Friday, April 27, 2012

ഭൂമിദാനം: ലീഗിനെ വി സി പ്രതിക്കൂട്ടില്‍ കയറ്റുന്നു


മുസ്ളീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ് അലി തങ്ങളുടെ കാര്‍മ്മികത്വത്തിലും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ആസൂത്രണത്തിലും കാലിക്കറ്റ് സര്‍വകലാശാലയുടെ ഏക്കര്‍കണക്കിനു ഭൂമി തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയ്ക്കെതിരെ വൈസ് ചാന്‍സലര്‍ എം അബ്ദുള്‍ സലാം ആഞ്ഞടിക്കുന്നു.

ഭൂമിദാനം റദ്ദായതോടെ തന്നെ ബലിയാടാക്കി തടിയൂരാമെന്ന് മുസ്ളീംലീഗ് നേതൃത്വം കരുതേണ്ടെന്നു മുന്നറിയിപ്പു നല്‍കിയ അദ്ദേഹം ഈ കറുത്ത ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്താമോ എന്ന് മുസ്ളീംലീഗിനെ വെല്ലുവിളിക്കുകയും ചെയ്തു.

ഈ ഭൂമിദാനത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയുന്നു. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബാണ് ഇക്കാര്യത്തില്‍ ചരടുവലിച്ചത്. ഈ ഇടപാടിനെക്കുറിച്ച് താന്‍ അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തിരുന്നു. മുസ്ളീംലീഗിന്റെ അത്യുന്നത നേതൃത്വമാണ് ഭൂമിദാന പദ്ധതി കരുപ്പിടിപ്പിച്ചതെന്നും വൈസ് ചാന്‍സലര്‍ സലാം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി.

വൈസ് ചാന്‍സലറുടെ വെല്ലുവിളിയടങ്ങുന്ന ഈ വെളിപ്പെടുത്തലോടെ ലീഗ് നേതൃത്വം അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായെന്നാണ് സര്‍വകലാശാലാവൃത്തങ്ങളുടെ അഭിപ്രായം. ഭൂമി തട്ടിയെടുക്കാന്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് തങ്ങളുടേതടക്കമുള്ള മുസ്ളീംലീഗ് നേതാക്കള്‍ നടത്തിയ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാവുന്നതാണെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു. ബഹുജനരോഷത്തെത്തുടര്‍ന്ന് ഭൂമിദാനം റദ്ദാക്കിയെങ്കിലും കേസ് നിലനില്‍ക്കുമെന്നും വൈസ് ചാന്‍സലറെത്തന്നെ പ്രധാനസാക്ഷിയാക്കിയാല്‍ ഈ ക്രിമിനല്‍ ഗൂഢാലോചനയുടെ വ്യക്തമായ ചിത്രം പുറത്തുവരുമെന്നുമാണ് നിയമജ്ഞര്‍ പറയുന്നത്.

വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെത്തന്നെയായിരുന്നു ഭൂമിദാനമെന്ന് വൈസ് ചാന്‍സലറുടെ വെളിപ്പെടുത്തലോടെ സര്‍ക്കാര്‍ അറിയാതെയായിരുന്നു ഈ നിയമവിരുദ്ധ ഭൂമി ഇടപാടുകളെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദവും പൊളിയുന്നു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ഭൂമിദാനത്തിനു അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയാണെങ്കില്‍ അദ്ദേഹത്തെ അറിയിക്കാതെയാണ് ലീഗ്നേതൃത്വവും വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്ന് ഭൂമി തട്ടിയെടുക്കാന്‍ ഗൂഢാലോചന ആസൂത്രണം ചെയ്തതെന്നു വരും. അന്വേഷണത്തിലൂടെ ഈ കള്ളക്കളികളെല്ലാം പുറത്താവുകയും ചെയ്യും.

മന്ത്രി മുനീറിന്റെ അളിയനും കേരളാ ഒളിമ്പിക്സ് അസോസിയേഷന്‍ സെക്രട്ടറിയുമായ പി എ ഹംസയുടെ ചുമതലയില്‍ വാഴ്സിറ്റി കാമ്പസ് വളപ്പില്‍ 92 കോടി രൂപ ചെലവഴിച്ച് സ്പോര്‍ട്സ് കോംപ്ളക്സ് പണിയാന്‍ സ്ഥലമനുവദിക്കുന്നതിന് തന്നോടാവശ്യപ്പെട്ടത് വിദ്യാഭ്യാസമന്ത്രിയായിരുന്നുവെന്ന വി സിയുടെ വെളിപ്പെടുത്തലോടെ മുനീറടക്കം രണ്ടു മന്ത്രിമാര്‍ ഭൂമിദാനത്തിനു പിന്നിലുണ്ടെന്നു വ്യക്തം.

