Monday, September 24, 2012

10 മാസത്തിനിടെ എയര്‍ ഇന്ത്യ റദ്ദാക്കിയത് 402 വിമാനം


168 ഗള്‍ഫ് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

കേന്ദ്രമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള 168 വിദേശ വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദു ചെയ്തു. ഗള്‍ഫിലേക്കുള്ള ഇത്രയധികം സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് പ്രവാസി മലയാളികളെ കടുത്ത ദുരിതത്തിലാഴ്ത്തി. കേന്ദ്ര വ്യോമയാന മന്ത്രി അജിത്സിങ്ങിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്. മന്ത്രിയുടെ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനാണത്രേ ഇത്.

കഴിഞ്ഞ 17 മുതലാണ് തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിത്തുടങ്ങിയത്. ഡിസംബര്‍ വരെ റദ്ദാക്കല്‍ തുടരാന്‍ സാധ്യതയുണ്ട്. റദ്ദുചെയ്ത സര്‍വീസുകള്‍ ഏറിയപങ്കും ഷാര്‍ജ, ദുബായ്, റിയാദ്, ബഹറിന്‍ ദോഹ സര്‍വീസുകളാണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ആശ്രയിക്കുന്ന, എയര്‍ ഇന്ത്യക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കികൊടുക്കുന്ന സര്‍വീസുകളാണിവ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ആഴ്ചയില്‍ 36 സര്‍വീസുണ്ടായിരുന്നത് ഏഴാക്കി ചുരുക്കി. കൊച്ചിയില്‍നിന്ന് 423 യാത്രക്കാരെ വീതം കൊണ്ടുപോകാന്‍ കഴിയുന്ന രണ്ട് ജംബോജറ്റും കരിപ്പൂരില്‍നിന്ന് നാലും സര്‍വീസ് പിന്‍വലിച്ചിട്ടുണ്ട്.

മംഗളൂരുവില്‍നിന്ന് ശനിയാഴ്ച അബുദാബിക്ക് പോകേണ്ട വിമാനവും റദ്ദാക്കി. മലയാളികളടക്കമുള്ള നിരവധി യാത്രക്കാരുടെ യാത്ര മുടങ്ങി. അടുത്ത ശനിയാഴ്ചയും ഈ സര്‍വീസ് ഉണ്ടാവില്ല. നേരത്തെ ടിക്കറ്റെടുത്ത ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. സമയത്തിന് ജോലിക്ക് ഹാജരായില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുള്ളവരും ഏറെയുണ്ട്. വിമാനം റദ്ദാക്കിയതിനെക്കുറിച്ചുള്ള വിവരം നല്‍കുന്നതിലും എയര്‍ ഇന്ത്യ അമാന്തം കാട്ടുകയാണ്. യാത്രക്കാര്‍ താവളങ്ങളിലെത്തുമ്പോഴാണ് വിമാനമില്ലെന്ന വിവരം അറിയുന്നത്. ഷാര്‍ജ വിമാനം റദ്ദാക്കിയത് ശനിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ സംഘര്‍ഷത്തിന് കാരണമായി. അതിനിടെ കേരളത്തില്‍നിന്നുള്ള ആഭ്യന്തര സര്‍വീസുകളും എയര്‍ഇന്ത്യ റദ്ദു ചെയ്തു തുടങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരം- ബംഗ്ലൂര്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. അവസരം മുതലെടുത്ത് സ്വകാര്യ വിമാനകമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ഗള്‍ഫിലേക്ക് 12,000 മുതല്‍ 35,000 വരെയാണ് നിരക്ക് വര്‍ധന.
(ദിലീപ് മലയാലപ്പുഴ)

