Tuesday, July 17, 2012

ജീവന്‍ നല്‍കിയും സംരക്ഷിക്കും


കോണ്‍ഗ്രസും മുസ്ലിംലീഗും വീരന്‍ ജനതയും മുതല്‍ ഇടതുപക്ഷ അതിവിപ്ലവകാരികളും കപട ഇടതുപക്ഷക്കാരുമടക്കം മാര്‍ക്സിസ്റ്റ് വിരുദ്ധശക്തികളൊന്നാകെ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍... ഭരണകൂട-പൊലീസ് ഭീകരത... എല്ലാത്തിനും സാക്ഷ്യങ്ങളും ന്യായീകരണങ്ങളുമായി നുണവാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമ സിണ്ടിക്കറ്റ്... രണ്ടുമാസമായി തുടരുന്ന ഇത്തരം അതിക്രമങ്ങളില്‍ തളരാതെ, കുലുങ്ങാതെ, അടിപതറാതെ നിലകൊള്ളുകയാണ് കോഴിക്കോട് ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. ജനകീയവിപ്ലവപ്രസ്ഥാനത്തിനു നേരെയുള്ള അതിനീചമായ അക്രമ-പ്രചാരണപരമ്പര എല്ലാ അതിരും ലംഘിച്ചപ്പോള്‍ ജനങ്ങളൊന്നാകെ പ്രതിരോധവും പ്രതികരണവുമായി ചെങ്കൊടിപ്രസ്ഥാനത്തിന്റെ കാവല്‍ഭടരാകുന്ന കാഴ്ചയും സമരപ്രതിഷേധങ്ങളുമാണ് മലബാറിന്റെ ആസ്ഥാനജില്ലയിലാകെ. കേരളമാകെ പ്രസ്ഥാനത്തെ ഉലയ്ക്കാനുള്ള ഭീകരശ്രമങ്ങള്‍ അരങ്ങേറുമ്പോള്‍ ശാരീരിക കടന്നാക്രമണങ്ങളും പൊലീസ് അതിക്രമങ്ങളും അതിജീവിച്ചാണ് സിപിഐ എം മുന്നോട്ടുപോകുന്നത്. മറ്റേതെങ്കിലും പാര്‍ടിയായിരുന്നെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേനെ. എന്നാല്‍, പ്രസ്ഥാനത്തിന്റെ ജീവനെടുക്കാനാണ് വലതുപക്ഷവും പാര്‍ടിവിരുദ്ധരും ശ്രമിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ബഹുജനങ്ങള്‍ ജീവന്‍ നല്‍കിയും പാര്‍ടിയെ രക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആവേശകരമായ പ്രവര്‍ത്തനങ്ങള്‍... എല്ലാത്തിലും സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനപങ്കാളിത്തം...

അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ശനിയാഴ്ച വൈകിട്ട് കോഴിക്കോട് മുതലക്കുളം ദര്‍ശിച്ചത്. സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധറാലിയില്‍ ബഹുജനപ്രവാഹമായിരുന്നു. മെയ് നാലിന് ചന്ദ്രശേഖരന്റെ കൊലയ്ക്കുശേഷം ക്രൂരമായ ആക്രമണങ്ങളാണ് ജില്ലയിലെ പാര്‍ടിപ്രവര്‍ത്തകര്‍ നേരിട്ടത്. ഈ സാഹചര്യത്തില്‍ തുണയും താങ്ങുമായി പാര്‍ടി എത്തി. വടകരയില്‍ മെയ് 18ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നേരിട്ടെത്തി ഈ സംഭവത്തില്‍ പാര്‍ടി നിലപാട് വിശദീകരിച്ചു. തുടര്‍ന്ന്, ഒഞ്ചിയത്തെ പാര്‍ടിപ്രവര്‍ത്തകരെ ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ ഇതിന്റെ പ്രതിഫലനമുണ്ടായി. സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ ഒഞ്ചിയംമേഖലയില്‍ നിന്ന് മാത്രമെത്തി. കൊലയാളികളായി ഈ പാവങ്ങളെ മുദ്രകുത്തി വേട്ടയാടിയ മാധ്യമങ്ങളുടെ കണ്ണൊന്നും ഇതിലേക്ക് തുറന്നില്ല. അടുത്തദിവസം ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ അറസ്റ്റുചെയ്തു. പെട്രോള്‍വിലവര്‍ധനയ്ക്കെതിരായ ഹര്‍ത്താലായിട്ടും അറസ്റ്റില്‍ പ്രതിഷേധിക്കാന്‍ വടകര നഗരത്തില്‍ മെയ് 24നു ജനാവലിയെത്തി. പൊലീസ് കാവലില്‍ നടക്കുന്ന അതിക്രമങ്ങളില്‍നിന്ന് രക്ഷതേടി വടകര എസ്പി ഓഫീസിലേക്ക് നടന്ന ബഹുജനമാര്‍ച്ച് അക്ഷരാര്‍ഥത്തില്‍ വടകരയെ ഞെട്ടിച്ചു. പങ്കെടുത്തവരില്‍ ഭൂരിപക്ഷം സ്ത്രീകളും യുവാക്കളുമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുമെന്ന ഉജ്വല പ്രഖ്യാപനവുമായി വടകരയില്‍ യുവജനങ്ങളുടെ കൂട്ടായ്മ. പതിനായിരത്തോളം യുവതി-യുവാക്കളാണ് മെയ് 28നു യുവശക്തി സംഗമത്തിലേക്ക് ഒഴുകിയെത്തിയത്. വടകരയില്‍ 24 മണിക്കൂര്‍ സംഘടിപ്പിച്ച ബഹുജനഉപവാസത്തിലും നാടൊന്നാകെ പങ്കാളിയായി. ഒഞ്ചിയത്തെയും പരിസരത്തെയും പ്രവര്‍ത്തകര്‍ക്ക് സംരക്ഷണവുമായി വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ പ്രദേശത്തെത്തി. തകര്‍ക്കപ്പെട്ട രക്തസാക്ഷി മണ്ടോടി കണ്ണന്‍സ്മാരകമടക്കമുള്ള പാര്‍ടി ഓഫീസുകള്‍ മഹിളാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുറന്നു.

ജൂണ്‍ 12ന് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനം സാക്ഷ്യംവഹിച്ചത് സമീപകാലത്ത് ജില്ല കണ്ട ഏറ്റവും വലിയ പൊതുയോഗത്തിനായിരുന്നു. പിണറായി വിജയന്‍ പങ്കെടുത്ത പൊതുയോഗം കച്ചേരിമൈതനവും കവിഞ്ഞ് ഓര്‍ക്കാട്ടേരിയാകെ നിറഞ്ഞൊഴുകി. കള്ളവും നുണയും പറഞ്ഞും പൊലീസിനെ കൂട്ടിയും ആക്രമിച്ചാല്‍ അടങ്ങിയിരിക്കില്ലെന്ന് ഒഞ്ചിയത്തിന്റെ സമരപുളകിതമായ പൈതൃകം നെഞ്ചേറ്റുന്ന ദേശമൊന്നാകെ പ്രഖ്യാപിച്ചു ആ സായാഹ്നത്തില്‍. ജൂണ്‍ 29നു ജില്ലാസെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റുചെയ്തപ്പോള്‍ ജനരോഷം ഇരമ്പി. എസ്പി ഓഫീസിനും കോടതിക്കും മുന്നില്‍ ആഹ്വാനമില്ലാതെ ആയിരങ്ങളെത്തി. ഒരു കൊലപാതകത്തിന്റെ മറവില്‍ പ്രസ്ഥാനത്തെ ശരിപ്പെടുത്താനുള്ള രാഷ്ട്രീയഗൂഢാലോചനയാണ് നടക്കുന്നതെന്ന തിരിച്ചറിവില്‍ കോഴിക്കോട് പ്രതിരോധിക്കുകയാണ്. പാര്‍ടി ഒറ്റക്കെട്ടായി ജനങ്ങളെ അണിനിരത്തി വസ്തുതകള്‍ വിശദീകരിച്ച് തളരാതെ മുന്നോട്ടുപോകുകയാണെന്നും പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കം അതിജീവിക്കുമെന്നും സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഒട്ടേറെ തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാനായിട്ടുണ്ട്. എന്നാല്‍, അതൊക്കെ മാറ്റാനും യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനും വിപുലമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം സമരസംഘടനാപ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ച് കോഴിക്കോട്ടെ കരുത്തുറ്റതും സ്വാധീനമുള്ളതുമായ ബഹുജനരാഷ്ട്രീയപ്രസ്ഥാനമായി സിപിഐ എം മുന്നോട്ടുപോകുമെന്ന് ടി പി പറഞ്ഞു.
(പി വി ജീജോ)

ചെറുത്തുനില്‍പ്പിന്റെ പുതിയ പാഠം

സമാനതകളില്ലാത്ത കടന്നാക്രമണങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ നിതാന്ത ജാഗ്രതയുമായി വിപ്ലവ-ബഹുജനപ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന പ്രഖ്യാപനവുമായി നാടെങ്ങും അണിനിരന്നത് ജനലക്ഷങ്ങള്‍. നുണപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലും അധികാരത്തിന്റെ തിണ്ണബലവും കൊണ്ട് സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശത്രുവര്‍ഗത്തിന്റെ ഗൂഢനീക്കങ്ങളെ സ്വജീവന്‍ നല്‍കിയും ചെറുത്തുതോല്‍പ്പിക്കുമെന്നാണ് കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ തടിച്ചുകൂടിയ ജനസഞ്ചയം ഏക മനസ്സായി താക്കീതുനല്‍കിയത്. മെയ് നാലിന് ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ വധത്തിനുശേഷം ഭരണകൂടവും വലതുപക്ഷ മാധ്യമങ്ങളും പൊലീസും കൂറുമുന്നണിയായി നിന്നുകൊണ്ട് സിപിഐ എമ്മിനെതിരെ നടത്തിയ കടന്നാക്രമണങ്ങള്‍ക്ക് കേരള ചരിത്രത്തില്‍ സമാനതകളില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തുടങ്ങിയ ഈ കടന്നാക്രമണങ്ങള്‍ കഴിഞ്ഞ 70 ദിവസമായി ഇടതടവില്ലാതെ തുടരുമ്പോഴും ബഹുജനപ്രസ്ഥാനത്തിന് ചെറുപോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഈ ബഹുജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നു.

നിസ്വവര്‍ഗത്തിന്റെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അവരുടെ മോചനത്തിന് വിട്ടുവിഴ്ചയില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സിപിഐ എമ്മിനെ തെല്ലും പോറലേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ജനാവലി അണിനിരന്നത്. പാര്‍ടിയുടെ സംസ്ഥാനത്തെ ഏതെങ്കിലുമൊരു ഘടകമോ എതെങ്കിലും ഒരു പാര്‍ടി അംഗമോ പോലും ഈ നുണപ്രചാരണങ്ങളില്‍ കുടുങ്ങിയില്ലെന്നത് ശത്രുവര്‍ഗത്തിന് ഇനിയെങ്കിലും പാഠമാകണം. പാതിരാത്രിയില്‍ ആരോരുമറിയാതെ പ്രത്യക്ഷപ്പെട്ട വിരലിലൊതുങ്ങിയ ഒറ്റപ്പെട്ട നാഥനില്ലാത്ത പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാട്ടി പോലും മാധ്യമങ്ങള്‍ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. സിപിഐ എം പ്രവര്‍ത്തകനോ അനുഭാവിയോ ആയെന്ന ഒറ്റക്കാരണത്താല്‍ മാത്രം കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ചിലരും ഞങ്ങളാണ് യഥാര്‍ഥ ഇടതുപക്ഷമെന്നു പറയുന്ന ചിലരും അറിഞ്ഞും അറിയാതെയും ഈ കടന്നാക്രമണങ്ങള്‍ക്ക് ചൂട്ടുപിടിച്ചു. എന്നാല്‍, ഇത്തരം കടന്നാക്രമണങ്ങള്‍ ബഹുജന പ്രസ്ഥാനത്തിന് നേരിയ പോറല്‍ പോലും ഏല്‍പ്പിക്കാനായില്ല.

1940കളില്‍ ജന്മി സാമ്രാജ്യത്വവും അവരുടെ കാവല്‍ പട്ടികളും 1960കളില്‍ ചൈനീസ് ചാരന്‍മാര്‍ എന്നു മുദ്രകുത്തി ഭരണകൂടവും അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ഇടതുതീവ്രവാദികളും അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടവും പൊലീസും നടത്തിയ കടന്നാക്രമണങ്ങളേക്കാള്‍ വര്‍ധിത വീര്യത്തില്‍ നടന്ന ഈ കടന്നാക്രമണങ്ങളെയും ബഹുജനങ്ങള്‍ അതേ പോറാട്ട വീറോടെ ചെറുത്തുതോല്‍പ്പിക്കുകയാണ്. സിപിഐ എം സംഘടിപ്പിച്ച ജില്ലാറാലികളിലെ അഭൂതപൂര്‍വമായ ജനമുന്നേറ്റം വലതുപക്ഷ മാധ്യമങ്ങളെ അമ്പരപ്പിച്ചു. രാവും പകലും വിശ്രമമില്ലാതെ സിപിഐ എമ്മിനെതിരെ നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ടിട്ടും ബഹുജനമുന്നേറ്റത്തിന് തെല്ലും പോറലേല്‍പ്പിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഈ റാലികളിലെ ജനമുന്നേറ്റത്തിന്റെ ദൃശ്യങ്ങള്‍ മൂടിവയ്ക്കാനായി പിന്നീടുള്ള ശ്രമങ്ങള്‍. സിപിഐ എം നേതാക്കളെ രണ്ടുതട്ടിലായി തിരിച്ച് ഒരുവിഭാഗം നന്മയുടെയും മറുവിഭാഗം സര്‍വ തിന്മകളുടെയും പ്രതീകമെന്ന പ്രചാരണങ്ങള്‍ പാര്‍ടി അംഗങ്ങളും ബഹുജനങ്ങളും അവജ്ഞയോടെ തള്ളി. പാര്‍ടി കേന്ദ്രനേതൃത്വവും സംസ്ഥാനനേതൃത്വവും രണ്ടുതട്ടിലാണെന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടപ്പെട്ടു.

ഡിവൈഎഫ്ഐ സംഘടിച്ച "രക്തസാക്ഷ്യം" പരിപാടികള്‍ അക്രമ രാഷ്ട്രീയത്തിനെതിരെ മുറവിളി കൂട്ടുന്ന വലതുപക്ഷ ശക്തികളുടെയും മാധ്യമങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെട്ടു. കോണ്‍ഗ്രസിന്റെയും വലതുപക്ഷ ശക്തികളുടെയും അക്രമങ്ങളില്‍ രക്തസാക്ഷിത്വം വരിച്ച നൂറുകണക്കിന് രക്തസാക്ഷികളുടെ കുടുംബങ്ങള്‍, പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നവര്‍ ഇവര്‍ ഓരോ പ്രദേശത്തും ഒത്തുചേര്‍ന്നപ്പോള്‍ തകര്‍ന്നത് മാധ്യമങ്ങളുടെ നാണംകെട്ട പ്രചാരണങ്ങളാണ്. പതിനായിരങ്ങളാണ് രക്തസാക്ഷ്യം പരിപാടികളില്‍ അണിനിരന്നത്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലെ മുന്നേറ്റവും സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പുകളിലെ വിജയവും ഇതിനൊക്കെ പുറമെയാണ്. തലസ്ഥാനഗരിയില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥി സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ നടത്തിയ ഹീനശ്രമങ്ങളെ പോലും വിദ്യാര്‍ഥികള്‍ ചെറുത്തുതോല്‍പ്പിച്ചു. ഈ പൊലീസ് ഭീകരതയ്ക്കു ശേഷം തലസ്ഥാനത്ത് നടന്ന വിദ്യാര്‍ഥി അവകാശപ്രഖ്യാപന റാലിയില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നത് ഭരണവര്‍ഗത്തെ ഞെട്ടിച്ചു. സ്ത്രീകളുടെ നേതൃത്വത്തില്‍ നാടെങ്ങും നടന്ന പ്രചാരണപരിപാടികളിലും കര്‍ഷക സമരങ്ങളിലുമെല്ലാം ഉണ്ടായ മുന്നേറ്റം നുണപ്രചാരണങ്ങള്‍ കൊണ്ടും ഭരണകൂട ഭീകരത കൊണ്ടും ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന താക്കീത് മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ വര്‍ധിതവീര്യത്തോടെ മുന്നേറുമെന്നുള്ള സന്ദേശവുമാണ്.
(എം രഘുനാഥ്)

deshabhimani news

1 comment:

  1. കോണ്‍ഗ്രസും മുസ്ലിംലീഗും വീരന്‍ ജനതയും മുതല്‍ ഇടതുപക്ഷ അതിവിപ്ലവകാരികളും കപട ഇടതുപക്ഷക്കാരുമടക്കം മാര്‍ക്സിസ്റ്റ് വിരുദ്ധശക്തികളൊന്നാകെ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍... ഭരണകൂട-പൊലീസ് ഭീകരത... എല്ലാത്തിനും സാക്ഷ്യങ്ങളും ന്യായീകരണങ്ങളുമായി നുണവാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമ സിണ്ടിക്കറ്റ്... രണ്ടുമാസമായി തുടരുന്ന ഇത്തരം അതിക്രമങ്ങളില്‍ തളരാതെ, കുലുങ്ങാതെ, അടിപതറാതെ നിലകൊള്ളുകയാണ് കോഴിക്കോട് ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. ജനകീയവിപ്ലവപ്രസ്ഥാനത്തിനു നേരെയുള്ള അതിനീചമായ അക്രമ-പ്രചാരണപരമ്പര എല്ലാ അതിരും ലംഘിച്ചപ്പോള്‍ ജനങ്ങളൊന്നാകെ പ്രതിരോധവും പ്രതികരണവുമായി ചെങ്കൊടിപ്രസ്ഥാനത്തിന്റെ കാവല്‍ഭടരാകുന്ന കാഴ്ചയും സമരപ്രതിഷേധങ്ങളുമാണ് മലബാറിന്റെ ആസ്ഥാനജില്ലയിലാകെ

    ReplyDelete