Friday, April 27, 2012

കണ്ടുപഠിക്കണം സര്‍ക്കാര്‍ സ്കൂളുകളെ


സാമൂഹ്യ ഇടപെടല്‍ അടിമാലി ഗവ. ഹൈസ്കൂളിന് മുന്നേറ്റമായി

സാമൂഹ്യ ഇടപെടല്‍അടിമാലി ഗവ. ഹൈസ്കൂളിന് പരാജയങ്ങളുടെ നീണ്ട വര്‍ഷങ്ങളെ അപ്രസക്തമാക്കി മുന്നേറാന്‍ സഹായിച്ചു. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയ നൂറ് വിദ്യാര്‍ഥികളില്‍ 96 പേരെ വിജയിപ്പിച്ചാണ് മുന്നേറ്റത്തിന് നാന്ദി കുറിച്ചത്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിലെ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കാനെത്തുന്നത്. വിദ്യാര്‍ഥികളില്‍ 50 ശതമാനം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലും പിന്നോക്ക വിഭാഗങ്ങളിലും പെട്ടവരാണ്. പൊതു വിദ്യാലയങ്ങളോട് പ്രതിപത്തിയുള്ളവരുടെ മക്കളായി ഏതാനും വിദ്യാര്‍ഥികളുമുണ്ട്. സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികളെല്ലാം സിബിഎസ്ഇ, ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കും സ്വകാര്യ സ്കൂളിലുമാണ് ചേരുന്നത്.

രണ്ടുമൂന്നു വര്‍ഷമായി അടിമാലി ടൗണിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിനെ രക്ഷപ്പെടുത്തണമെന്ന് പൊതുസമൂഹം തീരുമാനിച്ച് മുമ്പോട്ടുവരികയായിരുന്നു. അടിമാലി ടൗണിലെ വ്യാപാരി സമൂഹത്തിന്റെ സാമ്പത്തിക സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കി. അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും വിദ്യാര്‍ഥികളുടെയും പിടിഎ കമ്മിറ്റിയുടെയും സംയുക്ത പരിശ്രമത്തില്‍ പരീക്ഷയ്ക്ക് നാലുമാസം മുമ്പുതന്നെ രാവിലെയും വൈകിട്ടും ക്ലാസുകള്‍ സംഘടിപ്പിച്ചു. കൂടാതെ രാത്രികാല ക്ലാസുകളും അവധിദിന ക്ലാസുകളും നടത്തി. ഓരോ വിഷയത്തിനും പിന്നോക്കമായി കണ്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കാന്‍ നടത്തിയ തീവ്രയത്ന പരിപാടിയാണ് മികച്ച വിജയത്തിന്റെ തിളക്കം സമ്മാനിച്ചത്. പൊതുവിദ്യാലയങ്ങളെ മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റാനും സ്വകാര്യസ്കൂളുകളെയും അണ്‍ എയ്ഡഡ് സ്കൂളുകളെയും പിന്നിലാക്കാന്‍ കഴിയുമെന്നതിന്റെ തെളിവായി അടിമാലി ഗവ. ഹൈസ്കൂളിന്റെ മികച്ച വിജയം.