എന്നാല്‍ ഈ നിയമവിരുദ്ധ ഭൂമിയിടപാടുകളുടെയെല്ലാം ബുദ്ധികേന്ദ്രം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണെന്ന് ലീഗ് നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുതന്നെ അഭിപ്രായമുള്ളപ്പോള്‍ മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി ഭൂമി തട്ടിയെടുക്കാനുള്ള ലീഗ് മന്ത്രിമാരുടെ ഗൂഢപദ്ധതിയാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.

അടിമുടി താന്‍ ഒരു അക്കാദമിഷ്യനാണ്. ഈ ഇടപാടില്‍ തനിക്ക് തരിമ്പുപോലും പങ്കുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ വൈസ് ചാന്‍സലര്‍സ്ഥാനം രാജിവയ്ക്കാം. ഭൂമിദാനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് താന്‍ വാഴ്സിറ്റിയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും വി സി അറിയിച്ചു.

ചില സിന്‍ഡിക്കേറ്റ് മെമ്പര്‍മാരുടെ ധാരണ തങ്ങള്‍ മന്ത്രിമാരെപ്പോലെ സര്‍വാധികാരങ്ങളും കയ്യാളുന്നവരാണെന്നാണ്. രാഷ്ട്രീയക്കാരുടെ കൈമണിയല്ല. അതുകൊണ്ടുതന്നെ താന്‍ വൈസ് ചാന്‍സലറായി തുടരുന്ന കാലത്തോളം കാലിക്കറ്റ് സര്‍വകലാശാലയെ ഹൈജാക്ക് ചെയ്യാന്‍ ആരെയെങ്കിലും അനുവദിക്കുമെന്ന മോഹവും വേണ്ട- അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഈ ഭൂദാനത്തിന്റെ പേരില്‍ വി സിയെ ബലി കഴിക്കാനും തങ്ങള്‍ തയ്യാറാണെന്ന ലീഗ് നേതൃത്വത്തിന്റെ പ്രഖ്യാപനം കേട്ട് താന്‍ ഞെട്ടിപ്പോയി. മുസ്ളീംലീഗിന്റെ പിന്തുണയോടെയാണ് വി സിയായതെന്നതു നേരുതന്നെയാണ്. തന്റെ അക്കാദമിക് ചരിത്രം നോക്കിയായിരുന്നു നിയമനം. തനിക്ക് ഈ പദവി വലിയൊരു കാര്യവുമല്ല.
അതുകൊണ്ടുതന്നെ വി സിയെ തങ്ങള്‍ ബലി കഴിക്കാമെന്ന ലീഗിന്റെ പ്രഖ്യാപനത്തില്‍ ഒരു വേവലാതിയുമില്ല. പക്ഷെ, തന്നെ ബലിയാടാക്കി രക്ഷപ്പെടാമെന്ന മോഹവും മുസ്ളീംലീഗ് നേതൃത്വത്തിനു വേണ്ട- വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാമിന്റെ ഉഗ്രമായ താക്കീത്.

വി സിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ലീഗ് നേതൃത്വത്തിന്റെ 'അടിയന്തര ദുരന്തനിവാരണ സംഘം' ഇന്നലെ പാണക്കാട്ട് ചേര്‍ന്ന് പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന ഊരാക്കുടുക്കിനേയും നേരിടാനിരിക്കുന്ന നിയമനടപടികളേയും കുറിച്ച് ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.

janayugom 270412

1 comment:

  1. മുസ്ളീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ് അലി തങ്ങളുടെ കാര്‍മ്മികത്വത്തിലും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ ആസൂത്രണത്തിലും കാലിക്കറ്റ് സര്‍വകലാശാലയുടെ ഏക്കര്‍കണക്കിനു ഭൂമി തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയ്ക്കെതിരെ വൈസ് ചാന്‍സലര്‍ എം അബ്ദുള്‍ സലാം ആഞ്ഞടിക്കുന്നു.

    ReplyDelete