Tuesday, January 31, 2012

ത്രിപുര പ്രതിനിധിസമ്മേളനം തുടങ്ങി

രാജ്യത്തെ നശിപ്പിക്കുന്ന നവഉദാര നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനുമെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തിന് കൂടുതല്‍ ഊര്‍ജം പകരുന്ന വിജയം ത്രിപുരയില്‍ ഉണ്ടാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്- സിപിഐ എം ത്രിപുര സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശാന്തിയും സൗഹാര്‍ദ അന്തരീക്ഷവും നിലനിര്‍ത്താനും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വര്‍ഗശത്രുക്കള്‍ മുന്നണിക്കും സര്‍ക്കാരിനുമെതിരെ നടത്തുന്ന ഗൂഢാലോചനകള്‍ കണ്ടറിഞ്ഞ് ചെറുത്തു പരാജയപ്പെടുത്താനും സിപിഐ എമ്മിന്റെ ബഹുജനാടിത്തറ വിപുലമാക്കി കൂടുതല്‍ ജനവിഭാഗങ്ങളിലേക്കെത്താനും ആവശ്യമായ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കും. കോണ്‍ഗ്രസ് വിഘടനവാദ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് ഇടതുമുന്നണി സര്‍ക്കാരിനെതിരെ നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരാതി കേട്ട് പരിഹരിക്കാനും കൂടുതല്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. ചൊവ്വാഴ്ചയും ചര്‍ച്ച തുടരും.

നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക് മൂന്നിലൊരു ഭാഗം സീറ്റ് സംവരണം ചെയ്യാനുള്ള ബില്‍ ഉടന്‍ പാസാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഖഗന്‍ദാസ്, അനില്‍ സര്‍ക്കാര്‍ , രമാദാസ്, സിദ്ദിഖുര്‍ റഹ്മാന്‍ , രഞ്ജിത് ദേബ്ബര്‍മ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനനടപടി നിയന്ത്രിക്കുന്നത്. പ്രകാശ് കാരാട്ടിനു പുറമേ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗം നൂറുള്‍ ഹുദ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം ബുധനാഴ്ച സമാപിക്കും.
(വി ജയിന്)