കണ്ടുപഠിക്കണം സര്‍ക്കാര്‍ സ്കൂളുകളെ

കണ്ണൂര്‍: പൊതുമേഖലയിലെ സ്കൂളുകള്‍ മുമ്പില്‍നിന്ന് നയിച്ച് നേടിയെടുത്ത വിജയം. കണ്ണൂര്‍ ജില്ല എസ്എസ്എല്‍സി വിജയശതമാനത്തില്‍ വീണ്ടും തിളങ്ങുമ്പോള്‍ തെളിയുന്ന ചിത്രമിതാണ്. പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്കൂളുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ് കൈവരിച്ചത്. 22 സര്‍ക്കാര്‍ സ്കൂളുകള്‍ ഇക്കുറി മുഴുവന്‍ പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയവരുടെ പട്ടികയിലുണ്ട്. തലശേരി വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് പരീക്ഷക്ക് അപേക്ഷിച്ച 3431 വിദ്യാര്‍ഥികളില്‍ 3372പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. മൂന്നുപേര്‍ പരീക്ഷയെഴുതിയില്ല. 98.28ആണ് തലശേരി വിദ്യാഭ്യാസജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വിജയശതമാനം. 52 പേര്‍ സര്‍ക്കാര്‍ സ്കൂളുകളില്‍നിന്ന് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളില്‍ 11201കുട്ടികളാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇതില്‍ 10976പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 97.99ശതമാനം വിജയം. 259 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസുണ്ട്. അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍നിന്ന് പരീക്ഷയെഴുതിയ 374വിദ്യാര്‍ഥികളില്‍ 369 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 98.66 ആണ് വിജയശതമാനം. 25 പേര്‍ക്ക് എല്ലാവിഷയങ്ങളിലും എ പ്ലസുണ്ട്. ജില്ലയിലാകെ 53 സ്കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയത്. എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലയില്‍ 31 സ്കൂളുകളാണ് ഇത്തവണ നൂറുമേനിയുടെ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞവര്‍ഷം എയ്ഡഡ്-അണ്‍എയ്ഡഡ് മേഖലയിലെ 26 സ്കൂളുകള്‍ നൂറുമേനി നേട്ടം കൊയ്തിരുന്നു.

സര്‍ക്കാര്‍ മേഖലയില്‍ മോറാഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കളിന്റെയും 150ാം വാര്‍ഷികം ആഘോഷിക്കുന്ന കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെയും നേട്ടം വേറിട്ടതായി. രണ്ട് സ്കൂളുകളും സര്‍ക്കാരിന്റെ നൂറുശതമാനം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടിലെങ്കിലും പരീക്ഷയെഴുതിയ മുഴുവന്‍ പേരും ഉപരിപഠനത്തിന് അര്‍ഹരായി. പരീക്ഷക്ക് അപേക്ഷിച്ച ഒരാള്‍ വീതം പരീക്ഷയെഴുതിയിരുന്നില്ല. മോറാഴയില്‍ പരീക്ഷയെഴുതിയ 233 പേരും വിജയിച്ചു. പരീക്ഷയെഴുതിയ 58 പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയാണ് മുനിസിപ്പല്‍ സ്കൂള്‍ തിളങ്ങിയത്. ഇവിടെ പരീക്ഷക്ക് അപേക്ഷിച്ച അനശ്വരയെന്ന വിദ്യാര്‍ഥിനിക്ക് ചിക്കന്‍ പോക്സ് പിടിപെട്ടതിനെ തുടര്‍ന്ന് ഒരു പരീക്ഷ എഴുതാനായിരുന്നില്ല. എഴുതിയ പരീക്ഷകളില്ലെല്ലാം അനശ്വര വിജയിയായി. സ്പോര്‍ട്സ് ഡിവിഷന്‍കൂടി പ്രവര്‍ത്തിക്കുന്ന സ്കൂളിന് കായികമേഖലയിലെ നേട്ടത്തിനൊപ്പാണ് നൂറുമേനിയുടെ ആഹ്ലാദവും എത്തിയത്. കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും നൂറുശതമാനം വിജയം നേടി. കണ്ണൂര്‍ നഗരസഭ പരിധിയില്‍ നൂറു മേനി കൊയ്ത ഏക സര്‍ക്കാര്‍ സ്കൂളാണിത്.

