Monday, January 30, 2012

കൊച്ചി-ബാംഗ്ലൂര്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിഅനുമതി നിഷേധിച്ചു

കൊച്ചി-ബാംഗ്ലൂര്‍ പ്രകൃതി വാതക(എല്‍ എന്‍ ജി) പൈപ്പ് ലൈനിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെച്ചൊല്ലി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. പൈപ്പ്‌ലൈന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി ജി സി ചതുര്‍വേദി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ തീരുമാനം.

പൈപ്പ് വഴി പുതുവൈപ്പിനിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്ന് മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും പ്രകൃതി വാതകം എത്തിക്കുന്നതാണ് പദ്ധതി. കൊച്ചി-ബാംഗ്ലൂര്‍-മംഗലാപുരം പൈപ്പ്‌ലൈനിന് 1168 കി.മീറ്റര്‍ നീളമാണ് കണക്കാക്കിയിരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ 15 ജില്ലകളില്‍കൂടി കടന്നുപോകുന്ന പദ്ധതിക്ക് 3263 കോടിയാണ് ചെലവ് കണക്കാക്കിയിരുന്നത്.

ഒക്‌ടോബറോടെ പൂര്‍ണസജ്ജമാകുന്ന എല്‍എന്‍ജി ടെര്‍മിനലിന് 2.5 മില്യണ്‍ മെട്രിക്ടണ്‍ ശേഷിയുണ്ട്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും ഓസ്‌ട്രേലിയയിലെ ഗോര്‍ഗോണ്‍ പദ്ധതിയുമായുള്ള കരാര്‍പ്രകാരം 2015ഓടെ അവിടെനിന്നും പ്രകൃതിവാതകം ലഭിച്ചുതുടങ്ങും. പാചകവാതകം പൈപ്പ്‌ലൈന്‍വഴി വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും എല്‍എന്‍ജി അധികൃതര്‍ വിഭാവനംചെയ്തിരുന്നു.

പാലക്കാട് ജില്ലയിലെ കൂറ്റനാട് നിന്നാണ് പൈപ്പ് ലൈനുകള്‍ ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും തിരിയുന്നത്. കൊച്ചി എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാതകം എത്തിക്കുന്നതില്‍ നിലവില്‍ പ്രതിഷേധം നേരിടുന്നുണ്ട്. കൊച്ചിയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം കായംകുളത്തേക്കുള്ള എല്‍ എന്‍ ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് നിലവില്‍ ശക്തമായ പ്രതിഷേധം നേരിടുന്നത്.

വ്യാവസായിക-ഗാര്‍ഹിക ഉപയോഗത്തിനും വികസനത്തിനും ഏറെ സഹായകമാകുന്നതും പ്രകൃതിക്ക് അനുകൂലമായതുമാണ് എല്‍ എന്‍ ജി എങ്കിലും പൈപ്പ് ലൈനുകള്‍ വഴി ഇവ കൊണ്ടുപോകുന്നതിലെ വര്‍ദ്ധിച്ച അപകട സാദ്ധ്യതകളാണ് എതിര്‍പ്പ് ശക്തമാകാന്‍ കാരണം. അമേരിക്കയില്‍ പോലും അപകട സാദ്ധ്യത മുന്നില്‍കണ്ടുള്ള തീരദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ ഇത്തരം പദ്ധതികള്‍ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനത്ത് പൈപ്പ് ലൈനുകള്‍ വഴി എല്‍ എന്‍ ജി വിതരണ ശൃംഘല സ്ഥാപിക്കുന്നതിലെ അപകട സാദ്ധ്യതകളെ കുറിച്ചും ഉപയോഗപ്പെടുത്തേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ചും വ്യക്തമായ പഠനം നടത്താതെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതും പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പെട്രോനെറ്റ് കമ്പനിയാണ് കൊച്ചി പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് വാതകം വിതരണം ചെയ്യുക.

janayugom 300112

1 comment:

  1. കൊച്ചി-ബാംഗ്ലൂര്‍ പ്രകൃതി വാതക(എല്‍ എന്‍ ജി) പൈപ്പ് ലൈനിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പാലക്കാട് ജില്ലയിലെ കൂറ്റനാട് വനമേഖലയെച്ചൊല്ലി കേസുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. പൈപ്പ്‌ലൈന്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി ജി സി ചതുര്‍വേദി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ തീരുമാനം.

    ReplyDelete