10 മാസത്തിനിടെ എയര്‍ ഇന്ത്യ റദ്ദാക്കിയത് 402 വിമാനം

കരിപ്പൂര്‍: പത്തുമാസത്തിനിടെ കേരളത്തില്‍നിന്നും എയര്‍ ഇന്ത്യ പിന്‍വലിച്ചത് 402 വിമാന സര്‍വീസുകള്‍. മതിയായ കാരണങ്ങളില്ലാതെ പെട്ടെന്ന് റദ്ദാക്കിയത് 112 സര്‍വീസുകള്‍. ദിവസവും ഒരുവിമാനമെങ്കിലും വൈകിപ്പറന്നും എയര്‍ ഇന്ത്യ യാത്രക്കാരെ വലച്ചു. കേരളത്തില്‍നിന്നുള്ള സര്‍വീസിന്് മാത്രമാണ് ഈ ദുര്‍ഗതി. കരിപ്പൂരില്‍നിന്നാണ് ഏറ്റവും കൂടുതല്‍ എയര്‍ ഇന്ത്യ വിദേശ സര്‍വീസുകള്‍ പിന്‍വലിച്ചത്- 198. തിരുവനന്തപുരത്തുനിന്ന് 134 സര്‍വ്വീസും കൊച്ചിയില്‍നിന്ന് 70 എണ്ണവും പിന്‍വലിച്ചു. ഏറെ യാത്രാതിരക്കേറിയ യുഎഇ, സൗദി സെക്ടറില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് പിന്‍വലിച്ചതെല്ലാം.

ഇതോടൊപ്പം ടിക്കറ്റ് നിരക്കിലെ കൊള്ളയും തുടരുന്നു. ഈ വര്‍ഷം നാലുതവണയാണ് ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ വര്‍ധന വരുത്തിയത്. 12,000 രൂപ നിരക്കില്‍ ലഭിക്കാവുന്ന സൗദി ടിക്കറ്റിന് 30,000 രൂപവരെ വര്‍ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് ഈ സാമ്പത്തികവര്‍ഷത്തില്‍ വിമാന കമ്പനികള്‍ ഈടാക്കിയത്. തിരക്കേറിയ സീസണില്‍ പോലും സ്പെഷ്യല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് പകരം നിരക്ക് കൂട്ടി യാത്രക്കാരെ കൊള്ളയടിച്ചു.

ദുബായ്, ഷാര്‍ജ, അബുദാബി, അല്‍ ഐന്‍, മസ്കത്ത്, സലാല, സൗദി, സിങ്കപ്പൂര്‍, ബാങ്കോക്ക്, ദോഹ, കുവൈത്ത്, കൊളംബോ തുടങ്ങി 14 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് കേരളത്തില്‍നിന്ന് എയര്‍ ഇന്ത്യ നടത്തുന്നത്. മുംബൈ, ദില്ലി, അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത, മംഗളൂരു തുടങ്ങി ഇന്ത്യയിലെ 14 നഗരങ്ങളില്‍നിന്ന് വേറെയും സര്‍വീസുണ്ട്. കൃത്യമായി സര്‍വീസ് നടത്തിയാല്‍ ഭീമമായ ലാഭമുണ്ടാക്കാനാകും. എന്നാല്‍ സര്‍വീസില്‍ താളപ്പിഴ വരുത്തുന്നത് സ്വകാര്യ കമ്പനികള്‍ക്ക് ഗുണകരമാകുകയാണ്. എയര്‍ ഇന്ത്യ സര്‍വീസ് പിന്‍വലിച്ച മേഖലകളിലെല്ലാം വിദേശ വിമാന കമ്പനികള്‍ ലാഭകരമായി ഓടുന്നുണ്ട്. എയര്‍ ഇന്ത്യ സര്‍വീസ് നിര്‍ത്തിയ സെക്ടറില്‍ നാസ് എയര്‍ലൈന്‍സും സൗദി എയര്‍ലൈന്‍സും റാക് എയര്‍വേയ്സും ദിവസവും സര്‍വീസ് നടത്തുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ സൗദി സെക്ടറില്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ സൗദി എയര്‍ ലൈന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് സര്‍വീസുകളും ഇത്തവണ നാമമാത്രമായാണ് എയര്‍ ഇന്ത്യക്ക് ലഭിച്ചത്.
(ബഷീര്‍ അമ്പാട്ട്)

മുന്നറിയിപ്പില്ലാതെ ഷാര്‍ജ വിമാനം റദ്ദാക്കി; സംഘര്‍ഷം

മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം- ഷാര്‍ജ എയര്‍ ഇന്ത്യാ വിമാനം റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. അധികൃതര്‍ വാക്കുപാലിക്കാത്തതിനെതുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഏറെനേരം ബഹളമുണ്ടാക്കി. ശനിയാഴ്ച രാവിലെ 8.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ഐഎക്സ് 535 വിമാനമാണ് റദ്ദാക്കിയത്. വിവിധ സ്ഥലങ്ങളില്‍നിന്ന് പുലര്‍ച്ചെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങുന്നവരും പ്രായമുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മാസങ്ങള്‍ക്കുമുമ്പ് ടിക്കറ്റ് ബുക്കുചെയ്തവരായിരുന്നു ഇവരിലേറെയും. വിമാനം റദ്ദാക്കിയതിനെക്കുറിച്ച് പ്രകോപനപരമായ മറുപടിയാണ് അധികൃതരില്‍നിന്ന് ഉണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു. ബദല്‍ യാത്രാമാര്‍ഗം ഏര്‍പ്പാടാക്കാമെന്ന ഉറപ്പും അധികൃതര്‍ പാലിച്ചില്ല. യാത്രക്കാരുടെ പ്രതിഷേധത്തെതുടര്‍ന്ന് ഏറെ നേരം വിമാനത്താവളത്തില്‍ ബഹളവും വാക്കേറ്റവും ഉണ്ടായി. ഇവരെ വിമാനത്താവളത്തില്‍നിന്ന് പുറത്താക്കാനും ശ്രമമുണ്ടായി. യാത്ര മുടങ്ങിയവരെ രാത്രി 7.30ന്റെ വിമാനത്തില്‍ അയക്കാമെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ വാക്കുപാലിച്ചില്ല. ഇതിനെതുടര്‍ന്ന് വൈകിട്ടും വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

"ഞങ്ങളെ എന്തിന് ദ്രോഹിക്കുന്നു"

കരിപ്പൂര്‍: ഉള്ളതെല്ലാം വിറ്റുപെറുക്കി മണലാരണ്യങ്ങളിലേക്ക് പറക്കാന്‍ പോകുന്ന ഞങ്ങളോട് എന്തിനാണ് ഈ ക്രൂരത. പട്ടിണിയുടെയും ജോലിയും കൂലിയും നഷ്ടപ്പെട്ടതിന്റെയും മണിക്കൂറുകളോളം "ബന്ദി"യാക്കിയതിന്റെയും കഥകളാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റെടുത്തവര്‍ക്ക് പറയാനുള്ളത്. സര്‍വീസിലെ താളപ്പിഴമൂലം യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്താന്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. പ്രിയപ്പെട്ടവരുടെ മരണവിവരമറിഞ്ഞ് പുറപ്പെടുന്നവര്‍ പലപ്പോഴും മരണാനന്തര ചടങ്ങുകളും കഴിഞ്ഞ് മൂന്നും നാലും ദിവസങ്ങള്‍ക്കുശേഷമാണ് നാട്ടിലെത്തുന്നത്. മംഗളൂരു വിമാനദുരന്തം നടന്നപ്പോള്‍ മരിച്ചവരുടെ ബന്ധുക്കള്‍ എയര്‍ ഇന്ത്യയുടെ ക്രൂരതമൂലം 22 മണിക്കൂര്‍ വൈകിയാണ് ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയത്. മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തി സുരക്ഷാ പരിശോധനവരെ കഴിഞ്ഞ് ലോഞ്ചിരിക്കുമ്പോഴാണ് മിക്കപ്പോഴും വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. വിസ കാലാവധി തീരുന്നവരും അവധി കഴിഞ്ഞ് ജോലിക്ക് എത്തേണ്ടവരും കൂട്ടത്തിലുണ്ടാകും. എന്നാല്‍ അത്യാവശ്യ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടിപോലും എയര്‍ ഇന്ത്യ സ്വീകരിക്കില്ല. എട്ടും പത്തും മണിക്കൂര്‍ വിമാനത്താവളത്തിലിരുന്ന് സഹികെട്ട യാത്രക്കാര്‍ പ്രതിഷേധത്തിന്റെ വഴി തെരഞ്ഞെടുക്കും. പ്രതിഷേധം കൈയാങ്കളിയിലെത്തുമ്പോഴാണ് യാത്രക്കാര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