കൈകോര്‍ത്തുനേടിയ വിജയം

കണ്ണൂര്‍: വിദ്യാര്‍ഥികളും അധ്യാപകസമൂഹവും തദ്ദേശസ്ഥാപനങ്ങളും കൈകോര്‍ത്തു പിടിച്ച് നേടിയതാണ് കണ്ണൂരിന്റെ അഭിമാനാര്‍ഹമായ എസ്എസ്എല്‍സി വിജയം. ദീര്‍ഘവീക്ഷണമുള്ള ഭരണനേതൃത്വവും ആത്മാര്‍പ്പണമുള്ള അധ്യപകസമൂഹവും ഇഛാശക്തിയുള്ള വിദ്യാര്‍ഥികളുമാണ് ഈ വിജയത്തിന്റെ നേരവകാശികള്‍. രാഷ്ട്രീയസംഘര്‍ഷങ്ങളുടെ നാടായി മുദ്രകുത്തപ്പെട്ട കണ്ണൂരിന്റെ കളങ്കം കഴുകിക്കളയാന്‍ ഈ വിജയം മാത്രം മതിയാകും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വിജയത്തിന്റെ കണ്ണൂര്‍ മാതൃക ഇന്ന് കേരളത്തില്‍ മറ്റ് പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയാണ്. കണ്ണൂര്‍ വിജയത്തിന്റെ കൊടുമുടിയിലേക്ക് നടന്നുകയറിയത് "മുകുളം" ഉള്‍പ്പെടെയുള്ള പദ്ധതികളുടെ തണലിലാണ്. നാലുവര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷം നഷ്ടമായ വിജയശതമാനത്തിലെ ഒന്നാംസ്ഥാനം തിരികെ പിടിച്ച ആഹ്ലാദത്തിലാണ് ഇക്കുറി കണ്ണൂര്‍. എ പ്ലസുകാരുടെ എണ്ണത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസജില്ല ഒന്നാമതെത്തിയ നേട്ടവും കണ്ണൂരിന് ആഹ്ലാദം പകരുന്നു.

പ്രയാസമുള്ള വിഷയങ്ങളില്‍ കുട്ടികളെ ആകര്‍ഷിക്കാനാണ് ജില്ലാപഞ്ചായത്ത് 2007ല്‍ മുകുളം പദ്ധതി തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നിങ്ങോട്ട് എസ്എസ്എല്‍സി വിജയശതമാനത്തില്‍ കണ്ണൂര്‍ കുതിക്കുകയായിരുന്നു. ആദ്യവര്‍ഷം 90.7 ശതമാനമായിരുന്നു വിജയം. 2008ല്‍ 96.4 ശതമാനം വിജയവുമായി ഒന്നാംസ്ഥാനത്ത് എത്തി. 2009-ല്‍ 96.84 ശതമാനം. 2010ല്‍ 96.88ശതമാനമായി. കഴിഞ്ഞ വര്‍ഷം 96.27ശതമാനവുമായി സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച രണ്ടാമത്തെ ജില്ലയായി. കെ കെ നാരായണന്‍ പ്രസിഡന്റായിരിക്കെ നടപ്പാക്കിയ മുകുളം പദ്ധതിയുടെ കാലുറപ്പിച്ചുനിന്നാണ് കണ്ണൂര്‍ ഈ വിജയം കൈവരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള പറഞ്ഞു.

കണ്ണൂരിലെ മാതൃക പിന്‍പറ്റി ലക്ഷദ്വീപില്‍ പദ്ധതി നടപ്പാക്കി വരികയാണ്. മുഴുവന്‍ പാഠപുസത്കങ്ങളും പുതുക്കിയിട്ടും അല്‍പം വൈകിയാണെങ്കിലും കൈപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആരംഭിച്ച നിശാപാഠശാലകള്‍ തുടങ്ങി. അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് 24 സ്കൂളുകളില്‍ നടപ്പാക്കിയ പ്ലസ്ടു ബ്ലോക്കുകള്‍ ഉള്‍പ്പടെ ഒരു നൂറുകൂട്ടം കാര്യങ്ങളുണ്ട് ജില്ലാ പഞ്ചായത്തിന് അവകാശപ്പെടാന്‍. ജില്ലയ്ക്ക് മികച്ച വിജയം സമ്മാനിക്കാന്‍ യത്നിച്ചവരെയും വിദ്യാര്‍ഥികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരളയും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി റോസയും അഭിനന്ദിച്ചു.

