Saturday, April 28, 2012

ലോക്സഭ 2 തവണ നിര്‍ത്തി


മകന്‍ കാര്‍ത്തിക്ക് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗംചെയ്തെന്ന ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം രാജിവയ്ക്കണമെന്ന് ലോക്സഭയില്‍ ബിജെപി, ജെഡിയു, എഐഎഡിഎംകെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ബഹളത്തെതുടര്‍ന്ന് ലോക്സഭ വെള്ളിയാഴ്ച രണ്ടു തവണ നിര്‍ത്തി. ചിദംബരം വെള്ളിയാഴ്ച ലോക്സഭയില്‍ ഹാജരായില്ല. പകല്‍ 11ന് ലോക്സഭ ചേര്‍ന്നയുടന്‍ ചിദംബരം രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി അംഗങ്ങളും ജെഡിയു, എഐഎഡിഎംകെ അംഗങ്ങളും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. സഭ 12 വരെ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ മീരാ കുമാര്‍ അറിയിച്ചു. 12ന് വീണ്ടും സഭ ചേര്‍ന്നപ്പോള്‍ അംഗങ്ങള്‍ വീണ്ടും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി.

ഒരു നിമിഷംപോലും ചിദംബരം ആഭ്യന്തരമന്ത്രിയായി തുടരരുതെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. ചിദംബരം രാജിവയ്ക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് എഐഎഡിഎംകെ, ജെഡിയു അംഗങ്ങളും ആവശ്യപ്പെട്ടു. ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ രണ്ട് മണി വരെ സഭാ നടപടികള്‍ നിര്‍ത്തി.

2006ല്‍ മലേഷ്യ ആസ്ഥാനമായ മാക്സിസ് കമ്പനിക്ക് എയര്‍സെല്‍ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള അനുമതി ചിദംബരം വൈകിച്ചെന്നും മകന്‍ കാര്‍ത്തിക്ക് അവിഹിത നേട്ടം ലഭിക്കാനുള്ള ഇടപാട് പൂര്‍ത്തിയായപ്പോള്‍ ഓഹരി വില്‍പനയ്ക്ക് അനുമതി നല്‍കിയെന്നും ജനതാ പാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചത്. ചിദംബരം രാജിവച്ച് സിബിഐ അന്വേഷണം നേരിടണമെന്ന് സുബ്രഹ്മണ്യന്‍സ്വാമി ആവശ്യപ്പെട്ടിരുന്നു. ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തു നല്‍കി. യുപിഎ സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികള്‍ക്കെതിരെയും പ്രതിപക്ഷാംഗങ്ങള്‍ ശബ്ദമുയര്‍ത്തി.ഗോതമ്പ് വിളവെടുപ്പ് നടക്കുന്ന സമയത്ത് കര്‍ഷകര്‍ക്ക് മതിയായ വില ലഭിക്കാന്‍ നടപടിയെടുക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കര്‍ഷകവിരുദ്ധ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. രണ്ട് മണിക്കുശേഷം ലോക്സഭാ നടപടികള്‍ തുടര്‍ന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയും മന്ത്രി ഗുലാം നബി ആസാദിന്റെ മറുപടിയും നടന്നു. തുടര്‍ന്ന് സ്വകാര്യബില്ലുകളുടെ സമയമായിരുന്നു.
(വി ജയിന്‍)

deshabhimani 280412

No comments:

Post a Comment