Sunday, April 29, 2012

ചട്ടം ലംഘിച്ച് ഉന്നതര്‍ ഭൂമി സ്വന്തമാക്കിയെന്ന്


ട്രക്ക് അഴിമതിക്കു പിന്നാലെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) മറ്റൊരു വിവാദത്തില്‍. കമ്പനി ജീവനക്കാരുടെ സഹകരണസംഘത്തിന് അനുവദിച്ച ഭൂമി ചട്ടം മറികടന്ന് ഉന്നത ഉദ്യോഗസ്ഥരും ബന്ധുക്കളും സ്വന്തമാക്കിയെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ സ്ഥലംമാറ്റിയെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.

ബംഗളൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബിഇഎംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുംവേണ്ടി നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിലെ 63 സൈറ്റുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ച് സ്വന്തമാക്കിയെന്നാണ് പരാതി. ടട്ര ട്രക്ക് ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്ന സിഎംഡി അടക്കം രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഭൂമി സ്വന്തമാക്കിയവരുടെ പട്ടികയിലുണ്ട്. ദക്ഷിണ ബംഗളൂരുവിലെ വര്‍ത്തൂരില്‍ തുബരഹള്ളിയില്‍ 795, 796 എന്നീ നമ്പരുകളിലുള്ള രണ്ട് സൈറ്റ് ഉന്നത ഉദ്യോഗസ്ഥന്‍ സ്വന്തമാക്കിയെന്നും ആക്ഷേപമുണ്ട്. പൊതുവിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി 8,58,000 രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയത്.

ബിഇഎംഎല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചട്ടപ്രകാരം പുറത്തുള്ളവര്‍ക്കും സംഘത്തില്‍ അംഗങ്ങളല്ലാത്തവര്‍ക്കും ഭൂമി അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. ബിഇഎംഎല്ലിലെ ഡയറക്ടര്‍മാര്‍ എന്ന പേരിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഭൂമി സ്വന്തമാക്കിയത്. സൊസൈറ്റി നിയമാവലി അനുസരിച്ച് ഡയറക്ടര്‍മാര്‍ സ്ഥിരം ജീവനക്കാരല്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ഭൂമി അനുവദിക്കാന്‍ പാടില്ലെന്നും ബൈലോ അനുശാസിക്കുന്നു. ചട്ടം ലംഘിച്ച് ഭൂമി അനുവദിച്ചതിനെതിരെ ബിഇഎംഎല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ഒന്നരവര്‍ഷംമുമ്പ് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ചട്ടം ലംഘിച്ച് ഭൂമി അനുവദിച്ച നടപടിക്കെതിരെ പരാതി നല്‍കിയതിന് പ്രതികാര നടപടിയെന്നോണം മൂന്ന് ഉദ്യോഗസ്ഥരെ ബംഗളൂരുവില്‍നിന്ന് കോലാര്‍ ഗോള്‍ഡ്ഫീല്‍ഡിലെ യൂണിറ്റിലേക്ക് സ്ഥലംമാറ്റി. മാര്‍ട്ടിന്‍ ലൂദര്‍, സി ഉമേഷ്, എസ് വിശ്വനാഥ എന്നിവരെയാണ് സ്ഥലംമാറ്റിയത്. ഇതിനെതിരെയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.

deshabhimani 290412

2 comments:

  1. ട്രക്ക് അഴിമതിക്കു പിന്നാലെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) മറ്റൊരു വിവാദത്തില്‍. കമ്പനി ജീവനക്കാരുടെ സഹകരണസംഘത്തിന് അനുവദിച്ച ഭൂമി ചട്ടം മറികടന്ന് ഉന്നത ഉദ്യോഗസ്ഥരും ബന്ധുക്കളും സ്വന്തമാക്കിയെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ സ്ഥലംമാറ്റിയെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.

    ReplyDelete
  2. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ അനധികൃത ഭൂമി കൈമാറ്റത്തിനു കൂട്ടു നിന്നതായി ആരോപണം. ദ ഹിന്ദു ദിനപത്രമാണ് അദ്ദേഹം ബന്ധുവിനും കുടുംബസുഹൃത്തിനും പൊതുമേഖലാസ്ഥാപനത്തിന്റെ ഭൂമി അനുവദിക്കാന്‍ ഇടപെട്ടതായി ആരോപണമുന്നയിച്ചത്.

    ഭാരത് എര്‍ത്ത് മൂവേര്‍സിന്റെ ബംഗളൂരുവിലെ സ്ഥലം തന്റെ ബന്ധുവായ പ്രീതിപ്രഭ, ഉമാദേവി നമ്പ്യാര്‍ എന്നിവര്‍ക്ക് കൈമാറന്‍ ശ്രമിച്ചത്. തൊഴിലാളികള്‍ക്കായി നീക്കിവെച്ച സ്ഥലമാണ് ചെറിയവിലക്ക് കൈമാറിയത്. 2008ല്‍ കൈമാറിയ ഭൂമി ഇടപാട് വിവാദമായതോടെ 2010ല്‍ തിരിച്ചു നല്‍കിയെന്നും പത്രം പറയുന്നു. ചതുരശ്രഅടിക്ക് അന്ന് 2500 രൂപ മുതല്‍ 3000 വരെ വിലയുള്ള സ്ഥലം 450 രൂപക്ക് കൈമാറി. ഭാരത് എര്‍ത്ത് മൂവേര്‍ഴ്സിലെ തൊഴിലാളിയായ പെരിയ സ്വാമി നല്‍കിയ പരാതിപ്രകാരമാണ് നടപടികളുണ്ടായത്. പരാതിക്ക് മറുപടി നല്‍കാതെ അധികൃതര്‍ സ്ഥലം തിരിച്ചെടുക്കുകയായിരുന്നു.

    ReplyDelete