കാഞ്ഞങ്ങാടിന് തുണയായത് സര്‍ക്കാര്‍ സ്കൂളുകള്‍

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ സ്കൂളുകളുടെ മികവില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് സംസ്ഥാനത്ത് ഒന്നാംസ്ഥാനം. 71ല്‍ 44 സ്കൂളിലും നൂറുമേനി വിജയം കരസ്ഥമാക്കിയാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തിയത്. 28 സര്‍ക്കാര്‍ സ്കൂളുകള്‍ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രത്യേക കോച്ചിങ് ക്ലാസുകളും രാത്രികാല ഗൃഹസന്ദര്‍ശന പരിപാടികളും സംഘടിപ്പിച്ചു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളുകളുടെയും മക്കള്‍ പഠനം നടത്തുന്ന സര്‍ക്കാര്‍ സ്കൂളുകളില്‍ നൂറുമേനി വിജയം നേടാനായതിലൂടെയാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടി 98.62 ശതമാനം വിജയം കൈവരിക്കാനായത്. മിക്ക സ്കൂളുകളിലും പിടിഎ, അധ്യാപക- അനധ്യാപക ജീവനക്കാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പ്രത്യേക കോച്ചിങ് ക്യാമ്പുകള്‍ നടന്നത്. കോച്ചിങ് ക്ലാസിലെത്തുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. ഒമ്പത് എയ്ഡഡ് സ്കൂളുകളും ഏഴ് അണ്‍ എയ്ഡഡ് സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. വിദ്യാഭ്യാസ ജില്ലയിലെ ആറ് ആര്‍എംഎസ്എ സ്കൂളുകളില്‍ അഞ്ചെണ്ണം നൂറുമേനി നേടി.

അഭിമാനമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍

കല്‍പ്പറ്റ: മികച്ച വിജയം കാഴ് ച വെച്ച സര്‍കാര്‍ വിദ്യാലയങ്ങള്‍ പൊതുവിദ്യാഭ്യാസ രംഗത്തെ അഭിമാനമാകുന്നു. സര്‍കാര്‍ വിദ്യാലയങ്ങളിലെ പഠന നിലവാരം മോശമാണെന്ന പൊതു ധാരണയാണ് വര്‍ഷം തോറും മികച്ച വിജയം നേടി ഈ വിദ്യാലയങ്ങള്‍ തിരുത്തുന്നത്. നൂറ് ശതമാനം നേടിയ പതിനെട്ട് സ്കൂളുകളില്‍ പതിനൊന്നും സര്‍കാര്‍ സ്കൂളുകളാണ്.ആകെയുള്ള 78 സ്കൂളുകളില്‍ 55 സ്കൂളുകളും സംസ്ഥാന ശരാശരിയേക്കാര്‍ മുകളിലാണ്. ആദ്യ കാലത്ത് വിജയ ശതമാനം നന്നേ കുറവായ സര്‍കാര്‍ വിദ്യാലയങ്ങള്‍ ഏറെ മുന്നിലായത് പൊതുവിദ്യാഭ്യാസമേഖലയില്‍ വന്ന വിപ്ലവകാരമായ മുന്നേറ്റം കാരണമാണ്. സംസ്ഥാനത്ത് ഏറെ പിന്നിലായിരുന്ന വയനാട് ഇക്കുറി എട്ടാംസ്ഥാനത്താണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സാധാരണക്കാരുമായവരാണ് സര്‍കാര്‍ സ്കൂളുകളില്‍ ഭൂരിഭാഗവും. അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും അക്ഷീണ പരിശ്രമമാണ് ഈ വിജയത്തിന് പിന്നില്‍.

ജിഎച്ച്എസ് ഓടപ്പളളം, ജിഎച്ച്എസ് മൂലങ്കാവ്, നല്ലൂനാട് അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കല്‍പ്പറ്റ,പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ , ജിഎച്ച്എസ് പരിയാരം, ജിഎച്ച്എസ് കാപ്പിസെറ്റ്,ജിഎച്ച്എസ്എസ് തോല്‍പ്പെട്ടി, ജിഎച്ച്എസ്എസ് കുഞ്ഞോം , ജിഎച്ച്എസ്എസ് വാളവയല്‍ എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയ സര്‍കാര്‍ സ്കൂളുകള്‍. ഇതില്‍ അഞ്ച് സ്കൂളുകള്‍ ഇത്തവണ അപ്ഗ്രേഡ് ചെയ്ത ആര്‍എംഎസ് എ വിദ്യാലയങ്ങളാണ്.

അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ മാത്രം പരീക്ഷ എഴുതുന്നതാണ് വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സര്‍കാര്‍ വിദ്യാലയങ്ങള്‍ നേടിയ നൂറ് മേനി വിജയം ഇത്തരത്തിലാണ് ശ്രദ്ധേയമാവുന്നത്. തരിയോട് നിര്‍മല ഹൈസ്കൂളില്‍ 279 പേരാണ് പരീക്ഷ എഴുതിയത്.പൂതാടി ശ്രീനാരായണ സ്കൂളില്‍ 145 ,ഓടപ്പള്ളം ജിഎച്ച്എസ്എസ് 42, മൂലങ്കാവ് ഹൈസ്കൂള്‍ 209, പരിയാരം ഹൈസ്കൂള്‍ 13, ജിഎച്ച്എസ് കാപ്പിസെറ്റ് 23,ജിഎച്ച്എസ് തോല്‍പ്പെട്ടി 42,ജിഎച്ച്എസ് കുഞ്ഞോം 30,ജിഎച്ച്എസ് വാളവയല്‍ 11 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം. എംജിഎം മാനന്തവാടി 62,എന്‍എസ്എസ് കല്‍പ്പറ്റ 127, സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് മീനങ്ങാടി 32, സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ബത്തേരി 104, എന്നിങ്ങനെയാണ് നൂറ് ശതമാനം നേടിയ അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ പരീക്ഷ എഴുതിയവരുടെ എണ്ണം. ഈ വര്‍ഷം ആരംഭിച്ച ആര്‍എംഎസ്എസ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഏറെ പരാധീനതകള്‍ മറികടന്നാണ് വിജയം കൈവരിച്ചത്.

"വിജയോത്സവം " വിജയമായി

കോഴിക്കോട്: റെക്കോഡ് വിജയത്തിളക്കത്തില്‍ ജില്ല ആഹ്ലാദം പങ്കിടുമ്പോള്‍ മുഴുവന്‍ ക്രെഡിറ്റും ജില്ലാ പഞ്ചായത്തിന്. ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തില്‍ നടപ്പാക്കിയ വിജയോത്സവം പദ്ധതിയാണ് എസ്എസ്്എല്‍സിക്ക് ഉന്നത വിജയം നേടുന്നതിന് വിദ്യാര്‍ഥികളെ പര്യാപ്തമാക്കിയത്. 95.97 ശതമാനം പേരാണ് ഇത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടിയത്. എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ഒന്നാമതെത്താനും ജില്ലക്ക് കഴിഞ്ഞു. 1023 വിദ്യാര്‍ഥികളാണ് ഇത്തവണ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയത്. കഴിഞ്ഞ വര്‍ഷം ഇത് 692 ആയിരുന്നു. ജില്ലയില്‍ 47,059 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇവരില്‍ 45,161 പേര്‍ വിജയിച്ചു. ഈ നേട്ടത്തില്‍ ജില്ലാ വിജയോത്സവം പദ്ധതി വഹിച്ച പങ്ക് വളരെ വലുതാണ്.

ജില്ലയിലെ സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ 192 സ്കൂളുകളെ ഉള്‍പ്പെടുത്തിയാണ് വിജയോത്സവം പദ്ധതി നടപ്പാക്കിയത്.ഇതിന്റെ ഭാഗമായി പിയര്‍ ഗ്രൂപ്പ് രൂപീകരിച്ചതാണ് ജില്ലയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. ജില്ലാ പഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും പരിധിയിലുള്ള 190 സ്കൂളുകളിലെയും ഓരോ ക്ലാസിലെയും വിദ്യാര്‍ഥികളില്‍നിന്നും പഠനത്തില്‍ മിടുക്കരായ എട്ട് വീതം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പിയര്‍ ഗ്രൂപ്പ്. 18,240 പിയര്‍ഗ്രൂപ്പ് ലീഡര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പിന്നീട് ഈ പിയര്‍ ഗ്രൂപ്പ് ലീഡര്‍മാരാണ് മറ്റു കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. നിശാപാഠശാലകളാണ് വിജയോത്സവം പദ്ധതി തിളക്കത്തിന്റെ മാറ്റ്കൂട്ടുന്നത്. ക്ലബ്ബുകള്‍, അയല്‍പക്കവേദികള്‍ എന്നിവ കേന്ദ്രീകരിച്ച് അയല്‍പക്ക പഠനകേന്ദ്രങ്ങളും സജീവമായി.

മോഡല്‍ പരീക്ഷയില്‍ ഡി പ്ലസിന് താഴെ ഗ്രേഡ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സഹവാസ ക്യാമ്പുകള്‍ വഴി പരിശീലനം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന പട്ടികജാതിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പുകള്‍, രക്ഷിതാക്കള്‍ക്ക് ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു. മികച്ച റിസല്‍ട്ട് ലക്ഷ്യംവെച്ച് പത്താം തരം ക്ലാസ് അധ്യാപകര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പരിശീലനവും നല്‍കി. എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി നാല് ഭാഗങ്ങളായി പഠനസഹായികള്‍ വിദ്യാര്‍ഥികളെ മികച്ച വിജയം നേടുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് നാല് വര്‍ഷം മുമ്പാണ് വിജയോത്സവം പദ്ധതി ആരംഭിച്ചത്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള ഓരോ വര്‍ഷവും വിജയശതമാനം അത്ഭുതകരമായ രീതിയിലാണ് ഉയര്‍ന്നത് 2011ല്‍ 93.3 ശതമാനമായിരുന്നു വിജയം.

നേട്ടത്തിന് പിന്നില്‍ ചിട്ടയായ പ്രവര്‍ത്തനം

മലപ്പുറം: പഠനവഴിയിലെ പഴികളുടെ പഴംപുരാണം ഇനി തമാശയായിപ്പോലും പറയരുത്. എസ്എസ്എല്‍സിക്ക് 92.11 ശതമാനം വിജയം നേടിയതോടെ മലപ്പുറം മികവിന്റെ കേന്ദ്രമാകുന്നു. 1999ല്‍ വെറും 30.23 ശതമാനം വിജയം നേടിയ ജില്ലയാണ് ഇത്തവണ സര്‍വകാല റെക്കോഡിലെത്തിയത്. ചിട്ടയാര്‍ന്ന പാഠ്യപ്രവര്‍ത്തനങ്ങളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആത്മാര്‍ഥമായ സഹായങ്ങളുമാണ് നേട്ടത്തിന് നിദാനം. 2005 വരെ 50ല്‍ താഴെയായിരുന്നു ജില്ലയുടെ വിജയശതമാനം. 2004ല്‍ മാത്രമാണ് നേരിയ വ്യത്യാസമുണ്ടായത്. 58 ശതമാനം. 2006 മുതല്‍ സ്ഥായിയായ വിജയം നേടിയെടുക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. 2006ല്‍ 61.93 ശതമാനം വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 76.29, 87.90, 86, 86.91, 88.52 ശതമാനം വിജയമാണ് നേടിയത്. ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ജില്ലയുടെ നില കൂടുതല്‍ മികവുറ്റതാക്കി. മുമ്പ് ഏറെ പിന്നിലായിരുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ കടത്തിവെട്ടി. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ പട്ടികയിലും പെണ്‍കുട്ടികള്‍തന്നെ മുന്നില്‍.