ജിദ്ദയിലെ താമസസ്ഥലത്തുനിന്ന് പുറപ്പെട്ട മങ്കട സ്വദേശി കമാലുദ്ദീനും കൊണ്ടോട്ടി സ്വദേശി പള്ളത്തില്‍ അഷ്റഫും നാലുദിവസം കഴിഞ്ഞാണ് നാട്ടിലെത്തിയത്. ആറ് മണിക്കൂര്‍ വിമാനത്താവളത്തില്‍ ഇരുന്നശേഷമാണ് സാങ്കേതിക തകരാറുമൂലം വിമാനം വൈകുമെന്ന അറിയിപ്പുണ്ടാകുന്നത്. രണ്ട് മണിക്കൂറിനുശേഷം പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീടുണ്ടായ അറിയിപ്പ് പൈലറ്റുമാരുടെ ജോലിസമയം കഴിഞ്ഞെന്നും പകരം ജീവനക്കാരെ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നുമാണ്. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. മൂന്നുദിവസം ഹോട്ടലില്‍ തങ്ങിയശേഷമാണ് നാട്ടിലെത്തിയതെന്ന് ഇവര്‍ പറഞ്ഞു. അടുത്തിടെ നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യയുടെ ദോഹ വിമാനത്തില്‍ യാത്രക്കാരെ കയറ്റി മണിക്കൂറുകള്‍ക്കുശേഷം യാത്ര റദ്ദാക്കി. വിമാനത്തില്‍നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച യാത്രക്കാരെ പുകച്ചുചാടിച്ചു. ലൈറ്റും എസിയും ഓഫാക്കി. വെള്ളംപോലും കിട്ടാതെ വിശന്നും വിയര്‍ത്തും കുട്ടികള്‍ വാവിട്ടുകരഞ്ഞതോടെ യാത്രക്കാര്‍ക്ക് വിമാനത്തില്‍നിന്നിറങ്ങേണ്ടിവന്നു. ഇതൊക്കെ പ്രവാസികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന നിരുത്തരവാദ നിലപാടിന്റെ ഉദാഹരണങ്ങള്‍ മാത്രം. എന്നിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് വ്യോമയാന വകുപ്പും കേന്ദ്ര സര്‍ക്കാരും ഇവിടെ നിന്നുള്ള മന്ത്രിമാരും.

സര്‍വീസുകള്‍ പുന:സ്ഥാപിക്കാതെ എയര്‍ ഇന്ത്യ

കേരളത്തില്‍നിന്നുള്ള വിദേശ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ വെട്ടിക്കുറച്ചതിനെതിരെ ലോകമലയാളി സമൂഹമാകെ പ്രതിഷേധിച്ചിട്ടും നടപടി പിന്‍വലിക്കാനുള്ള ശ്രമം എയര്‍ ഇന്ത്യയുടെ ഭാഗത്തില്ല. സര്‍വീസ് നിര്‍ത്തിവയ്ക്കില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പു നല്‍കുന്നുമില്ല. മുന്‍ നിശ്ചയിച്ചപ്രകാരം ഡിസംബര്‍വരെ പല ഘട്ടങ്ങളിലായി റദ്ദാക്കല്‍ ഇനിയുമുണ്ടാകുമെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ. അതേസമയം സര്‍വീസുകള്‍ ഇനി റദ്ദാക്കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അജിത്സിങ് അറിയിച്ചതായി ശശി തരൂര്‍ എംപി അവകാശപ്പെട്ടു. എന്നാല്‍ ഗള്‍ഫ് യാത്രക്കാരെ ദുരിതത്തിലാക്കി 168 സര്‍വീസുകള്‍ റദ്ദാക്കി വിമാനങ്ങള്‍ ഉത്തര്‍പ്രദേശിലേക്ക് കടത്തിയതിനെക്കുറിച്ച് കേന്ദ്രമന്ത്രി അജിത്സിങ് പ്രതികരിച്ചിട്ടില്ല. കേരളത്തിലെ വിദേശയാത്രക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കേന്ദ്രമന്ത്രി കേരളത്തിലേക്ക് വരുന്നുണ്ടെന്നാണ് തരൂര്‍ പറയുന്നത്. രാജ്യത്തെ വിദേശ വരുമാനത്തിന്റെ ഭൂരിഭാഗവും എയര്‍ ഇന്ത്യയുടെ വരുമാനത്തിന്റെ സിംഹഭാഗവും ലഭ്യമാക്കുന്ന കേരള സെക്ടറിനെക്കറിച്ച് വ്യോമയാനമന്ത്രിക്ക് ഒരു അറിവുമില്ലെന്ന് ശശി തരൂരിന്റെ വാക്കുകളിലൂടെ വെളിപ്പെടുന്നു.

എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും വിദേശകമ്പനികള്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക് 500 ശതമാനത്തിലേറെ വര്‍ധിപ്പിച്ച് യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെയും നാലുമാസമായി പ്രവാസികള്‍ പ്രതിഷേധത്തിലാണ്. പരിഹാരം തേടി പ്രവാസി സംഘടനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിരവധി തവണ നിവേദനവും നല്‍കിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കേരള പ്രവാസിസംഘം പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. എന്നാലിതൊന്നും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനായില്ല. സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരുടെയും വ്യോമയാന വകുപ്പിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍പോയി വരുമ്പോഴെല്ലാം പറയുന്നത്.

