Sunday, April 29, 2012

സര്‍ക്കാര്‍ സമീപനം വേട്ടക്കാരുടേത്: വി വി ദക്ഷിണാമൂര്‍ത്തി


കോഴിക്കോട്: മത്സ്യത്തൊഴിലാളികളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേട്ടക്കാരുടെ സമീപനമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. അതുകൊണ്ടാണ് പണംകൊടുത്ത് വെടിവയ്പ്പ് കേസ് ഇല്ലതാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവന് സര്‍ക്കാര്‍ വില കല്‍പ്പിക്കുന്നില്ലെന്ന സ്ഥിതി വന്നു. പക്ഷികളെ കൊല്ലുന്ന ലാഘവത്തോടെയാണ് നമ്മുടെ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ നിറയൊഴിക്കുന്നത്. അവര്‍ തങ്ങളുടെ സ്വന്തമെന്നുകരുതുന്ന കടലില്‍വച്ച് അടുത്തിടെ ഏഴ് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ജീവന്‍ പണയപ്പെടുത്തി കടലില്‍പോയി ജനതയ്ക്ക് ഭക്ഷണവും രാജ്യത്തിന് വിദേശനാണ്യവും നേടിത്തരുന്ന കടലിന്റെ മക്കളോട് എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള ആദരമാണ് മനുഷ്യസാഗരത്തില്‍ പ്രകടമായത്- അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരുകള്‍ സംരക്ഷണം നല്‍കണം: പാലോളി

തിരൂര്‍: മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും ജീവനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. ഫിഷറീസ് കോര്‍ഡിനേഷന്‍ നേതൃത്വത്തില്‍ നടത്തിയ മനുഷ്യസാഗരത്തിനുശേഷം പുറത്തൂര്‍ നായര്‍തോടില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തെ തുടക്കത്തില്‍ ഗൗരവത്തോടെ കണ്ട സര്‍ക്കാരുകള്‍ പിന്നീട് പ്രതികള്‍ക്കനുകൂലമായി. കോടതിക്കുപോലും ഇക്കാര്യത്തില്‍ സര്‍ക്കാരുകളെ വിമര്‍ശിക്കേണ്ടിവന്നു. കൊലയാളികളായ ഇറ്റലിക്കാരെ രക്ഷപ്പെടുത്തുന്ന നിലയിലേക്ക് മാറ്റിപ്പറയുന്ന സ്ഥിതിക്ക് പിന്നില്‍ ഗൂഢശക്തികളുണ്ടെന്ന സംശയം ഉയര്‍ന്നിരിക്കുന്നു. ബാലിശമായ വാദഗതികളുയര്‍ത്തി പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരെയുള്ള മത്സ്യ ത്തൊഴിലാളികളുടെ രോഷമാണ് മനുഷ്യസാഗരത്തിലൂടെ പ്രകടമായതെന്നും പാലോളി പറഞ്ഞു.

സി ഒ അറുമുഖന്‍ അധ്യക്ഷനായി. കൂട്ടായി ബഷീര്‍, കെ വി സുധാകരന്‍, സി ഒ ശ്രീനിവാസന്‍, കെ ടി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. മൂന്നങ്ങാടിയില്‍ പൊതുയോഗം സിപിഐ എം ഏരിയാ സെക്രട്ടറി എ ശിവദാസന്‍ ഉദ്ഘാടനംചെയ്തു. സി കുട്ടന്‍ അധ്യക്ഷനായി. കെ നാരായണന്‍, എ കെ മജീദ്, കാസിം വാടി എന്നിവര്‍ സംസാരിച്ചു. വാടിക്കലില്‍ യു വി പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്തു. കെ പി ബാപ്പുട്ടി അധ്യക്ഷനായി. പി സദാശിവന്‍, കെ പി സുനില്‍കുമാര്‍, എം പി മജീദ്, ഷംസു എന്നിവര്‍ സംസാരിച്ചു. കൂട്ടായി ടൗണില്‍ നടന്ന പൊതുയോഗം കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. കെ പി ബാപ്പുട്ടി അധ്യക്ഷനായി. എം ബാപ്പുട്ടി, കെ സെയ്തലവി, സലാം താണിക്കാട്, ഹംസക്കോയ, ഹംസക്കുട്ടി എന്നിവര്‍ സംസാരിച്ചു. പറവണ്ണയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ദിവാകരന്‍ ഉു്ഘാടനംചെയ്തു. അഡ്വ. യു സൈനുദ്ദീന്‍, അധ്യക്ഷനായി. സി പി കുഞ്ഞുമോന്‍, എം രജനി, എ പി ഉബൈദ് എന്നിവര്‍ സംസാരിച്ചു.