അഭിമാനമായി ഗവ. സ്കൂളുകള്‍

പാലക്കാട്: കഴിഞ്ഞ വര്‍ഷം ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്ത ഒമ്പത് ഗവ. സ്കൂളുകളില്‍ നാലെണ്ണം നൂറുശതമാനം വിജയവും മറ്റുള്ളവയില്‍ 90ശതമാനത്തിലധികവും വിജയം കൈവരിച്ചപ്പോള്‍ തെളിഞ്ഞത് മുന്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തി. തെങ്കര, മീനാക്ഷീപുരം, കല്ലിങ്കല്‍പ്പാടം, മുടപ്പല്ലൂര്‍ ഗവ.ഹൈസ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്. തെങ്കര ഗവ. ഹൈസ്കൂളില്‍ 16, മീനാക്ഷീപുരത്ത് 20,മുടപ്പല്ലൂര്‍ സ്കൂളില്‍ ഒമ്പത്, കല്ലിങ്കല്‍പ്പാടത്ത് 10ഉം കുട്ടികളാണ് ഉപരിപഠന യോഗ്യത നേടിയത്. മുന്‍വര്‍ഷംവരെ യു പി സ്കൂളുകള്‍മാത്രമായിരുന്ന ഇവിടെ അപ്ഗ്രേഡ് ചെയ്തതോടെ പത്താംക്ലാസ് വരെയായി. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. ആദ്യബാച്ചില്‍ത്തന്നെ നൂറുശതമാനം വിജയം നേടിയതോടെ ഈ സ്കൂളുകളുടെ പ്രശസ്തിയും വര്‍ധിച്ചു. തെങ്കര ഗവ. ഹൈസ്കൂളില്‍ ലൈബ്രറിയോ, ലാബോ, ഐടിലാബോ ഉണ്ടായിരുന്നില്ല. ക്ലാസ്മുറികളും വേണ്ടത്ര ഇല്ല. എന്നിട്ടും വിജയശതമാനം നൂറിലെത്തിയതില്‍ രക്ഷിതാക്കളും സന്തോഷത്തിലാണ്.

നൂറ് മേനിയുമായി 12 സര്‍ക്കാര്‍ സ്കൂള്‍

തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളേയും ജയിപ്പിക്കാന്‍ 12 സ്കൂളുകള്‍ക്ക് കഴിഞ്ഞു. തലനാരിഴ വ്യത്യാസത്തിനാണ് പല ഗവ. സ്കൂളുകള്‍ക്കും ഈ നേട്ടം നഷ്ടമായത്. നാട്ടിക ഫിഷറീസ് സ്കൂളാണ് കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച് നൂറു മേനി നേട്ടം കൊയ്തത്. ഇവിടെ 116 പേര്‍ പരീക്ഷ യെഴുതി. 100 ശതമാനം നേടിയ മറ്റ് സര്‍ക്കാര്‍ സ്കൂളുകള്‍: ഗവ. എച്ച്എസ് എസ് വിജയപുരം(35), ഗവ.എംഎച്ച്എസ് നടവരമ്പ് (93), ഗവ. എച്ച്എസ്എസ് നന്തിക്കര (111), ജിവിഎച്ച്എസ്എസ് പുതുക്കാട ്(21), ഗവ. സമിതി എച്ച്എസ്എസ് മേലഡൂര്‍ (99), എംഎആര്‍എംജിവിഎച്ച്എസ് ശാന്തിപുരം(45), ഗവ. മാപ്പിള എച്ച്എസ്എസ് ചാമക്കാല (60), ജിവിആര്‍ടിഎച്ച്എസ്, പുത്തന്‍ കടപ്പുറം, ചാവക്കാട്(14), ജിഎച്ച്എസ്എസ്, പൂങ്കുന്നം(24),ഗവ. ഗേള്‍സ് എച്ച്എസ്എസ് ഇരിങ്ങാലക്കുട(32)

deshabhimani 270412

1 comment:

  1. പൊതുമേഖലയിലെ സ്കൂളുകള്‍ മുമ്പില്‍നിന്ന് നയിച്ച് നേടിയെടുത്ത വിജയം. കണ്ണൂര്‍ ജില്ല എസ്എസ്എല്‍സി വിജയശതമാനത്തില്‍ വീണ്ടും തിളങ്ങുമ്പോള്‍ തെളിയുന്ന ചിത്രമിതാണ്. പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്കൂളുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ് കൈവരിച്ചത്. 22 സര്‍ക്കാര്‍ സ്കൂളുകള്‍ ഇക്കുറി മുഴുവന്‍ പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയവരുടെ പട്ടികയിലുണ്ട്.

    ReplyDelete