പൈലറ്റ്മാരുടെ സമരംമൂലമാണ് സര്‍വീസ് വെട്ടിച്ചുരുക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. ഒരു വിഭാഗം പൈലറ്റുമാരുടെ സമരത്തിനിടയിലും ഗള്‍ഫ്- കേരള സെക്ടര്‍ ഒഴികെയുള്ള മറ്റു സര്‍വീസുകള്‍ പരമാവധി നടത്താന്‍ എയര്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ ചതിമൂലം ഗള്‍ഫ് മലയാളികളുടെ 50,00 കോടി രൂപയാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിദേശ കമ്പനികള്‍ ഓണം- റമദാന്‍ അവധിക്കാലത്ത് കൊള്ളയടിച്ചത്. ആ ഘട്ടത്തിലും ശശി തരൂരടക്കമുള്ള കേരളത്തിലെ ഭരണകക്ഷി എംപിമാരും മന്ത്രിമാരും പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നും ഉടന്‍ പരിഹാരമാകുമെന്നുമാണ് വ്യക്തമാക്കിയത്. ഒന്നും നടപ്പായില്ലെന്നു മാത്രമല്ല യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുമ്പോഴാണ് വിമാനം ഇല്ലെന്ന അറിയിപ്പുപോലും ഇപ്പോള്‍ ലഭിക്കുന്നത്. നിരാശരാകുന്ന യാത്രക്കാരോട് എയര്‍ ഇന്ത്യ അധികാരികള്‍ മോശമായാണ് പെരുമാറുന്നത്. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് അവസാന ദിവസം പുറപ്പെടുന്നവര്‍ക്ക് ഏക ജീവിതമാര്‍ഗമായ ജോലിപോലും നഷ്ടപ്പെടുന്ന ദുരവസ്ഥയാണ്. എന്നാല്‍, റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് സത്വര ഇടപെടല്‍ കേന്ദ്രത്തില്‍ നടത്തേണ്ട മുഖ്യമന്ത്രി പ്രശ്നത്തിന് പരിഹാരം "എയര്‍കേരള"യാണെന്ന് പ്രസ്താവിച്ചതും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കടലാസിലുള്ള ഒരു കമ്പനി യാഥാര്‍ഥ്യമാകുന്നതുവരെ സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായി പ്രവാസികളെ കാണരുതെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ പ്രതികരിച്ചു.

എയര്‍ ഇന്ത്യ ഓഫീസുകളിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാര്‍ച്ച്

തിരു: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദുചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ തിങ്കളാഴ്ച എയര്‍ ഇന്ത്യ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. ഒരു മുന്നറിയിപ്പുമില്ലാതെ 168 വിമാനങ്ങള്‍ റദ്ദാക്കിയ വ്യോമയാന മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലയാളികളടക്കമുള്ള പ്രവാസികള്‍ ഇതുമൂലം സ്വകാര്യവിമാന സര്‍വീസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയില്‍ അറിയിച്ചു. പ്രതിഷേധ മാര്‍ച്ച് വന്‍ വിജയമാക്കാന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 240912

1 comment:

  1. പത്തുമാസത്തിനിടെ കേരളത്തില്‍നിന്നും എയര്‍ ഇന്ത്യ പിന്‍വലിച്ചത് 402 വിമാന സര്‍വീസുകള്‍. മതിയായ കാരണങ്ങളില്ലാതെ പെട്ടെന്ന് റദ്ദാക്കിയത് 112 സര്‍വീസുകള്‍. ദിവസവും ഒരുവിമാനമെങ്കിലും വൈകിപ്പറന്നും എയര്‍ ഇന്ത്യ യാത്രക്കാരെ വലച്ചു. കേരളത്തില്‍നിന്നുള്ള സര്‍വീസിന്് മാത്രമാണ് ഈ ദുര്‍ഗതി. കരിപ്പൂരില്‍നിന്നാണ് ഏറ്റവും കൂടുതല്‍ എയര്‍ ഇന്ത്യ വിദേശ സര്‍വീസുകള്‍ പിന്‍വലിച്ചത്- 198. തിരുവനന്തപുരത്തുനിന്ന് 134 സര്‍വ്വീസും കൊച്ചിയില്‍നിന്ന് 70 എണ്ണവും പിന്‍വലിച്ചു. ഏറെ യാത്രാതിരക്കേറിയ യുഎഇ, സൗദി സെക്ടറില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളാണ് പിന്‍വലിച്ചതെല്ലാം.

    ReplyDelete