വിദേശിക്ക് ധാര്‍ഷ്ട്യത്തിന് അവസരമൊരുക്കിയത് ഭരണക്കാര്‍ : ബേബിജോണ്‍

ചാവക്കാട്: കടല്‍സമ്പത്ത് ഒരു കൂട്ടം പരദേശി കടല്‍ക്കൊള്ളക്കാര്‍ക്ക് തീറെഴുതിയതോടെയാണ്് നമ്മുടെ മത്സ്യതൊഴിലാളിജീവിതം ദുരിതപൂര്‍ണ്ണമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍. ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യസാഗരത്തോടനുബന്ധിച്ച് ചാവക്കാട് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടല്‍ എന്റേതാണെന്ന വിശ്വാസത്തിലാണ് തലമുറകളായി മീന്‍പിടുത്തത്തിന് തൊഴിലാളി പോകുന്നത്. ആ മടിത്തട്ടില്‍ അഭയംതേടുന്ന കടല്‍മക്കളെ വെടിവെച്ചിടുന്ന ഭയാനകമായ സ്ഥിതിവിശേഷം പലതിന്റെയും തുടര്‍ച്ചയാണ്. പണ്ടും കടലില്‍ കപ്പലോട്ടവും മത്സ്യബന്ധനവും സുഗമമായി നടന്നിട്ടുണ്ട്. പരസ്പര ബഹുമാനത്തിലായിരുന്നു അത്. ഇത് നഷ്ടപ്പെടുത്താനും വിദേശികള്‍ക്ക് ധാര്‍ഷ്ട്യം കാട്ടാനും അവസരമുണ്ടാക്കിയതില്‍ ഭരണകര്‍ത്താക്കള്‍ക്ക് പങ്കുണ്ട്. കടല്‍ നിങ്ങളുടേതല്ലെന്ന് മീന്‍പിടുത്തക്കാരോട് പറയുന്ന ഒരു വര്‍ഗം ഉയര്‍ന്നുവന്നിട്ടുണ്ട്. അവര്‍ക്കായി ഒരു നിബന്ധനയുമില്ലാതെ കടലിനെ തുറന്നിട്ടുകൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അടിത്തട്ട് വരെ അരിച്ച് വന്ധ്യംകരിക്കുകയാണ് വിദേശ ട്രോളറുകള്‍. പ്രകൃതിവിരുദ്ധ കടല്‍ക്കൊള്ളക്ക് വിദേശികള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നതിന്റെ അനന്തരഫലമാണ് കടലിലെ വെടിവെപ്പും മത്സ്യതൊഴിലാളികളുടെ മരണവും. സ്വന്തം പൗരന്മാര്‍ നിസ്സഹായരായി വെടിയേറ്റു മരിച്ചിട്ടും കോടതിയില്‍ വിദേശികള്‍ക്ക് വേണ്ടി പൊറാട്ടുനാടകമാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. യോഗം ഡിസിസി പ്രസിഡണ്ട് വി ബലറാം ഉദ്ഘാടനം ചെയ്തു. കെ പുരുഷോത്തമന്‍ അധ്യക്ഷനായി.


ഒത്തുതീര്‍പ്പുകള്‍ നിയമത്തിന് വിധേയമാകണം: സുധീരന്‍

നാട്ടിക: കടലിലെ വെടിവയ്പ്പില്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസിലുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നിയമത്തിന് വിധേയമായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ .നാട്ടികയില്‍ മനുഷ്യസാഗരത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേസില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി അറിഞ്ഞു. എന്നാല്‍ നിയമം അതിന്റെ വഴിക്ക് പോകണം. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുകയും വേണം. അതാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി നീതി. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്വീകരിച്ച നിലപാട് തെറ്റാണ്. അദ്ദേഹത്തിന്റെ നടപടി നാടിന് നാണക്കേടുണ്ടാക്കി. അദ്ദേഹത്തിന്റെ ഈ നിലപാടിന് പിന്നില്‍ എന്ത് താല്‍പ്പര്യമാണെന്ന് അന്വേഷിച്ച് പുറത്തു കൊണ്ടുവരണം. കേസ് സോളിസിറ്റര്‍ ജനറല്‍ ഏറ്റെടുക്കണം. തല്‍സ്ഥാനത്തുനിന്നു തന്നെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ മാറ്റണം. വെട്ടിക്കുറച്ച മണ്ണെണ്ണ പുനഃസ്ഥാപിച്ച് തീരദേശത്ത് ആവശ്യത്തിന് ലഭ്യമാക്കണമെന്നും സുധീരന്‍ പറഞ്ഞു.

deshabhimani 290412

No comments:

Post a Comment