Sunday, January 29, 2012

ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദോഷകരം: ഐ എം എഫ്

ദോഹ ചര്‍ച്ചകള്‍ നിരാശാജനകം: ഇബ്‌സ

ദാവോസ്: അന്താരാഷ്ട്ര വ്യാപാര ഉടമ്പടി രൂപപ്പെടുത്തുന്നതിനായി ലോകവ്യാപാരസംഘടന ദോഹയില്‍ നടത്തിയ ചര്‍ച്ചകള്‍ നിരാശാജനകമായിരുന്നുവെന്ന് ഇന്ത്യ, ബ്രസീല്‍ ദക്ഷിണാഫ്രിക്ക സഖ്യം (ഇബ്‌സ) അഭിപ്രായപ്പെട്ടു.

ഊരാക്കുടുക്കായി  മാറുന്ന തരത്തിലുളള നിര്‍ദേശങ്ങളാണ് ചര്‍ച്ചകളില്‍ ഉണ്ടായതെന്ന് ഈ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ലോകത്ത് നിലവിലുളള സാമ്പത്തിക സ്ഥിതിക്ക് അനുഗുണമല്ലാത്ത രീതിയിലുളള ചര്‍ച്ചകളാണുണ്ടായത്.

സാമ്പത്തികമാന്ദ്യം ഉണ്ടായി  നാലുവര്‍ഷം പിന്നിട്ടിട്ടും ലോക സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ തുടരുകയാണ്. വ്യാപാരം ചില രാജ്യങ്ങളുടെ മാത്രം കുത്തകയാകാതെ ബഹു കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് മാറേണ്ടതുണ്ടെന്ന് ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു.

ലോകസാമ്പത്തികഫോറത്തിനു മുന്നോടിയായാണ് ഇബ്‌സയുടെ അടിയന്തിരയോഗം ചേര്‍ന്നത്. വികസ്വരരാജ്യങ്ങള്‍ കാര്‍ഷികമേഖലയിലുള്‍പ്പെടെ സബ്‌സിഡി നല്‍കുന്നത് വെട്ടിക്കുറയ്ക്കാനാകില്ലെന്ന് യോഗം വിലയിരുത്തി. ലോകവ്യാപാരസംഘടന ഡയറക്ടര്‍ ജനറല്‍ പാസ്‌കല്‍ ലാമി ഉള്‍പ്പെടെയുളളവരുമായി സംഘം ചര്‍ച്ച നടത്തി.
ആനന്ദ് ശര്‍മയ്ക്ക് പുറമേ ബ്രസീല്‍ വിദേശമന്ത്രി അന്റോണിയോ പാട്രിയോട്ട ദക്ഷിണാഫ്രിക്കന്‍ വിദേശമന്ത്രി റോബ് ഡാവിസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നത് ദോഷകരം: ഐ എം എഫ്

ദാവോസ്: നിലവിലുളള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റ് വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് അന്താരാഷ്ട്ര നാണ്യനിധി.
അശാസ്ത്രീയമായ രീതിയിലുളള ചെലവു കുറയ്ക്കല്‍ ഓരോ രാജ്യത്തിന്റേയും പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ ഐ എം എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദെ അഭിപ്രായപ്പെട്ടു.

സേവനവേതന വ്യവസ്ഥകള്‍ ഓരോ രാജ്യത്തിന്റേയും സാമ്പത്തിക വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ വരുത്തുന്ന വെട്ടിക്കുറവ് സമൂഹത്തില്‍ അസംതൃപ്തിയ്ക്ക് വഴിതെളിക്കും.

രാജ്യത്തിന്റെ പൊതുകടത്തില്‍ കുറവ് വരുത്താന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഐ എം എഫ് ചെയ്യുന്നത്. എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചയെ ഇത് ദോഷകരമായി ബാധിക്കുമെന്ന് വലിയൊരു വിഭാഗം ആശങ്കപ്പെടുന്നതായി ലഗാര്‍ദെ അഭിപ്രായപ്പെട്ടു.

 ലോകസാമ്പത്തിക ഫോറത്തില്‍ ചര്‍ച്ചകള്‍ മൂന്നുദിനം പിന്നിടുമ്പോഴും യൂറോസോണിലെ സാമ്പത്തിക തകര്‍ച്ച തന്നെയായിരുന്നു പ്രധാന വിഷയം. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷനേടാന്‍ ചില രാജ്യങ്ങള്‍ വേഗതയില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പിന്നോക്കമാണ്. ഇത്തരം രാജ്യങ്ങളെ സഹായിക്കാന്‍ ഐ എം എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ലഗാര്‍ദെ പറഞ്ഞു.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അമേരിക്കന്‍ ട്രഷറി സെക്രട്ടറി തിമോത്തി ഗെയ്ത്‌നര്‍ അഭിപ്രായപ്പെട്ടു.  സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട രാജ്യങ്ങളെ സഹായിക്കുന്നതിന് കൂടുതല്‍ തുക കണ്ടെത്തുന്നതിനുളള നടപടികള്‍ക്ക് ഐ എം എഫ് തുടക്കമിടുമെന്ന് ലഗാര്‍ദെ പറഞ്ഞു.

janayugom 290112

1 comment:

  1. നിലവിലുളള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബജറ്റ് വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് അന്താരാഷ്ട്ര നാണ്യനിധി.
    അശാസ്ത്രീയമായ രീതിയിലുളള ചെലവു കുറയ്ക്കല്‍ ഓരോ രാജ്യത്തിന്റേയും പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേ ഐ എം എഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദെ അഭിപ്രായപ്പെട്ടു.

    ReplyDelete