Tuesday, July 17, 2012

മുഖ്യമന്ത്രി വാക്കു പാലിച്ചില്ല: ആദിവാസികളെ വീണ്ടും ജയിലിലടച്ചു


പുല്‍പ്പള്ളി: ആദിവാസികളുടെ ഭൂ പ്രശ്നം പരിഹരിക്കുമെന്നും സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പറത്തി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന 57 ആദിവാസികളെ തിങ്കളാഴ്ച അറസ്റ്റുചെയ്ത് ജയിലിലടച്ചു. അറസ്റ്റ് ഭയന്ന് ആദിവാസി കോണ്‍ഗ്രസുകാര്‍ സമരകേന്ദ്രം വിട്ടു. പൂതാടി പഞ്ചായത്തിലെ ഇരുളം, ചീയമ്പം, മാതമംഗലം, കോളിമൂല, എഴുപത്തിമൂന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ച 94 ആദിവാസികളെയാണ് വനപാലകരും പൊലീസും അറസ്്റ്റുചെയ്ത് നീക്കിയത്. ഇതില്‍ ആറ് കുട്ടികളും 31 സ്ത്രീകളുമുണ്ട്. ആദിവാസി മഹാസഭയുടെ നേതൃത്വത്തില്‍ കോളിമൂലയില്‍ സമരം ചെയ്തിരുന്ന 61 പുരുഷന്മാരും 25 സ്ത്രീകളും അറസ്റ്റ് വരിച്ചു. പുരുഷന്മാരെ വൈത്തിരി സബ്ജയിലിലേക്ക് അയച്ച ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ത്രീകളേയും കുട്ടികളേയും വിട്ടയച്ചു. ആദിവാസി കോണ്‍ഗ്രസ്, ആദിവാസി ഫോറം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന സമര കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനെത്തിയപ്പോള്‍ കുടിലുകള്‍ ശൂന്യമായിരുന്നു.ഭരണകക്ഷി അനുകൂല സംഘടനയുടെ നേതാക്കളാരും സ്ഥലത്തുണ്ടായിരുന്നില്ല. കുടിലുകള്‍ പൊളിച്ച് നശിപ്പിച്ചാണ് സമരക്കാരെ ഒഴിവാക്കിയത്.

തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ വന്‍ സന്നാഹങ്ങളോടെയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. സൗത്ത് വയനാട് ഡി എഫ് ഒ പി ധനേഷ്കുമാര്‍, ബത്തേരി തഹസീല്‍ദാര്‍ കെ കെ വിജയന്‍, റേഞ്ചാഫീസര്‍മാരായ കെ രാധാകൃഷ്ണലാല്‍, പി കെ വിപിന്‍ദാസ്, ബി രഞ്ജിത്ത്, അജിത് കെ രാമന്‍, സി ഐ മാരായ ജസ്റ്റിന്‍ എബ്രഹാം, എസ് അര്‍ഷാദ് എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു. ജൂലൈ അഞ്ചിനായിരുന്നു അവസാന ഒഴിപ്പിക്കല്‍ നടന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് മാറ്റിവെച്ച ഒഴിപ്പിക്കലാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്. മെയ് 15 മുതലാണ് ഈ പ്രദേശങ്ങളില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്.

deshabhimani 170712

1 comment:

  1. ആദിവാസികളുടെ ഭൂ പ്രശ്നം പരിഹരിക്കുമെന്നും സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കാറ്റില്‍പറത്തി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന 57 ആദിവാസികളെ തിങ്കളാഴ്ച അറസ്റ്റുചെയ്ത് ജയിലിലടച്ചു. അറസ്റ്റ് ഭയന്ന് ആദിവാസി കോണ്‍ഗ്രസുകാര്‍ സമരകേന്ദ്രം വിട്ടു.

    ReplyDelete