Sunday, April 29, 2012

ബംഗാളില്‍ വീണ്ടും കര്‍ഷക ആത്മഹത്യ


ആറരമാസത്തിനിടെ പശ്ചിമബംഗാളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 50 ആയി. ബര്‍ദ്വാന്‍ ജില്ലയില്‍ സദര്‍ ഒന്നാം നമ്പര്‍ ബ്ലോക്കില്‍ കുര്‍മുണ്‍ ദക്ഷിണ പാഢാ ഗ്രാമത്തില്‍ ഖാദു ഘോഷ് (58) ആണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി ജീവനൊടുക്കിയ കര്‍ഷകന്‍. 10 ബിഗാ ഭൂമിയില്‍ കൃഷി നടത്തിയ ഘോഷ് വിളവ് നശിച്ച് കടക്കെണിയില്‍പെട്ട സാഹചര്യത്തിലാണ് ജീവനൊടുക്കിയത്.

ബംഗാളിന്റെ വിളനിലമായി അറിയപ്പെടുന്ന ബര്‍ദ്വാന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 34 കര്‍ഷകര്‍ ജീവനൊടുക്കി. 2011 ഒക്ടോബര്‍ 12ന് ബാഗ്മാര ഗ്രാമത്തില്‍ ധനാ ടുഡു എന്ന ആദിവാസി പാട്ട കൃഷിക്കാരന്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്തതായിരുന്നു തുടക്കം. ജാല്‍പായഗുരി, ദക്ഷിണ 24 പര്‍ഗാനാസ്, ഉത്തര 24 പര്‍ഗാനാസ്, ബീര്‍ഭൂം, മാള്‍ഡ, മൂര്‍ഷിദാബാദ്, ഹൗറ, പശ്ചിമ മേദിനിപുര്‍, ബാങ്കുറ എന്നീ ജില്ലകളിലും കര്‍ഷകര്‍ ജീവനൊടുക്കി.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുപകരം ജീവനൊടുക്കിയവരെ അപമാനിക്കാനാണ് മുഖ്യമന്ത്രിയും സഹ മന്ത്രിമാരും ശ്രമിക്കുന്നത്. ആത്മഹത്യകള്‍ക്ക് കാരണം കുടുംബപ്രശ്നങ്ങളാണ് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സര്‍ക്കാര്‍ സഹായം ലഭിക്കാതെവന്നതിനെ തുടര്‍ന്ന് കൃഷിക്കാര്‍ സ്വകാര്യപണമിടപാടുകരില്‍നിന്ന് കൊള്ളപ്പലിശയ്ക്ക് പണം കടമെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. മിനിമംകൂലി നല്‍കി വിളവ് ഏറ്റെടുക്കുന്നതിലും സര്‍ക്കാര്‍ വീഴ്ചകാട്ടി. ഇതോടെ വിളകള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ക്ക് വില്‍ക്കേണ്ടിവന്നു. ഇടതുമുന്നണി ഭരണത്തില്‍ കൃഷികാര്‍ക്ക് സൗജന്യനിരക്കില്‍ വിത്തും വളവും നല്‍കിയിരുന്നു. കൃഷി ഈടിന്മേല്‍ പണം കടം ലഭിക്കാനും പൂര്‍ണമായി വിളവ് ഏറ്റെടുക്കാനും സംവിധാനം ഉണ്ടായിരുന്നു.
(ഗോപി)

deshabhimani 290412

1 comment:

  1. ആറരമാസത്തിനിടെ പശ്ചിമബംഗാളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 50 ആയി. ബര്‍ദ്വാന്‍ ജില്ലയില്‍ സദര്‍ ഒന്നാം നമ്പര്‍ ബ്ലോക്കില്‍ കുര്‍മുണ്‍ ദക്ഷിണ പാഢാ ഗ്രാമത്തില്‍ ഖാദു ഘോഷ് (58) ആണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി ജീവനൊടുക്കിയ കര്‍ഷകന്‍. 10 ബിഗാ ഭൂമിയില്‍ കൃഷി നടത്തിയ ഘോഷ് വിളവ് നശിച്ച് കടക്കെണിയില്‍പെട്ട സാഹചര്യത്തിലാണ് ജീവനൊടുക്കിയത്.

    ReplyDelete