Wednesday, April 25, 2012

കോണ്‍ഗ്രസ് വകുപ്പില്‍ മുസ്‌ലിംലീഗിന്റെ കടന്നുകയറ്റം


ഐ ടി അറ്റ് സ്‌കൂളില്‍ പ്രോജക്ട് ഡയറക്ടറായി ഇഷ്ടക്കാരനെ നിയമിച്ച മുസ്‌ലിംലീഗ്, സി ഡിറ്റിലും അതുപോലെ പാര്‍ട്ടിക്കാരനായ ആളെ രജിസ്ട്രാറാക്കി കുടിയിരുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് മന്ത്രി. കെ സി ജോസഫിന്റെ കീഴിലാണ് സി ഡിറ്റ് എങ്കിലും കോണ്‍ഗ്രസുകാരെ കടത്തിവെട്ടി മുസ്‌ലിംലീഗ്കാരനെ നിയമിക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് മുസ്‌ലിംലീഗ് നേതാക്കള്‍. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ മന്ത്രി കെ സി ജോസഫ് വിഷയം കെ പി സി സി പ്രസിഡന്റിന് വിട്ടു. സി ഡിറ്റിലെ രജിസ്ട്രാര്‍ ആയിരുന്ന ഐ എ എസുകാരന്‍ പ്രണവ് ജ്യോതിനാഥ് സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ സി ഡിറ്റിലും ലഭിച്ചു. മറ്റ് ഒന്നിലധികം ചുമതലകള്‍ക്കൊപ്പമാണ് ജ്യോതിനാഥ് സി ഡിറ്റിന്റെ ഭരണകാര്യങ്ങള്‍ കൂടി നോക്കിയിരുന്നത്. ഇതുപോരെന്നും സി ഡിറ്റിന് സ്ഥിരം സമയം പ്രവര്‍ത്തിക്കുന്ന ഒരു രജിസ്ട്രാര്‍ വേണമെന്നുമുള്ള വാദത്തിന്മേലാണ് കോണ്‍ഗ്രസിന്റെ വകുപ്പില്‍ കടന്നുകയറി സ്വന്തം പാര്‍ട്ടിക്കാരനായ ഒരാളെ നിയമിക്കാന്‍ മുസ്‌ലിംലീഗ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

കലാപരമായി അതിനെക്കാള്‍ ഉപരി ആധുനിക ഡിജിറ്റല്‍ സാങ്കേതിക പരിജ്ഞാനവും വേണ്ട ആളായിരിക്കണം സി ഡിറ്റ് പോലുള്ള സ്ഥാപനത്തിന്റെ ഭരണതലപ്പത്ത് വരേണ്ടത്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജിലെ ഒരു ഫിലോസഫി അധ്യാപകന് വേണ്ടിയാണ് മുസ്‌ലിംലീഗ് നേതാക്കള്‍ ചരട് വലിക്കുന്നത്. മന്ത്രി കെ സി ജോസഫിന്റെമേല്‍ വന്‍ സമ്മര്‍ദ്ദമാണ് ഇവര്‍ ചെലുത്തുന്നത്. ഇപ്പോള്‍ മുസ്‌ലിംലീഗുകാരനായ മുന്‍ കോണ്‍ഗ്രസുകാരന്‍ എസ് എ ഷാജഹാനെയാണ് സി ഡിറ്റിന്റെ രജിസ്ട്രാര്‍ പദവിയിലേക്ക് എത്തിക്കാന്‍ ലീഗ് നേതൃത്വം ശ്രമിക്കുന്നത്. കോളേജ് അധ്യാപകരുടെ കോണ്‍ഗ്രസ് യൂണിയന്റെ നേതൃത്വസ്ഥാനത്തിരിക്കവേ പാര്‍ട്ടി നടപടിയെടുത്ത് പുറത്താക്കിയതിനെ തുടര്‍ന്നാണ് ഇയാള്‍ മുസ്‌ലിംലീഗിലെത്തിയതെന്നറിയുന്നു. കേരള സര്‍വകലാശാലയുടെ പരീക്ഷാ കംട്രോളറാകാനും ഇയാള്‍ ശ്രമം നടത്തിയിട്ടുള്ളതായി അറിയുന്നു. ഷാജഹാനെ സി ഡിറ്റിലെ രജിസ്ട്രാറാക്കാനുള്ള ഫയലിന് അന്തിമ രൂപം നല്‍കിയിട്ടില്ലെന്നാണ് സെക്രട്ടേറിയറ്റിലെ മന്ത്രി ഓഫീസില്‍ നിന്നറിയുന്നത്. മന്ത്രി കെ സി ജോസഫ് വിഷയം കെ പി സി സി പ്രസിഡന്റിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

