Monday, April 9, 2012

ഗുജറാത്ത് വംശഹത്യ: ഒഡെ കൂട്ടക്കൊല കേസില്‍ 23 പേര്‍ കുറ്റക്കാര്‍


ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഒഡെ കൂട്ടക്കൊല കേസിലെ 23 പ്രതികളെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. ആകെ 47 പ്രതികളില്‍ 23 പേരെ കുറ്റവിമുക്തരുമാക്കി. പ്രതികളില്‍ ഒരാള്‍ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു. ആനന്ദ് സെഷന്‍സ് കോടതി ജഡ്ജി പൂനം സിങ്ങാണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ 12ന് പ്രഖ്യാപിക്കും. കോടതി വിധി നരേന്ദ്രമോഡി സര്‍ക്കാരിന് തിരിച്ചടിയായി. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിച്ചത്.

2002 മാര്‍ച്ച് ഒന്നിനാണ് ആനന്ദ് ജില്ലയിലെ ഒഡെ ഗ്രാമത്തില്‍ നാടിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. സ്ത്രീയും കുഞ്ഞുങ്ങളും അടക്കം മുസ്ലിം വിഭാഗത്തിലെ 23 പേരാണ് സംഘപരിവാറിന്റെ ആസൂത്രിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1500 ഓളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഗോധ്ര ട്രെയിന്‍ ദുരന്തത്തിന്റെ പേരില്‍ സംഘപരിവാര്‍ നടപ്പാക്കിയ വംശഹത്യയുടെ ഭാഗമായിരുന്നു ഒഡെ കൂട്ടക്കൊല. മുസ്ലിം സമുദായക്കാരുടെ ഇരുപതോളം വീട് അക്രമികള്‍ തകര്‍ത്തു. അക്രമം ഭയന്ന് അയല്‍ഗ്രാമങ്ങളില്‍ നിന്ന് അഭയംതേടിയെത്തിയവരെ പാര്‍പ്പിച്ച മൂന്നുനില കെട്ടിടം അക്രമികള്‍ തീയിട്ടു. ഒമ്പതു കുട്ടികളും ഒമ്പതു സ്ത്രീകളും ഉള്‍പ്പെടെയാണ് 23 പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍, രണ്ടുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. മറ്റ് മൃതദേഹങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല.

2009 അവസാനം കേസിന്റെ വിചാരണ ആരംഭിച്ചു. 2011 മെയില്‍ വ്യക്തിപരമായ കാരണം പറഞ്ഞ് വിചാരണ കോടതി ജഡ്ജി വിരമിച്ചു. തുടര്‍ന്നാണ് പൂനം സിങ്ങിനെ ജഡ്ജിയായി നിയമിച്ചത്. തുടര്‍ന്ന് വിചാരണ ആദ്യം മുതല്‍ ആരംഭിക്കേണ്ടിവന്നു. കേസില്‍ ആകെ 150 സാക്ഷികളെ വിസ്തരിച്ചു. തെളിവടങ്ങുന്ന 170 രേഖ കോടതി മുമ്പാകെ ഹാജരാക്കിയതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എന്‍ പര്‍മര്‍ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പതു കേസാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കൈകാര്യം ചെയ്യുന്നത്. ഇതില്‍ രണ്ട് കേസില്‍ കോടതി വിധി പറഞ്ഞു. ഗോധ്ര ട്രെയിന്‍ ദുരന്ത കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. 33 മുസ്ലിം സമുദായക്കാരെ ജീവനോടെ കത്തിച്ച സര്‍ദാര്‍പുര കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.

deshabhimani 100412

1 comment:

  1. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഒഡെ കൂട്ടക്കൊല കേസിലെ 23 പ്രതികളെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. ആകെ 47 പ്രതികളില്‍ 23 പേരെ കുറ്റവിമുക്തരുമാക്കി. പ്രതികളില്‍ ഒരാള്‍ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു. ആനന്ദ് സെഷന്‍സ് കോടതി ജഡ്ജി പൂനം സിങ്ങാണ് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ 12ന് പ്രഖ്യാപിക്കും. കോടതി വിധി നരേന്ദ്രമോഡി സര്‍ക്കാരിന് തിരിച്ചടിയായി. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിച്ചത്.

    ReplyDelete