Thursday, April 26, 2012

ഭൂമിദാനം: ലീഗ്മന്ത്രിമാര്‍ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി


പിഎസ്സി ലിസ്റ്റ് കാലാവധി നീട്ടാന്‍ ആവശ്യപ്പെടും: മുഖ്യമന്ത്രി

അധ്യാപകരുടേതടക്കം എല്ലാ പിഎസ്സി ലിസ്റ്റുകളുടെയും കാലാവധി നീട്ടണമെന്ന് പിഎസ്സിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നാലരവര്‍ഷം കാലാവധി എത്തിയിട്ടില്ലാത്ത ലിസ്റ്റുകള്‍ ഒരു വര്‍ഷത്തേക്കോ പുതിയ ലിസ്റ്റ് വരുന്നതുവരെയോ നീട്ടാനാണ് ആവശ്യപ്പെടുകയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപകരുടെ ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ ഏപ്രില്‍ 11ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ആവശ്യം വ്യക്തമല്ലെന്നാണ് പിഎസ്സി മറുപടി നല്‍കിയതെന്നും ഈ നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് അധ്യാപകര്‍ അടക്കമുള്ള എല്ലാ ലിസ്റ്റിന്റെയും കാലാവധി വ്യവസ്ഥകള്‍ക്കു വിധേയമായി നീട്ടാന്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച് 31ന് ഉണ്ടാകുമായിരുന്ന ഒഴിവുകള്‍ കണക്കാക്കി സൂപ്പര്‍ ന്യൂമററ റി തസ്തിക സൃഷ്ടിച്ച് പിഎസ്സിക്ക് റിപ്പോര്‍ട്ടുചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 104 പുതിയ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം ലഭ്യമാക്കാന്‍ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെടും. തിരുവനന്തപുരത്തെ ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ ഫോര്‍മുല തയ്യാറാക്കും. ഇതിനായി ആഭ്യന്തരമന്ത്രിയെയും ആരോഗ്യമന്ത്രിയെയും ചുമതലപ്പെടുത്തി. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികം മെയ് 18 മുതല്‍ 25 വരെ ആഘോഷിക്കും. പത്തനാപുരത്ത് പ്ലാന്റേഷന്‍ ഇന്‍സ്പെക്ഷന്‍ ഓഫീസ് തുടങ്ങും. എസ്എസ്എല്‍സി പരീക്ഷാഫലം ഇത്തവണ റിക്കാര്‍ഡ് വേഗത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. 90 ശതമാനം പാഠപുസ്തകങ്ങളും ജില്ലാ ഡിപ്പോകളില്‍ എത്തിച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. മെയ് രണ്ടുമുതല്‍ പുസ്തകം വിതരണംചെയ്യും. കാലവര്‍ഷക്കെടുതിയില്‍ കൃഷിനശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതിനുള്ള ഫോര്‍മുല തയ്യാറാക്കാന്‍ റവന്യൂ, കൃഷി മന്ത്രിമാരെ ചുമതലപ്പെടുത്തി. ഇത്തവണ കനത്ത മഴയെത്തുടര്‍ന്ന് വലിയ നാശനഷ്ടമുണ്ടായി. 16 പേര്‍ മരിച്ചു. വന്‍തോതില്‍ കൃഷിനാശമുണ്ടായി. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കുറയുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഫോര്‍മുല തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിദാനം: ലീഗ്മന്ത്രിമാര്‍ അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി

തിരു: കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനത്തെക്കുറിച്ച് മുസ്ലിംലീഗ് മന്ത്രിമാര്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരും ഇതേക്കുറിച്ച് അറിഞ്ഞില്ല. സര്‍വകലാശാല എന്തു തീരുമാനമെടുത്താലും സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ലെന്നും മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിദാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി ട്രസ്റ്റുകള്‍ക്ക് ഭൂമി നല്‍കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിക്കാനാണ് സിന്‍ഡിക്കറ്റ് തീരുമാനിച്ചതെന്ന് പറഞ്ഞു. ഈ തീരുമാനം സിന്‍ഡിക്കറ്റ് റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ഇപ്പോള്‍ ഒരു വിവാദവുമില്ല. നെയ്യാറ്റിന്‍കരയില്‍ പിറവത്തേതുപോല യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. മാലിന്യസംസ്കരണ പദ്ധതികളെക്കുറിച്ച് സംസ്ഥാനത്താകെ ജനങ്ങളില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനിക മാലിന്യസംസ്കരണരീതികളിലേക്ക് മാറാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. പദ്ധതികള്‍ വന്നിടത്തെല്ലാം പ്രശ്നമാണ്. വിളപ്പില്‍ശാല പ്രശ്നം പരിഹരിക്കാന്‍ പുതിയ മന്ത്രി ചര്‍ച്ച തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 260412

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനത്തെക്കുറിച്ച് മുസ്ലിംലീഗ് മന്ത്രിമാര്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരും ഇതേക്കുറിച്ച് അറിഞ്ഞില്ല. സര്‍വകലാശാല എന്തു തീരുമാനമെടുത്താലും സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ലെന്നും മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete