ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ചിലരെ മാപ്പുസാക്ഷികളാക്കി തെളിവുണ്ടാക്കാന്‍ പൊലീസ് നീക്കം. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വായപ്പടച്ചി റഫീഖിനെയും എം സി അനൂപിനെയും ബന്ധുക്കളെ ഉപയോഗപ്പെടുത്തി സ്വാധീനിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. പൊലീസ് പറയുന്നതുപോലെ കുറ്റസമ്മതമൊഴി മജിസ്ട്രേട്ടിനു നല്‍കിയാല്‍ കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്നാണ് ഇരുവര്‍ക്കും ഉറപ്പുനല്‍കിയത്. ദുര്‍ബലമായ തെളിവുകളാണ് പൊലീസിന് ഇതുവരെ ലഭിച്ചത്. തെളിവുകളുടെ അഭാവത്തില്‍ കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ട്. സി എച്ച് അശോകന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടയില്‍ തെളിവുകള്‍ ദുര്‍ബലമാണെന്ന് ഹൈക്കോടതിയും പരാമര്‍ശിച്ചിരുന്നു. ഇതോടെയാണ് പ്രതികളില്‍ ചിലരെ മാപ്പുസാക്ഷികളാക്കി തെളിവുകള്‍ "സൃഷ്ടിക്കാന്‍" പൊലീസ് ശ്രമിക്കുന്നത്.
റഫീഖിന്റെ ബന്ധുവിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഹൗസില്‍ വിളിച്ചുവരുത്തി മാപ്പുസാക്ഷിയാക്കാമെന്ന് ഉറപ്പുനല്‍കി. ജില്ലാ ജയിലില്‍ റഫീഖുമായി കൂടിക്കാഴ്ചക്കും അവസരമൊരുക്കി. അനൂപിന്റെ അച്ഛനും ടാക്സി ഡ്രൈവറുമായ ഗംഗാധരന്‍ കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞതനുസരിച്ച് കോഴിക്കോട് ജയിലില്‍ എത്തിയിരുന്നു. അനൂപിനെ രക്ഷിക്കാന്‍ സഹായം നല്‍കാമെന്ന് പൊലീസ് ഗംഗാധരന് ഉറപ്പു നല്‍കി. അക്രമിസംഘം ഉപയോഗിച്ച ഇന്നോവ കാര്‍ ഓടിച്ചുവെന്നാണ് അനൂപിനെതിരായ കുറ്റം. മാപ്പുസാക്ഷിയാകാനുള്ള പൊലീസിന്റെ ആവശ്യം ഇരുവരും നിഷേധിച്ചതായാണ് വിവരം.
മുഖ്യപ്രതിയെന്ന് മാധ്യമങ്ങളും പൊലീസും ആദ്യഘട്ടത്തില്‍ പ്രചരിപ്പിച്ച വായപ്പടച്ചി റഫീഖിനെ മാപ്പുസാക്ഷിയാക്കാന്‍ നേരത്തെയും ശ്രമിച്ചിരുന്നു. റഫീഖിന് സിപിഐ എം ബന്ധമില്ലെന്ന് വ്യക്തമായതോടെയാണ് പൊലീസ് നാടകം കളിച്ചത്. റൂറല്‍ എസ്പി മുമ്പാകെ കീഴടങ്ങിയ റഫീഖിനെ ആഴ്ചകള്‍ക്കു ശേഷമാണ് കസ്റ്റഡിയിലെടുത്തതായി രേഖയുണ്ടാക്കി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളായ മൂന്നു പേരെ മാപ്പുസാക്ഷികളാക്കാന്‍ നേരത്തെ നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ അയല്‍വാസികളുമായ അന്‍ഷിത്ത്, സുബിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ മാപ്പുസാക്ഷിയാക്കിയത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വാര്‍ത്തകള്‍ ദുഷ്ടലാക്കോടെ; സത്യവാങ്മൂലം നല്‍കി
വടകര: താന്‍ കുറ്റസമ്മതം നടത്തിയതായും കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ യാചിച്ചതായുമുള്ള മാധ്യമ വാര്‍ത്തകള്‍ ദുഷ്ടലാക്കോടെയുള്ളതാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജന്‍. കേസിനെ സ്വാധീനിക്കാന്‍ ബോധപൂര്‍വം പടച്ചുണ്ടാക്കിയതാണ് ഇത്തരം വാര്‍ത്തകള്‍. പൊതുജനങ്ങളിലും പാര്‍ടി പ്രവര്‍ത്തകരിലും അങ്കലാപ്പും തനിക്കെതിരെ തെറ്റിദ്ധാരണയും പരത്താനുള്ള ഗൂഢനീക്കമാണ് മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും വടകര ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ രാജന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ചന്ദ്രശേഖരന്‍ വധത്തില്‍ ഒരു ബന്ധവുമില്ല. കുറ്റസമ്മത മൊഴി നല്‍കുകയോ ആര്‍ക്കെങ്കിലുമെതിരെ മൊഴി നല്‍കുകയോ ചെയ്തിട്ടില്ല. വ്യാജ വാര്‍ത്തകളുടെ ഉറവിടം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. മാധ്യമങ്ങള്‍ക്ക് കുറ്റസമ്മത മൊഴിയോ കേസ് സംബന്ധിച്ച വിവരമോ കൈമാറിയിട്ടില്ലെന്നും അങ്ങനെ കീഴ്വഴക്കമില്ലെന്നും ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ ലംഘനമുണ്ടായോയെന്ന് കോടതി പരിശോധിക്കാന്‍ സത്വര നടപടി വേണം. പത്രധര്‍മം മറന്നുള്ള മാധ്യമങ്ങളുടെ ഇത്തരം ഇടപെടല്‍ രാഷ്ട്രീയ എതിരാളികളുടെ അതിശക്തമായ സ്വാധീനത്തിന് വഴങ്ങിയാണെന്നും കാരായി രാജന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
deshabhimani 170712
No comments:
Post a Comment