Tuesday, April 10, 2012

ഉയര്‍ന്നു പറക്കട്ടെ ചെഞ്ചോരക്കൊടി


പ്രത്യയശാസ്ത്രത്തെളിമയും രാഷ്ട്രീയ ദിശാബോധവും സംഘടനയുടെ ഉരുക്കുപോലെ ഉറച്ച ശേഷിയും ഉള്‍പ്പാര്‍ടിജനാധിപത്യത്തിന്റെ തികഞ്ഞ മാതൃകയും അസാമാന്യമായ സംഘാടന മികവും വിളിച്ചോതിയാണ് സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് തിങ്കളാഴ്ച സമാപിച്ചത്. തൊഴിലാളിവര്‍ഗ വിപ്ലവപ്പാര്‍ടിക്കുള്ള അജയ്യമായ ജനപിന്തുണയുടെ നിദര്‍ശനമായി ആറുനാള്‍ നീണ്ട പാര്‍ടി കോണ്‍ഗ്രസും അതിന്റെ സമാപനം കുറിച്ചുനടന്ന മഹാറാലിയും മാറി. ചില പ്രത്യയശാസ്ത്രങ്ങള്‍ സംബന്ധിച്ച പ്രമേയം കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ പ്രധാന സവിശേഷതയാണ്. 89 അംഗ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തു. ആ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെയും 15 അംഗങ്ങളടങ്ങിയ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു. ബിനോയ് കോനാര്‍ ചെയര്‍മാനായി അഞ്ചംഗ കണ്‍ട്രോള്‍ കമീഷന്‍ രൂപീകരിച്ചു.

1968ല്‍ ബര്‍ദ്വാന്‍ പ്ലീനത്തിലും 1992ല്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ടി കോണ്‍ഗ്രസിലുമാണ് ഇതിനുമുമ്പ് സിപിഐ എം പ്രത്യയശാസ്ത്രപ്രശ്നങ്ങള്‍ പരിഗണിച്ചത്. ഇന്ത്യന്‍ സാഹചര്യത്തില്‍ എന്താണ് സോഷ്യലിസമെന്ന്, ഇന്ത്യന്‍ സാഹചര്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തി 20-ാം കോണ്‍ഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്രരേഖ വിശദീകരണം നല്‍കുന്നു. ഇന്ത്യന്‍ സാഹചര്യം കണക്കിലെടുത്ത് വര്‍ഗസമരത്തിലൂടെ രാഷ്ട്രീയബദല്‍ കെട്ടിപ്പടുക്കുക എന്നതാണ് സിപിഐ എം പരിപാടി വിഭാവനം ചെയ്യുന്ന ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ മുന്നുപാധി. കേന്ദ്രകമ്മിറ്റി തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും പാര്‍ടിയിലുടനീളം ചര്‍ച്ചയ്ക്കുവിടുകയും ചെയ്ത പ്രത്യയശാസ്ത്ര പ്രമേയത്തിന് ആയിരത്തോളം ഭേദഗതിയാണ് ലഭിച്ചത്. അതില്‍ 38 എണ്ണം സ്വീകരിച്ചു. പ്രമേയത്തിലെ വിലയിരുത്തലുകളെ സമ്പുഷ്ടമാക്കുന്നതും കൂടുതല്‍ വിശദീകരിക്കുന്നതുമായിരുന്നു എല്ലാ ഭേദഗതികളും. ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ പ്രയോഗം അന്വര്‍ഥമാക്കുംവിധം പ്രമേയം വോട്ടിനിട്ടാണ് പാസാക്കിയത്. പ്രതിനിധികളില്‍ ഒരാള്‍ എതിര്‍ത്ത് വോട്ടുചെയ്തു മൂന്നുപേര്‍ വിട്ടുനിന്നു.

ആഗോള സോഷ്യലിസത്തിന് ചില തിരിച്ചടികള്‍ നേരിട്ടിട്ടുണ്ടെങ്കിലും മാര്‍ക്സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വര്‍ഗസമരം തീവ്രമാക്കാനുള്ള ശ്രമവുമായി സിപിഐ എം മുന്നോട്ടുപോകുമെന്നാണ് പ്രത്യയശാസ്ത്ര പ്രമേയത്തിലൂടെ പാര്‍ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും പകരമായ രാഷ്ട്രീയശക്തി വളര്‍ന്നുവരണമെന്നാണ് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ആഹ്വാനംചെയ്യുന്നത്. ആ ശക്തിക്ക് നേതൃത്വം കൊടുക്കുക എന്ന ശരിയായ ഉത്തരവാദിത്തം പാര്‍ടി ഏറ്റെടുക്കുന്നു. നവലിബറല്‍ നയങ്ങളുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ പാര്‍ടിയുടെ നേതൃപരമായ പങ്കാളിത്തം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനൊപ്പം പോരാട്ടത്തിന്റെ തീവ്രമായ നാളുകളിലേക്കുള്ള വാതിലുകളും പ്രമേയം തുറന്നിടുന്നു. തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കടയുടമകളും മധ്യവര്‍ഗവും അടക്കം നവ ഉദാരനയത്തിന്റെ ഇരകളായ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തി സമരം ശക്തിപ്പെടുത്തും. ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ സമരങ്ങളിലൂടെ യഥാര്‍ഥ ബദല്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള കര്‍ത്തവ്യമാണ് സിപിഐ എം ഏറ്റെടുക്കുന്നത്.

മാനസികവും ബുദ്ധിപരവുമായി അധ്വാനിക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍ അത്തരക്കാര്‍ ചൂഷണംചെയ്യപ്പെടുന്നില്ലെന്നും അവര്‍ മുതലാളിത്തത്തിന്റെ പങ്കാളികളാണെന്നുമുള്ള വ്യാമോഹം വളര്‍ന്നുവന്നു. ഈ പ്രശ്നം പ്രത്യയശാസ്ത്രപരമായി നേരിടണമെന്നും പാര്‍ടി തീരുമാനിച്ചു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം പാര്‍ടി ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് പരിഷ്കാരത്തിലൂടെ രാഷ്ട്രീയത്തിലെ പണസ്വാധീനം നിയന്ത്രിക്കാന്‍ കഴിയുമെന്നും പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. തൃണമൂല്‍- മാവോയിസ്റ്റ് അതിക്രമങ്ങളെ ചെറുക്കുന്ന പശ്ചിമബംഗാളിലെ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ജനറല്‍ സെക്രട്ടറിമുതല്‍ ലോക്കല്‍ സെക്രട്ടറിവരെയുള്ളവരുടെ കാലാവധി മൂന്ന് പൂര്‍ണതവണകളായി നിജപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയാണ് പാര്‍ടി കോണ്‍ഗ്രസിന്റെ മറ്റൊരു തീരുമാനം. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് പുതിയ സഖാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാനും പരിചയസമ്പന്നരായ നേതാക്കളുടെ സാന്നിധ്യം നേതൃതലത്തില്‍ നിലനിര്‍ത്താനും ഉദ്ദേശിച്ചുള്ള ഈ ഭേദഗതിയെപ്പോലും തെറ്റായ അര്‍ഥം നല്‍കി പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.

പാര്‍ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ച രാഷ്ട്രീയത്തെക്കുറിച്ച് പറയാനല്ല; സങ്കുചിത താല്‍പ്പര്യങ്ങള്‍ വച്ചുള്ള വിവാദസൃഷ്ടിക്കാണ് വലതുപക്ഷ മാധ്യമങ്ങള്‍ തയ്യാറായത്. അത്തരം ശ്രമങ്ങളൊന്നും ജനങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല എന്ന് കോഴിക്കോട്ടേക്ക് ആവേശപൂര്‍വം ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ തെളിയിച്ചു. പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ടാണെന്ന് പ്രഖ്യാപിച്ച തീയതിമുതല്‍ ജില്ലയിലെ പാര്‍ടി ഘടകങ്ങളും നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം ഏകമനസ്സായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അനുബന്ധ പരിപാടികളും പ്രവര്‍ത്തനങ്ങളും നാടെങ്ങും പുത്തന്‍ ഉണര്‍വ് പകര്‍ന്നു. പുതിയ ജനവിഭാഗങ്ങളെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മുഴുവന്‍ ഘടകങ്ങളെയും കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനും കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ പ്രസ്ഥാനത്തിന്റെ കരുത്തുകൂട്ടുന്നതാകും ഈ അനുഭവം. ഇന്ത്യന്‍ ജനതയുടെ ഭാവി ഇടതുപക്ഷത്തിന്റെയും അതിന്റെ നായകനായ സിപിഐ എമ്മിന്റെയും കരങ്ങളിലാണെന്നാണ് സമ്മേളനത്തിന്റെ ദീപ്തമായ സന്ദേശം.

deshabhimani editorial 100412

1 comment:

  1. പ്രത്യയശാസ്ത്രത്തെളിമയും രാഷ്ട്രീയ ദിശാബോധവും സംഘടനയുടെ ഉരുക്കുപോലെ ഉറച്ച ശേഷിയും ഉള്‍പ്പാര്‍ടിജനാധിപത്യത്തിന്റെ തികഞ്ഞ മാതൃകയും അസാമാന്യമായ സംഘാടന മികവും വിളിച്ചോതിയാണ് സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസ് കോഴിക്കോട്ട് തിങ്കളാഴ്ച സമാപിച്ചത്. തൊഴിലാളിവര്‍ഗ വിപ്ലവപ്പാര്‍ടിക്കുള്ള അജയ്യമായ ജനപിന്തുണയുടെ നിദര്‍ശനമായി ആറുനാള്‍ നീണ്ട പാര്‍ടി കോണ്‍ഗ്രസും അതിന്റെ സമാപനം കുറിച്ചുനടന്ന മഹാറാലിയും മാറി. ചില പ്രത്യയശാസ്ത്രങ്ങള്‍ സംബന്ധിച്ച പ്രമേയം കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ പ്രധാന സവിശേഷതയാണ്. 89 അംഗ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തു. ആ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെയും 15 അംഗങ്ങളടങ്ങിയ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു. ബിനോയ് കോനാര്‍ ചെയര്‍മാനായി അഞ്ചംഗ കണ്‍ട്രോള്‍ കമീഷന്‍ രൂപീകരിച്ചു.

    ReplyDelete