Monday, January 30, 2012

ഭക്ഷ്യസുരക്ഷാ ബില്ലിനു പിന്നില്‍ കേന്ദ്രത്തിന് രഹസ്യ അജണ്ട: ആനിരാജ

ജനാഭിപ്രായം കേള്‍ക്കാതെ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ബില്ലില്‍ നിരവധി ന്യൂനതകളുണ്ട്. നിലവിലുള്ള രൂപത്തില്‍ ബില്‍ നടപ്പാക്കുക വഴി കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് കുടുംബത്തിലെ സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുകയും മറുഭാഗത്ത് റേഷന്‍ സംവിധാനം തന്നെ നിര്‍ത്തലാക്കുകയും ചെയ്യുന്ന ചതിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്ത്രീകളുടെ വോട്ടു ലക്ഷ്യമിട്ട് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആനിരാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് നല്‍കുക, പ്രസവാനുകൂല്യമായി 1000 രൂപ നല്‍കുക, കുടിയേറ്റ തൊഴിലാളികളെ കൂടി ബില്ലിന്റെ ഗുണഭോക്താക്കളാക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്ത് ഭക്ഷ്യ അരക്ഷയാകും ബില്‍ നടപ്പാക്കുന്നതുവഴി ഉണ്ടാകുക. നിലവിലുള്ള ബില്ലില്‍ നിരവധി പ്രതിലോമകരമായ വ്യവസ്ഥകളാണുള്ളത്. എല്ലാ അധികാരങ്ങളും കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നതാണ് പ്രധാന ന്യൂനത. ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരവും അവ ആര്‍ക്കൊക്കെ നല്‍കണമെന്നതും തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന വ്യവസ്ഥയാണിത്.

ഭക്ഷ്യ സാധനങ്ങളുടെ വില സംബന്ധിച്ച് ബില്ലിന്റെ പ്രധാന ഭാഗത്ത് പറയാതെ ഷെഡ്യൂള്‍ ഒന്നിലാണ് പ്രതിപാദിക്കുന്നത്. അതായത് ക്യാബിനറ്റിന് എപ്പോള്‍ വേണമെങ്കിലും ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കഴിയും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ലക്ഷ്യമിടുന്നതിന് പകരം ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ബില്‍ നടപ്പാക്കുന്നത്. മുന്‍ഗണനാ വിഭാഗത്തെയും പൊതുവിഭാഗത്തെയും നിശ്ചയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. റേഷന്‍ കടകളിലെ ക്രയശേഷിയെക്കുറിച്ച് ബില്ല് മൗനം പാലിക്കുന്നു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ അനുസ്യൂതമായി ലഭ്യത ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും വ്യക്തതയില്ല. ബില്ലിലെ ഏറ്റവും ഭീകരമായ വ്യവസ്ഥ റേഷന്‍ കടകളിലൂടെയുള്ള പണത്തിന്റെ കൈമാറ്റമാണ്. ഇത് നടപ്പാക്കുന്നത് റേഷന്‍ സംവിധാനത്തിന്റെ തകര്‍ച്ചക്കും ഭക്ഷ്യ പ്രതിസന്ധിക്കും കാരണമാകും. പണമോ, റേഷനോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം ജനങ്ങളും പണം തിരഞ്ഞെടുക്കും. ഇത് പൊതുവിതരണ സമ്പ്രദായം ഘട്ടംഘട്ടമായി ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് നയിക്കും.

എത്രയും വേഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുജനാഭിപ്രായം അറിയാന്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം റേഷന്‍ സംവിധാനം ശക്തിപ്പെടുത്തുകയും സാര്‍വത്രികമാക്കുകയുമാണ് വേണ്ടത്. റേഷന്‍ സംവിധാനം ജനങ്ങളില്‍ എത്തുന്നില്ലെന്നും നിരവധി ഭക്ഷ്യധാന്യങ്ങള്‍ പാഴായി പോകുന്നുവെന്നുമാണ് കേന്ദ്രമന്ത്രി കെ വി തോമസ് പറയുന്നത്. എന്നാല്‍ വിലക്കയറ്റത്താല്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത് നിലവിലുള്ള പൊതുവിതരണ സംവിധാനമാണ്. സുതാര്യമായ രീതിയില്‍ പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും ആനിരാജ പറഞ്ഞു.

തൊഴിലവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമെതിരെ എസ്മ പ്രയോഗിക്കണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കേരള മഹിളാ സംഘം വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു.
നഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും സമരത്തിലേക്ക് തള്ളിവിടുന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരെയാണ് എസ്മ പ്രയോഗിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

janayugom 300112

1 comment:

  1. ജനാഭിപ്രായം കേള്‍ക്കാതെ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ബില്ലില്‍ നിരവധി ന്യൂനതകളുണ്ട്. നിലവിലുള്ള രൂപത്തില്‍ ബില്‍ നടപ്പാക്കുക വഴി കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഒരു ഭാഗത്ത് കുടുംബത്തിലെ സ്ത്രീയുടെ പേരില്‍ റേഷന്‍ കാര്‍ഡ് അനുവദിക്കുകയും മറുഭാഗത്ത് റേഷന്‍ സംവിധാനം തന്നെ നിര്‍ത്തലാക്കുകയും ചെയ്യുന്ന ചതിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്ത്രീകളുടെ വോട്ടു ലക്ഷ്യമിട്ട് ജനങ്ങളെയാകെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആനിരാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete