Monday, April 30, 2012

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം; ഇന്ന് അമേരിക്കയില്‍ പണിമുടക്ക്‌

ഇന്ന്, മെയ്ദിനത്തില്‍ അമേരിക്കയിലുടനീളം പൊതു പണിമുടക്കിന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു. അമേരിക്കന്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ചുകളും റാലികളും നടക്കും.

ലോകതൊഴിലാളി ദിനത്തില്‍ നടക്കുന്ന പ്രകടനങ്ങളില്‍ തൊഴിലും പഠനവും ബഹിഷ്‌കരിച്ച് തൊഴിലാളികളും വിദ്യാര്‍ഥികളും അണിനിരക്കും. ഏറ്റവും പാവപ്പെട്ട പൗരന്മാരോട് അതിക്രമം കാണിക്കുന്ന സാമ്പത്തികനയങ്ങള്‍ക്കും ബാങ്കുകള്‍ക്കും എതിരായ പ്രതിഷേധമായി മെയ്ദിനാചരണം മാറും. മുതലാളിത്ത തിന്മകള്‍ക്കും സമ്പന്നവര്‍ഗം നടത്തുന്ന സാമ്പത്തിക ക്രമക്കേടുകള്‍ക്കുമെതിരെ 99 ശതമാനം വരുന്ന ജനങ്ങളുടെ സമരമാണ് തങ്ങളുടേതെന്നു വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മുതല്‍ ആഗോള വിപണിയില്‍ നടമാടുന്ന അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും കുറഞ്ഞകൂലിക്കും കുറഞ്ഞ വരുമാനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നികുതി ഭാരത്തിനുമെതിരെ അമേരിക്കന്‍ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നുവരികയാണ്. തൊഴിലും പഠനവും ഉപേക്ഷിച്ച് പണിമുടക്ക് സമരത്തില്‍ പങ്കാളികളാവുന്നവരോട് കടകളിലും മറ്റും പണം ചെലവാക്കുന്നത് ഒഴിവാക്കാനും വാള്‍സ്ട്രീറ്റ് പ്രക്ഷോഭ സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അത് വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാക്കാനാണ് പ്രക്ഷോഭകരുടെ ശ്രമം.

നിരവധി യൂണിയനുകളും തൊഴിലാളി ഗ്രൂപ്പുകളും നീതിക്കുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കും. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും പ്രക്ഷോഭകര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് ആരംഭിച്ച സമരത്തെ ബാറ്റണ്‍ കൊണ്ടും കുരുമുളക് സ്‌പ്രേ കൊണ്ടും തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. നൂറുകണക്കിന് പ്രക്ഷോഭകര്‍ ജയിലിലടയ്ക്കപ്പെട്ടു.
ഇന്റര്‍നെറ്റുവഴി വന്‍ പ്രചാരണമാണ് പ്രക്ഷോഭകര്‍ നടത്തിവരുന്നത്.’'അവര്‍ക്ക് ഒരിടത്തുനിന്ന് നമ്മളെ നിഷ്‌കാസനം ചെയ്യാന്‍ കഴിഞ്ഞേക്കും പക്ഷേ ആശയങ്ങളെ തുടച്ചുമാറ്റാനാവില്ല.
അത് അതിവേഗം ശതഗുണീഭവിക്കും' പ്രക്ഷോഭകരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്‌ഘോഷിക്കുന്നു. കഴിഞ്ഞ പത്തുമാസമായി മുതലാളിത്ത വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് വാഷിംഗ്ടണ്‍, സെന്‍വര്‍ (കോളറാഡോ), ലോസാഞ്ചല്‍സ്, ന്യൂയോര്‍ക്ക്, നെവാര്‍ക്ക് (ന്യുജയ്‌സി), അറ്റ്‌ലാന്റാ (ജോര്‍ജിയ), ഓക്‌ലാന്‍ഡ് (കാലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളില്‍ സമരം തുടരുന്നത്.

കോര്‍പറേറ്റുകളും പണത്തോടുള്ള ആര്‍ത്തിയും വന്‍ ബിസിനസുകളുടെ അളവറ്റ അധികാരത്തിനുമെതിരായ സമരം ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചുവരികയാണ്.

janayugom 010512

1 comment:

  1. ഇന്ന്, മെയ്ദിനത്തില്‍ അമേരിക്കയിലുടനീളം പൊതു പണിമുടക്കിന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു. അമേരിക്കന്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ചുകളും റാലികളും നടക്കും.

    ReplyDelete