സംസ്ഥാനത്ത് സിപിഐ എം അംഗങ്ങളില്‍ നാലിലൊന്ന് സ്ത്രീകള്‍

അഗര്‍ത്തല: ത്രിപുരയിലെ 77,915 സിപിഐ എം അംഗങ്ങളില്‍ നാലിലൊന്നിലധികം സ്ത്രീകള്‍ . പാര്‍ടി സംസ്ഥാന സമ്മേളനത്തില്‍ സെക്രട്ടറി ബിജന്‍ ധര്‍ അവതരിപ്പിച്ച രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ വിവരം. 25.22 ശതമാനം അംഗങ്ങളാണ് സ്ത്രീകള്‍ . 34.33 ശതമാനം ആദിവാസികളാണ്. അംഗങ്ങളില്‍ 69.01 ശതമാനം 25 വയസ്സിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ്. 51 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ 20.96 ശതമാനവും 70 വയസ്സിനു മുകളിലുള്ളവര്‍ 2.46 ശതമാനവുമാണ്. 25 വയസ്സുവരെ പ്രായമുള്ളവര്‍ 7.56 ശതമാനം. 1998നുശേഷം പാര്‍ടിയില്‍ ചേര്‍ന്നവരാണ് അംഗങ്ങളില്‍ 71.17 ശതമാനവും- 47,813 പേര്‍ . 1964ല്‍ സിപിഐ എം രൂപീകരണത്തിനുശേഷം 1976 വരെയുള്ള സമയത്ത് 590 പേരാണ് പാര്‍ടിയില്‍ ചേര്‍ന്നത്. 1947നും 63നുമിടയില്‍ ചേര്‍ന്ന 79 പേരും 1947നുമുമ്പ് ചേര്‍ന്ന മൂന്നു പേരും അംഗത്വത്തിലുണ്ട്. പാര്‍ടി അംഗങ്ങളില്‍ തൊഴിലാളികള്‍ 24.35 ശതമാനമാണ്. ഭൂരഹിതര്‍ 27.09 ശതമാനം. ദരിദ്രകര്‍ഷകര്‍ 25.57 ശതമാനം. ഇടത്തരം കര്‍ഷകര്‍ 4.34 ശതമാനവും ധനിക കര്‍ഷകര്‍ 0.28 ശതമാനവുമാണ്. അംഗസംഖ്യയിലെ വളര്‍ച്ചനിരക്ക് 3.26 ശതമാനമാണ്. 2011ലെ സെന്‍സസ് അനുസരിച്ച് 36,71,032 ആണ് സംസ്ഥാനത്തെ ജനസംഖ്യ. വര്‍ഗ ബഹുജന സംഘടനകളില്‍ അംഗസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ജനാധിപത്യ മഹിളാ അസോസിയേഷനാണ്. 5,76,796. ഡിവൈഎഫ്ഐയില്‍ 5,20,651 അംഗങ്ങളും അഖിലേന്ത്യാ കിസാന്‍സഭയില്‍ 3,17,800 അംഗങ്ങളുമുണ്ട്. കര്‍ഷകത്തൊഴിലാളി യൂണിയനില്‍ 2,02,812 പേരാണ് അംഗങ്ങള്‍ . സിഐടിയുവില്‍ 1,72,000 പേരും എസ്എഫ്ഐയില്‍ 1,13,237 പേരും അംഗങ്ങളാണ്. പാര്‍ടി മുഖപത്രമായ "ദേശേര്‍ കൊഥ"യുടെ പ്രചാരം 36,422 ആണ്.

deshabhimani 310112

2 comments:

  1. രാജ്യത്തെ നശിപ്പിക്കുന്ന നവഉദാര നയങ്ങള്‍ക്കും സാമ്രാജ്യത്വത്തിനുമെതിരെ ഇടതുപക്ഷം നടത്തുന്ന പോരാട്ടത്തിന് കൂടുതല്‍ ഊര്‍ജം പകരുന്ന വിജയം ത്രിപുരയില്‍ ഉണ്ടാകണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്- സിപിഐ എം ത്രിപുര സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കാരാട്ട് പറഞ്ഞു.

    ReplyDelete
  2. സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനുമെതിരെയുള്ള ശക്തമായ സമരം വളര്‍ത്തിയെടുക്കുന്നതിലൂടെമാത്രമേ ഇന്ത്യന്‍ തൊഴിലാളിവര്‍ഗ ഐക്യം ഊട്ടിയുറപ്പിക്കാനും വിപുലമാക്കാനും കഴിയൂവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം ത്രിപുര സംസ്ഥാന സമ്മേളനത്തെ അഭിവാദ്യംചെയ്യുകയായിരുന്നു അദ്ദേഹം. ജാതീയവും വംശീയവുമായ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നവര്‍ , ആദിവാസികള്‍ , ന്യൂനപക്ഷങ്ങള്‍ , സ്ത്രീകള്‍ എന്നിവരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തു മാത്രമേ സിപിഐ എമ്മിന്റെ ബഹുജനാടിത്തറ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയൂ. സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തണം. അസംഘടിത തൊഴിലാളികളെയും സമരമുന്നണിയില്‍ കോര്‍ത്തിണക്കണം. കര്‍ഷക-തൊഴിലാളി ഐക്യം ശക്തമാക്കണം. ഏതെങ്കിലും രാജ്യത്തിന്റെ വിപ്ലവപാതയുടെ അനുകരണമല്ല ഇന്ത്യന്‍ വിപ്ലവപാത. ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ നിന്നുകൊണ്ടുള്ളതാണ് സിപിഐ എമ്മിന്റെ വിപ്ലവപാത. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെയും റിവിഷനിസ്റ്റ്, ഇടതുതീവ്രവാദ നയങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് സിപിഐ എം രൂപീകൃതമായതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

    ReplyDelete