Monday, January 30, 2012

റോഡ് സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ സംഘടനകളെയും ജനങ്ങളെയും ഏകോപിപ്പിച്ച് റോഡ് സുരക്ഷ രംഗത്ത് സംസ്ഥാനത്തെ പഞ്ചായത്തുകളെ ശക്തിപ്പെടുത്താനായി നാറ്റ്പാക് പദ്ധതി ആവിഷ്‌കരിക്കുന്നു. സേഫ് കമ്മ്യൂണിറ്റി പ്രോഗ്രാം ഫോര്‍ പഞ്ചായത്ത്‌സ് എന്ന് പേരിട്ടിരിക്കുന്ന റോഡ് സുരക്ഷ പദ്ധതി റോഡ് അപകടങ്ങള്‍ കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ്.

 കേരളത്തെ 2020 ഓടെ റോഡപകടവിമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനായി നാറ്റ്പാക്ക് ആവിഷ്‌കരിച്ച സീറോ ആക്‌സിഡന്റ് പദ്ധതിയുടെ ഭാഗമാണ് പൂതിയ റോഡ് സുരക്ഷ പദ്ധതി
അപകടത്തില്‍പ്പെടുന്നവര്‍ക്ക് വൈദ്യ ശുശ്രൂഷ നല്‍കുക, അപകടങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രമായ അപകട നിയന്ത്രണ സംവിധാനം രൂപീകരിക്കാന്‍ പദ്ധതി ആവശ്യപ്പെടുന്നു.

ഇത് പ്രാവര്‍ത്തികമാക്കാന്‍ നിയമ രംഗത്തെയും, ആരോഗ്യ രംഗത്തെയും വിദ്യാഭ്യാസ മേഖലയിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനുള്ള നിര്‍ദ്ദേവും പദ്ധതി മുന്നോട്ട് വയ്ക്കുന്നു.

സംസ്ഥാനത്തെ റോഡുകളുടെ സിംഹഭാഗവും പഞ്ചായത്തുകളിലാണ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത്‌റോഡുകളില്‍ അധികവും ടാറിംഗ് ഇളകി കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്.
റോഡുകളുടെ ഈ മോശാവസ്ഥ സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. റോഡ് സുരക്ഷ പദ്ധതി പ്രകാരം അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി അവയെ സുരക്ഷിത മേഖലയാക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കുണ്ടായിരിക്കും.
 ഇതിനായി റോഡ് സുരക്ഷ, വേഗത നിയന്ത്രണം, കാല്‍ നടക്കാരുടെ സുരക്ഷ, റെയില്‍വേ ക്രോസുകള്‍ സുരക്ഷിതനായി മുറിച്ച് കടക്കുക, അടിയന്തര വൈദ്യ സഹായം, മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുക, അപകടത്തില്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കുക തുടങ്ങിയവ കര്‍ശനമായി നടപ്പില്‍ വരുത്താന്‍ പദ്ധതി ആവശ്യപ്പെടുന്നു.  .
നാറ്റ്പാക് ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കായിരിക്കും.

പദ്ധതി നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ തുക സംസ്ഥാനത്തില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും വിവിധ ഏജന്‍സികളില്‍നിന്നും പഞ്ചായത്തുകള്‍ കണ്ടെത്തണം.
നാറ്റ്പാക്കില്‍നിന്നും പഞ്ചായത്തുകള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും ലഭിക്കും.

പഞ്ചായത്തുകളെ ഗതാഗത സുരക്ഷിത മേഖലയാക്കി മാറ്റുകയാണ് പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് നാറ്റ്പാക് ഗതാഗത സുരക്ഷ വിഭാഗം തലവന്‍ മഹേഷ് ചന്ദ് അഭിപ്രായപ്പെട്ടു.

 janayugom 300112

1 comment:

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും വിവിധ സംഘടനകളെയും ജനങ്ങളെയും ഏകോപിപ്പിച്ച് റോഡ് സുരക്ഷ രംഗത്ത് സംസ്ഥാനത്തെ പഞ്ചായത്തുകളെ ശക്തിപ്പെടുത്താനായി നാറ്റ്പാക് പദ്ധതി ആവിഷ്‌കരിക്കുന്നു. സേഫ് കമ്മ്യൂണിറ്റി പ്രോഗ്രാം ഫോര്‍ പഞ്ചായത്ത്‌സ് എന്ന് പേരിട്ടിരിക്കുന്ന റോഡ് സുരക്ഷ പദ്ധതി റോഡ് അപകടങ്ങള്‍ കുറച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ്.

    ReplyDelete