Monday, April 30, 2012

ഇറ്റലിയുമായുള്ള കരാര്‍ നിയമവിരുദ്ധം സുപ്രീം കോടതി


കടലില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ് ഇന്ത്യന്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒത്തുതീര്‍പ്പ് കരാറിനെ ചോദ്യം ചെയ്യാതിരുന്ന സംസ്ഥാനസര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനസര്‍ക്കാര്‍ എത്രയും വേഗം അപ്പീല്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ല. കടല്‍സംബന്ധമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ് എങ്ങനെയാണ് ലോക് അദാലത്തില്‍ തീര്‍ക്കുകയെന്നും കോടതി ചോദിച്ചു. കപ്പല്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കപ്പലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

കപ്പലുടമയും കൊല്ലപ്പെട്ടവരുടെ കുടുംബവും തമ്മിലുണ്ടാക്കിയ കരാര്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമാണ്. കോടതിക്കു പുറത്ത് എങ്ങനെയാണ് കരാറുണ്ടാക്കാന്‍ കഴിയുക. ഇന്ത്യന്‍ നിയമവ്യവസ്ഥക്ക് വിരുദ്ധമായ കരാറില്‍ ഒപ്പിടാന്‍ എങ്ങനെ കഴിഞ്ഞുവെന്ന് സുപ്രീം കോടതി ആശ്ചര്യപ്പെട്ടു. കരാര്‍ നിയമവിരുദ്ധമാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥക്ക് വിരുദ്ധമായ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ല. പണം കൊടുത്ത് കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് കോടതി പറഞ്ഞു. കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും. കോടതി ആവശ്യപ്പെടുന്ന സമയത്ത് പ്രതികളായ നാവികരെ ഹാജരാക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇറ്റലി ഉറപ്പു നല്‍കാത്ത സാഹചര്യത്തിലാണ് കപ്പല്‍വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

deshabhimani news

1 comment:

  1. കടലില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ് ഇന്ത്യന്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഒത്തുതീര്‍പ്പ് കരാറിനെ ചോദ്യം ചെയ്യാതിരുന്ന സംസ്ഥാനസര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനസര്‍ക്കാര്‍ എത്രയും വേഗം അപ്പീല്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു

    ReplyDelete