ഇതേസമയം ഒരു ഫിലോസഫി അധ്യാപകന് സി ഡിറ്റിന്റെ ഭരണം എത്രമാത്രം കാര്യക്ഷമതയോടെ കൊണ്ടുപോകാനാകുമെന്ന ആശങ്ക ഇപ്പോഴും കോണ്‍ഗ്രസ് മന്ത്രിയുടെ ഓഫീസിനുണ്ട്.ഇതേസമയം സംസ്‌കൃത സര്‍വകലാശാലയിലെ ഒരു സുവോളജി അധ്യാപകനും സി ഡിറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസുകാരനായ ഇയാള്‍ക്കെതിരെ മുന്‍പ് സംസ്‌കൃത സര്‍വകലാശാലയിലായിരിക്കുമ്പോള്‍ നിരവധി ക്രമക്കേടുകളുടെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്ക് പിന്നിലും ചില കോണ്‍ഗ്രസ് നേതാക്കളുടെ ശക്തിയുണ്ട്. ഇതേസമയം ഭരണകാര്യങ്ങളില്‍ വൈദഗ്ധ്യം ഇല്ലാത്ത കോളജ് അധ്യാപകനെ രജിസ്ട്രാര്‍ ആക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. സി ഡിറ്റിനെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും ഇഷ്ടക്കാരെ വരുന്ന പോസ്റ്റുകളില്‍ നിയമിക്കുന്നതിനു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനമാണ് ഇതിന്റെ പിന്നിലെന്ന് ജീവനക്കാരുടെ സംഘടനാനേതാക്കള്‍ പറയുന്നു.

janayugom 250412

1 comment:

  1. ഐ ടി അറ്റ് സ്‌കൂളില്‍ പ്രോജക്ട് ഡയറക്ടറായി ഇഷ്ടക്കാരനെ നിയമിച്ച മുസ്‌ലിംലീഗ്, സി ഡിറ്റിലും അതുപോലെ പാര്‍ട്ടിക്കാരനായ ആളെ രജിസ്ട്രാറാക്കി കുടിയിരുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് മന്ത്രി. കെ സി ജോസഫിന്റെ കീഴിലാണ് സി ഡിറ്റ് എങ്കിലും കോണ്‍ഗ്രസുകാരെ കടത്തിവെട്ടി മുസ്‌ലിംലീഗ്കാരനെ നിയമിക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് മുസ്‌ലിംലീഗ് നേതാക്കള്‍. സമ്മര്‍ദ്ദം ശക്തമായപ്പോള്‍ മന്ത്രി കെ സി ജോസഫ് വിഷയം കെ പി സി സി പ്രസിഡന്റിന് വിട്ടു. സി ഡിറ്റിലെ രജിസ്ട്രാര്‍ ആയിരുന്ന ഐ എ എസുകാരന്‍ പ്രണവ് ജ്യോതിനാഥ് സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ സി ഡിറ്റിലും ലഭിച്ചു. മറ്റ് ഒന്നിലധികം ചുമതലകള്‍ക്കൊപ്പമാണ് ജ്യോതിനാഥ് സി ഡിറ്റിന്റെ ഭരണകാര്യങ്ങള്‍ കൂടി നോക്കിയിരുന്നത്. ഇതുപോരെന്നും സി ഡിറ്റിന് സ്ഥിരം സമയം പ്രവര്‍ത്തിക്കുന്ന ഒരു രജിസ്ട്രാര്‍ വേണമെന്നുമുള്ള വാദത്തിന്മേലാണ് കോണ്‍ഗ്രസിന്റെ വകുപ്പില്‍ കടന്നുകയറി സ്വന്തം പാര്‍ട്ടിക്കാരനായ ഒരാളെ നിയമിക്കാന്‍ മുസ്‌ലിംലീഗ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

    ReplyDelete