Tuesday, July 17, 2012

എസ്എഫ്ഐ പ്രവര്‍ത്തകരെ അന്യായമായി പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ടു


മട്ടന്നൂര്‍: മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ടു. എടയന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ച് എസ്എഫ്ഐ ഏരിയാ സെക്രട്ടറി കെ വിനീത്, ഏരിയാ കമ്മിറ്റി അംഗം കെ അഖില്‍, സ്കൂള്‍ യൂണിറ്റ് പ്രസിഡന്റ് എ മിഥുന്‍ എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് നാലോടെ മട്ടന്നൂര്‍ എസ്ഐ ബി കെ സിജുവും സംഘവും അന്യായമായി കസ്റ്റഡിയിലെടുത്തത്. എംഎസ്എഫുകാരും യൂത്ത് ലീഗുകാരും ചേര്‍ന്ന് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസെത്തി നിരപരാധികളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥികളെ ലോക്കപ്പിലിടാന്‍ ശ്രമിച്ചു. ഒരു കേസില്‍പോലും പ്രതികളല്ലാത്ത വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനില്‍ നേതാക്കളെത്തി. വിദ്യാര്‍ഥികള്‍ കണ്ണൂരിലെ അക്രമക്കേസില്‍ പ്രതികളാണെന്ന് സംശയിക്കുന്നതായും വിട്ടയക്കില്ലെന്നും എസ്ഐ പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ കാണാനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ എസ്ഐ സ്റ്റേഷന്‍ ഒരുമണിക്കൂറോളം താഴിട്ടുപൂട്ടി.

സംഭവമറിഞ്ഞ് സിപിഐ എം ഏരിയാ സെക്രട്ടറി പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു, എം രാജന്‍, കെ സി മനോജ്, അണിയേരി ചന്ദ്രന്‍, എം രതീഷ്, കാരായി ശ്രീധരന്‍, പി സി വിനോദന്‍, വി കെ സുഗതന്‍, നഗരസഭാ ചെയര്‍മാന്‍ സീന ഇസ്മായില്‍, വൈസ് ചെയര്‍മാന്‍ കെ ഭാസ്കരന്‍, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി കൗസല്യ, മഹിളാ അസോസിയേഷന്‍ നേതാക്കളായ വി കെ രമണി, സി രജനി തുടങ്ങി നിരവധി പേര്‍ സ്റ്റേഷനിലെത്തി. നിരപരാധികളെ വിട്ടയച്ചാലേ സ്റ്റേഷനില്‍നിന്ന് പോകൂവെന്ന് നേതാക്കളും പ്രവര്‍ത്തകരും അറിയിച്ചതോടെ സിഐ ടി എന്‍ സജീവ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിട്ടയക്കാന്‍ തയ്യാറായില്ല. പൊലീസ് സ്റ്റേഷനിലേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്താന്‍ തുടങ്ങിയതോടെ പൊലീസ് നിലപാട് മാറ്റി. മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി വിദ്യാര്‍ഥികളെ വിട്ടയച്ചു.

മുസ്ലിംലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചത്. കണ്ണൂരിലെ വിദ്യാര്‍ഥി മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളാക്കി ഇവരെ ജയിലിലടക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിയത്. പ്രതിഷേധം ശക്തമായി വീട്ടമ്മമാര്‍വരെ സ്റ്റേഷനിലെത്താന്‍ തുടങ്ങിയതോടെയാണ് വിദ്യാര്‍ഥികളെ മോചിപ്പിച്ചത്. വിട്ടയക്കപ്പെട്ട വിദ്യാര്‍ഥികളെ ആനയിച്ച് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കെ സി മനോജ് സംസാരിച്ചു. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിടുകയും ചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബാലസംഘം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani 170712

1 comment:

  1. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ടു. എടയന്നൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വച്ച് എസ്എഫ്ഐ ഏരിയാ സെക്രട്ടറി കെ വിനീത്, ഏരിയാ കമ്മിറ്റി അംഗം കെ അഖില്‍, സ്കൂള്‍ യൂണിറ്റ് പ്രസിഡന്റ് എ മിഥുന്‍ എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് നാലോടെ മട്ടന്നൂര്‍ എസ്ഐ ബി കെ സിജുവും സംഘവും അന്യായമായി കസ്റ്റഡിയിലെടുത്തത്.

    ReplyDelete