Thursday, April 26, 2012

ഇന്ത്യ-പാക് ആണവ യുദ്ധമുണ്ടായാല്‍ 100 കോടി പേര്‍ക്ക് പട്ടിണിമരണം


ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവ യുദ്ധമുണ്ടായാല്‍ ലോകത്താകെ 100 കോടിയിലധികമാളുകള്‍ പട്ടിണിമൂലം മരിക്കുമെന്ന് പഠനം. മനുഷ്യവംശത്തിന്റെ നാശത്തിന് ഇതിടയാക്കില്ലെങ്കിലും ആധുനിക നാഗരികതയ്ക്ക് അന്ത്യം കുറിക്കുമെന്ന് ആണവയുദ്ധം തടയുന്നതിന് പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരന്മാരുടെ അന്താരാഷ്ട്ര സംഘടനയായ ഐപിപിഎന്‍ഡബ്ല്യു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യ-പാക് ആണവ സംഘര്‍ഷം മേഖലയില്‍ ഒതുങ്ങിയാല്‍ പോലും ലോകവ്യാപകമായി കാലാവസ്ഥാ കുഴപ്പത്തിനിടയാക്കുകയും അത് അമേരിക്കയിലും ചൈനയിലും മറ്റുരാജ്യങ്ങളിലും ഭക്ഷ്യോല്‍പ്പാദനം ഇടിയുന്നതിന് കാരണമാവുകയും ചെയ്യും. അമേരിക്കയില്‍ ചോളത്തിന്റെ ഉല്‍പ്പാദനം അടുത്ത ഒരു പതിറ്റാണ്ടില്‍ 10 ശതമാനം ഇടിയും. ഇടിവ് ഏറ്റവും രൂക്ഷമാവുക യുദ്ധത്തിന്റെ അഞ്ചാം വര്‍ഷത്തിലായിരിക്കും; 20 ശതമാനം. സോയബീന്‍ ഉല്‍പ്പാദനം ഏഴുശതമാനം ഇടിയും. ചൈനയില്‍ ഇടക്കാല അരി വിളവ് ആദ്യ നാല് വര്‍ഷം 21 ശതമാനം ഇടിയും. പിന്നെയുള്ള ആറ് വര്‍ഷം 10 ശതമാനത്തിലധികം കുറയും. ഇത്ര നീണ്ടകാലം ഭക്ഷ്യോല്‍പ്പാദനം ഇടിയുന്നത് പരിഭ്രാന്തിക്കും പൂഴ്ത്തിവയ്പിനും ഇടയാക്കും. 21.5 കോടിയാളുകള്‍കൂടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ പട്ടികയിലാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൈവായുധങ്ങളും രാസായുധങ്ങളും നിരോധിച്ചിട്ടും ആണവായുധങ്ങള്‍ നിരോധിക്കാത്തത് സ്ഥാപിത താല്‍പ്പര്യങ്ങള്‍മൂലമാണെന്ന് നിരായുധീകരണ കാര്യത്തില്‍ യുഎന്നിന്റെ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന നയതന്ത്രജ്ഞന്‍ ജയന്ത ധനപാല തുറന്നടിച്ചു. ഒമ്പത് രാജ്യങ്ങള്‍ക്കായി 20530 ആണവായുധങ്ങള്‍ നിലവിലുണ്ടെന്നും ഇവ നിലനില്‍ക്കുവോളം ഭീകരരടക്കം മറ്റുള്ളവരും ഇതിനാഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ ജനതകളുടെ കൂട്ടായ്മ വേണം"

ന്യൂഡല്‍ഹി: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്ക് തടസ്സമില്ലാതെ പരസ്പരം കാണാനും ആശയവിനിമയം നടത്താനുമുള്ള അവസരമൊരുക്കണമെന്ന് ബംഗ്ലാദേശ്-ഭാരത്-പാകിസ്ഥാന്‍ പീപ്പിള്‍സ് ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഒരേ സംസ്കാരവും ഒരേ ഭൂതകാലവും സ്വന്തമായുള്ള മൂന്ന് രാഷ്ട്രങ്ങളിലെയും ദേശീയ വീരനായകരും പൊതുവായുള്ളതാണ്. സാധാരണജനങ്ങള്‍ക്ക് പരസ്പരം കാണാന്‍ വിസ നടപടി ലഘൂകരിക്കണം. സാര്‍ക്ക് രാജ്യങ്ങളിലെ കൂട്ടായ്മകളില്‍ കാര്യപരിപാടികള്‍ നിശ്ചയിക്കുന്നതില്‍ ജനങ്ങള്‍ക്ക് പങ്കില്ല. ഉദ്യോഗസ്ഥരാണ് എല്ലാം തീരുമാനിക്കുന്നത്. തീവ്രവാദം തടയാനെന്ന പേരിലാണ് സാധാരണ ജനങ്ങളെ തടയുന്നത്. എന്നാല്‍, ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വിസയൊന്നും ആവശ്യമില്ല. അവര്‍ എല്ലാ തടസ്സങ്ങളും മറികടന്ന് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുകയും ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഫോറം ചെയര്‍മാനും ഫാര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി യുമായ ദേബബ്രത ബിശ്വാസ്, ഫോറം ജനറല്‍ സെക്രട്ടറിയും ബംഗ്ലാദേശ് എംപിയുമായ മൊയ്നുദീന്‍ ഖാന്‍ ബാദല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഫോറത്തിന്റെ ഇന്ത്യന്‍ ചാപ്റ്റര്‍ സമ്മേളനം ഏപ്രില്‍ 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കും.

deshabhimani 260412

1 comment:

  1. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവ യുദ്ധമുണ്ടായാല്‍ ലോകത്താകെ 100 കോടിയിലധികമാളുകള്‍ പട്ടിണിമൂലം മരിക്കുമെന്ന് പഠനം. മനുഷ്യവംശത്തിന്റെ നാശത്തിന് ഇതിടയാക്കില്ലെങ്കിലും ആധുനിക നാഗരികതയ്ക്ക് അന്ത്യം കുറിക്കുമെന്ന് ആണവയുദ്ധം തടയുന്നതിന് പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരന്മാരുടെ അന്താരാഷ്ട്ര സംഘടനയായ ഐപിപിഎന്‍ഡബ്ല്യു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

    ReplyDelete