Tuesday, July 17, 2012

തോന്നുന്നവരെ കൂട്ടി ചെന്നിത്തല കമ്മറ്റിയുണ്ടാക്കുന്നു മുസ്തഫ


കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തോന്നുന്നവരെ വിളിച്ച് കമ്മറ്റിയുണ്ടാക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ. കമ്മറ്റികള്‍ക്ക് തോന്നുന്ന പേരുമിട്ട് പാര്‍ടിയുടെ പേരില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്ന കെ പിസിസി പ്രസിഡന്റിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. ഇത്തരം നടപടി മേലില്‍ അദ്ദേഹം ആവര്‍ത്തിക്കരുതെന്നും മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി ഏകോപന സമിതി ചേര്‍ന്നെന്ന് വാര്‍ത്ത കണ്ടു. അങ്ങനെയൊരു സമിതിയില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷന്‍ മാത്രമാണ് പരമാധികാരിയല്ല. ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. കെപിസിസി ഭാരവാഹികളെ പുന:സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, പ്രസിഡന്റിന് തോന്നുന്ന രീതിയില്‍ പുന:സംഘടന പാടില്ലെന്നും മുസ്തഫ സൂചിപ്പിച്ചു. കെപിസിസി പ്രസിഡന്റ് എംഎല്‍എയായത് പാര്‍ലമെന്ററി വ്യാമോഹത്തിന്റെ തെളിവാണത്. ഇത് പാര്‍ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.

യുഡിഎഫ് കണ്‍വീനര്‍ക്ക് തീരുമാനം പറയാനോ നടപ്പിലാക്കാനോ അധികാരമില്ല. ആവശ്യമില്ലാത്ത കാര്യത്തില്‍ കയറി ഇടപെടുന്നത് വിവരക്കേടും നാണക്കേടുമാണ്. ഇത്തരം കാര്യങ്ങള്‍ പാര്‍ടിയില്‍ പറയാന്‍ തനിക്ക് വേദിയില്ല. വേദിയുണ്ടായിരുന്നുവെങ്കില്‍ അവിടെ പറഞ്ഞേനേ. നേരം വെളുക്കുമ്പോള്‍ എല്ലാ മന്ത്രിമാരും ഓരോ കാര്യങ്ങള്‍ പ്രഖ്യാപിക്കുകയാണ്. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. ഓരോ പാര്‍ടിയിലും യുഡിഎഫിലുമൊക്കെ ചര്‍ച്ച ചെയ്ത് മാത്രമേ മന്ത്രിമാര്‍ നയപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ പാടുള്ളൂ. നയപരമായ കാര്യങ്ങള്‍ മുഖ്യമന്ത്രിയാണ് പ്രഖ്യാപിക്കേണ്ടത്. അതിന് മുഖ്യമന്ത്രി ചുമലപ്പെടുത്തിയെങ്കില്‍ മാത്രമേ മറ്റു മന്ത്രിമാര്‍ അത് ചെയ്യേണ്ടതുള്ളൂ. ഓരോരുത്തരും ഇന്ന് മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന് ദോഷകരമായ കാര്യങ്ങളാണ് ഇന്ന് മന്ത്രിമാരില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയൊഴികെ മറ്റാരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. നെല്‍വയല്‍ നികത്താനെടുത്ത സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം. ഭൂമാഫിയ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയതായാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. 2005 വരെ നിലം നികത്തിയവരുടെ ലിസ്റ്റ് താലൂക്ക് അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ സത്യാവസ്ഥ മനസ്സിലാവും. ഭൂമാഫിയയെ വയല്‍ നികത്താന്‍ അനുവദിക്കുന്നത് രാജ്യദ്രോഹമാണ്. മൂന്നാര്‍, നെല്ലിയാമ്പതി, വയനാട്, കാസര്‍കോട് തുടങ്ങിയ മേഖലകളില്‍ വനഭൂമി കൈയ്യേറ്റം വ്യാപകമാണ്. മൂന്നാറിലേത് ഉള്‍പ്പെടെ 75ന് മുമ്പുള്ള എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണം.

മൂന്നാറില്‍ ഇപ്പോള്‍ റിസോര്‍ട്ട് പണിയുടെ ഉത്സവമാണ്. കോണ്‍ഗ്രസ് പാര്‍ടിയുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കൈയ്യേറിയിട്ടുണ്ട്. ഒരു കാരണവശാലും സര്‍ക്കാര്‍ കൈയ്യേറ്റ മാഫിയയ്ക്ക് വശംവദരാകരുത്. വനംമന്ത്രിയും റവന്യൂ വകുപ്പും ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണം. സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ നേരിടുന്നതില്‍ ഉള്‍പ്പെടെ നിയമവകുപ്പിന്റെ ഭാഗത്ത് നിന്ന് പല കാര്യങ്ങളിലും വീഴ്ച വരുന്നുണ്ട്. പാര്‍ടിയില്‍ എ കെ ആന്റണി തന്നെയാണ് രണ്ടാമന്‍. ഇക്കാര്യം നമ്മളെല്ലാം കണ്ട് വന്നിട്ടുള്ളതാണ്. മന്‍മോഹന്‍സിങും സോണിയാഗാന്ധിയുമാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനാക്കേണ്ട കാര്യം പരിശണിക്കേണ്ടതെന്നും മുസ്തഫ പറഞ്ഞു.

deshabhimani news

1 comment:

  1. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തോന്നുന്നവരെ വിളിച്ച് കമ്മറ്റിയുണ്ടാക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ. കമ്മറ്റികള്‍ക്ക് തോന്നുന്ന പേരുമിട്ട് പാര്‍ടിയുടെ പേരില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്ന കെ പിസിസി പ്രസിഡന്റിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. ഇത്തരം നടപടി മേലില്‍ അദ്ദേഹം ആവര്‍ത്തിക്കരുതെന്നും മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി ഏകോപന സമിതി ചേര്‍ന്നെന്ന് വാര്‍ത്ത കണ്ടു. അങ്ങനെയൊരു സമിതിയില്ല. അത് ഭരണഘടനാ വിരുദ്ധമാണ്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷന്‍ മാത്രമാണ് പരമാധികാരിയല്ല. ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. കെപിസിസി ഭാരവാഹികളെ പുന:സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, പ്രസിഡന്റിന് തോന്നുന്ന രീതിയില്‍ പുന:സംഘടന പാടില്ലെന്നും മുസ്തഫ സൂചിപ്പിച്ചു. കെപിസിസി പ്രസിഡന്റ് എംഎല്‍എയായത് പാര്‍ലമെന്ററി വ്യാമോഹത്തിന്റെ തെളിവാണത്. ഇത് പാര്‍ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.

    ReplyDelete