Sunday, April 29, 2012

വാള്‍സ്ട്രീറ്റ് മാതൃകയില്‍ കര്‍ഷകപ്രക്ഷോഭം വളര്‍ത്തണം: സി പി നാരായണന്‍


"ഞങ്ങള്‍ 99 ശതമാനം ജനങ്ങള്‍; നിങ്ങള്‍ ഒരു ശതമാനം സമ്പന്നര്‍" എന്ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ മുഴങ്ങിയ ത് പോലെ ഇന്ത്യയിലെ അസംഘടിതരായ കര്‍ഷകജനലക്ഷങ്ങള്‍ക്കും സംഘടിച്ച് മുദ്രാവാക്യം മുഴക്കാന്‍ കഴിയണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി പി നാരായണന്‍ പറഞ്ഞു. കേരള കര്‍ഷകസംഘം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടത്തിയ പഞ്ചദിന അഖണ്ഡസത്യഗ്രഹ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായമേഖലയില്‍ സംഘടിതതൊഴിലാളികളെ ഇല്ലാതാക്കാന്‍ കരാര്‍ ജോലി വ്യാപകമാക്കുന്നതുപോലെ കാര്‍ഷിക മേഖലയിലേക്കും പുത്തന്‍ നയങ്ങള്‍ വ്യാപിപ്പിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ഭൂപരിഷ്കരണമെന്നാല്‍ ആദിവാസികളില്‍ നിന്നും ദളിതരില്‍ നിന്നും മറ്റ് ദരിദ്ര-നാമമാത്ര-പരിമിത കര്‍ഷകരില്‍ നിന്നും ഭൂമി തിരിച്ചുപിടിച്ച് വന്‍കിടക്കാര്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും നല്‍കലാണ്. ഇതിനുള്ള ന്യായം കൃഷി ഭൂമി കൃഷി ചെയ്യാന്‍ അവര്‍ക്കേ കഴിയൂ എന്നാണ്. കാര്‍ഷികവായ്പയും ഈ ശതകോടീശ്വരന്മാര്‍ക്ക് നല്‍കിയാല്‍ മതിയെന്ന് 12ാം പദ്ധതിരേഖയില്‍ പറയുന്നു. പാവപ്പെട്ട കര്‍ഷകര്‍ക്ക് വായ്പ നല്‍കിയാല്‍ അവര്‍ അത് അടിയന്തര ജീവല്‍പ്രശ്നങ്ങള്‍ക്ക് വകമാറ്റി വിനിയോഗിക്കുമത്രേ. ഭൂവുടമസ്ഥതാ കേന്ദ്രീകരണമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. ഇതിനെതിരേ പോരാടാന്‍ കര്‍ഷകര്‍ പുതിയ ഊര്‍ജം ഉള്‍ക്കൊള്ളണം. സംഘടിക്കുന്ന കര്‍ഷകനേ ശബ്ദിക്കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഏറ്റവും അസംഘടിതരായ വിഭാഗമാണ് കര്‍ഷകര്‍. സംഘടിതര്‍ വ്യവസായ തൊഴിലാളികള്‍ മാത്രമാണ്. അതുകൊണ്ടാണ് ഫെബ്രുവരി 28ന്റെ പണിമുടക്കില്‍ എല്ലാ വിഭാഗം തൊഴിലാളികളും ഒറ്റക്കെട്ടായി പങ്കെടുത്ത് ചരിത്രത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞത്. കര്‍ഷകരുടേയും ഈ വിധത്തിലുള്ള ഐക്യനിര പടുത്തുയര്‍ത്താനുള്ള ശ്രമമാണ് കര്‍ഷകസംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് സി പി നാരായണന്‍ പറഞ്ഞു.

സംഘം ജില്ലാ സെക്രട്ടറി പ്രൊഫ. എം ടി ജോസഫ് സമാപന പ്രസംഗം നടത്തി. സമരത്തെ അഭിവാദ്യം ചെയ്ത സിപിഐ എമ്മിന്റെയും വര്‍ഗബഹുജന സംഘടനകളുടെയും സര്‍വീസ് സംഘടനകളുടെയും നേതാക്കള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. കെ അനില്‍കുമാര്‍ സംസാരിച്ചു. സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ സി ജോസഫ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രൊഫ. ആര്‍ നരേന്ദ്രനാഥ് സ്വാഗതം പറഞ്ഞു. 23ന് രാവിലെ 10ന് തുടങ്ങിയ സത്യഗ്രഹം 103 മണിക്കൂര്‍ പിന്നിട്ട് 27ന് വൈകിട്ട് നാലിന് സമാപിച്ചു.

deshabhimani 290412

1 comment:

  1. "ഞങ്ങള്‍ 99 ശതമാനം ജനങ്ങള്‍; നിങ്ങള്‍ ഒരു ശതമാനം സമ്പന്നര്‍" എന്ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ മുഴങ്ങിയ ത് പോലെ ഇന്ത്യയിലെ അസംഘടിതരായ കര്‍ഷകജനലക്ഷങ്ങള്‍ക്കും സംഘടിച്ച് മുദ്രാവാക്യം മുഴക്കാന്‍ കഴിയണമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി പി നാരായണന്‍ പറഞ്ഞു. കേരള കര്‍ഷകസംഘം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനിയില്‍ നടത്തിയ പഞ്ചദിന അഖണ്ഡസത്യഗ്രഹ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete