Monday, April 30, 2012

ഭവനബോര്‍ഡ് ചെയര്‍മാനും സെക്രട്ടറിക്കും ആഡംബരകാര്‍ വാങ്ങുന്നു


സാമ്പത്തികപ്രതിസന്ധിമൂലം നട്ടംതിരിയുന്ന ഭവന നിര്‍മാണ ബോര്‍ഡില്‍ വന്‍ ധൂര്‍ത്ത്. ലക്ഷങ്ങള്‍ ചെലവിട്ട് ചെയര്‍മാനും സെക്രട്ടറിക്കും പുതിയ ആഡംബരകാര്‍ വാങ്ങുന്നു. രണ്ടുവര്‍ഷമാകാത്ത കാര്‍, ബോര്‍ഡിനുള്ളപ്പോഴാണിത്. ചെയര്‍മാന്റെ ഓഫീസ് മുറിയും ഗസ്റ്റ്ഹൗസും മോടിപിടിപ്പിക്കാനും വന്‍ തുകയാണ് ചെലവിടുന്നത്. ചെയര്‍മാന് ഇന്നോവയും സെക്രട്ടറിക്ക് ടൊയോട്ട എറ്റിയോസുമാണ് വാങ്ങുന്നത്. ഇതിനായി 22,26,980 രൂപ കഴക്കൂട്ടത്തെ ഡീലര്‍ക്ക് കൈമാറി. 14,88,311 രൂപയാണ് ചെയര്‍മാനുള്ള കാറിന്റെ വില. സെക്രട്ടറിയുടെ കാറിന് 7,38,670 രൂപയും കൊടുത്തു. വര്‍ക്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഡീലര്‍ ആദ്യം നല്‍കിയ ഇന്‍വോയിസ്പ്രകാരം 21,68,384 രൂപ നല്‍കിയിരുന്നു. പിന്നീട് അധികമായി ആവശ്യപ്പെട്ട 58,597 രൂപയും കൈമാറി.

നിലവില്‍ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ ഉള്ളപ്പോഴാണ് ചെയര്‍മാനായി പുതിയ കാര്‍ വാങ്ങുന്നത്. വിശ്രമസ്ഥലം അടക്കമുള്ള ശീതീകരിച്ച ഓഫീസ് മുറിയാണ് വിസ്തൃതമാക്കുന്നത്. സൗകര്യം കുറവെന്ന പേരിലാണ് ഭിത്തികള്‍ ഇടിച്ചുമാറ്റി വലിപ്പം കൂട്ടുന്നത്. പട്ടത്തുള്ള ബോര്‍ഡിന്റെ ഗസ്റ്റ്ഹൗസ് മോടിപിടിപ്പിച്ച് ചെയര്‍മാന്‍ പുതുതായി നിയമിച്ചവര്‍ക്ക് താമസിക്കാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ചെയര്‍മാന്‍ ദിവസവും കൊട്ടാരക്കരയ്ക്കടുത്തുള്ള വീട്ടില്‍ പോയിവരികയാണ്. ബോര്‍ഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാര്യമായിട്ടില്ല. പുതിയ ഭവനപദ്ധതികളുമില്ല. ബോര്‍ഡിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ ശമ്പളം, പിഎഫ് വിഹിതം അടയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും തുക കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. സാമ്പത്തികസ്ഥിതി ഏറ്റവും മോശപ്പെട്ട സമയത്താണ് ധൂര്‍ത്തും കെടുകാര്യസ്ഥതയും അരങ്ങേറുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 300412

1 comment:

  1. സാമ്പത്തികപ്രതിസന്ധിമൂലം നട്ടംതിരിയുന്ന ഭവന നിര്‍മാണ ബോര്‍ഡില്‍ വന്‍ ധൂര്‍ത്ത്. ലക്ഷങ്ങള്‍ ചെലവിട്ട് ചെയര്‍മാനും സെക്രട്ടറിക്കും പുതിയ ആഡംബരകാര്‍ വാങ്ങുന്നു. രണ്ടുവര്‍ഷമാകാത്ത കാര്‍, ബോര്‍ഡിനുള്ളപ്പോഴാണിത്. ചെയര്‍മാന്റെ ഓഫീസ് മുറിയും ഗസ്റ്റ്ഹൗസും മോടിപിടിപ്പിക്കാനും വന്‍ തുകയാണ് ചെലവിടുന്നത്. ചെയര്‍മാന് ഇന്നോവയും സെക്രട്ടറിക്ക് ടൊയോട്ട എറ്റിയോസുമാണ് വാങ്ങുന്നത്. ഇതിനായി 22,26,980 രൂപ കഴക്കൂട്ടത്തെ ഡീലര്‍ക്ക് കൈമാറി. 14,88,311 രൂപയാണ് ചെയര്‍മാനുള്ള കാറിന്റെ വില. സെക്രട്ടറിയുടെ കാറിന് 7,38,670 രൂപയും കൊടുത്തു. വര്‍ക്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. ഡീലര്‍ ആദ്യം നല്‍കിയ ഇന്‍വോയിസ്പ്രകാരം 21,68,384 രൂപ നല്‍കിയിരുന്നു. പിന്നീട് അധികമായി ആവശ്യപ്പെട്ട 58,597 രൂപയും കൈമാറി.

    ReplyDelete