധി പരാതികള്‍ സഹകരണവകുപ്പിനു ലഭിച്ചു. ഇവയെ അടിസ്ഥാനമാക്കി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ അന്വേഷണം നടത്തി. പരാതികളില്‍ ചൂണ്ടിക്കാട്ടിയ അഴിമതിയും ക്രമക്കേടും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ജനുവരി 20നാണ് നിയമനങ്ങള്‍ ജോയ്ന്റ് രജിസ്ട്രാര്‍ റദ്ദാക്കി ഉത്തരവിറക്കിയത്. ഉത്തരവിനെതിരെ ബാങ്ക് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

    ReplyDelete