Monday, September 24, 2012
തിലകന് ആദരാഞ്ജലി
മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 3. 35നായിരുന്നു അന്ത്യം. ജൂലൈ അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ന്യുമോണിയ ബാധിച്ച തിലകനെ അവിടെനിന്ന് തലസ്ഥാനത്തെ എസ്യുടി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഗുരുതരാവസ്ഥയിലായതോടെ വെന്റിലേറ്ററില്‍തന്നെ ആഗസ്ത് 24ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി.
കടുത്ത ന്യുമോണിയ ബാധിച്ച തിലകന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായിരുന്നു. നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങളിലായിരുന്നു ചികിത്സ. ഹൃദയത്തിന്റെ അവസ്ഥ സാധാരണനിലയിലേക്ക് മടങ്ങിയപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായതാണ് സ്ഥിതി വഷളാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാവിലെ പത്തോടെ വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകീട്ട് നാലിന് തൈക്കാട് ശ്മശാനത്തില്‍ സംസ്കരിക്കും.
പത്തനംതിട്ടയിലെ കോഴഞ്ചേരി അയിരൂരില്‍ പാലപ്പുറത്ത് വീട്ടില്‍ പി എസ് കേശവന്‍, ദേവയാനി എന്നിവരുടെ മകനായി 1935ലാണ് ജനനം. സുരേന്ദ്രനാഥ് തിലകന്‍ എന്നാണ് മുഴുവന്‍ പേര്. കൊല്ലം എസ്എന്‍ കോളേജില്‍ പഠനം. സഹൃദയ മനസ്സുകളില്‍ അശ്വമേധം നടത്തിയ അഭിനയ പെരുന്തച്ചന്‍ അരങ്ങൊഴിയുമ്പോള്‍ മലയാള സിനിമയിലെ പ്രതിഭാസമ്പന്നമായ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്. കരുത്താര്‍ന്ന രൂപവും ശബ്ദവുംകൊണ്ട് തിരിച്ചറിയപ്പെട്ട തിലകന്‍ അരങ്ങിലും വെള്ളിത്തിരയിലും അരനൂറ്റാണ്ടിലേറെ കാലം വിസ്മയം ചൊരിഞ്ഞു. അഭിനയദാര്‍ഢ്യത്തില്‍ തിരക്കഥയെ മറികടക്കുന്ന ഈ നടന്‍ നായക പ്രതിനായക വേഷങ്ങളില്‍ ഒരുപോലെ തിളങ്ങി. മുഖം താഴ്ത്തി പുരികം വളച്ച് ഒരൊറ്റ നോട്ടത്തില്‍ കാഴ്ച്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയ തിലകന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയവരെത്തന്നെയാണ് കഥാപാത്രമായി അനുകരിച്ചത്.
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അമിതാഭ് ബച്ചനു മുന്നില്‍ കൈയെത്തുംദൂരെ നഷ്ടമായി. രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം, ഒരു തവണ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം, അഞ്ചു തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ സ്വന്തമാക്കി. അഭിനയമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2009 ല്‍ പത്മശ്രീ പുരസ്കാരവും തിലകനെ തേടിയെത്തി. മൂന്ന് ദശാബ്ദക്കാലത്തെ നാടക അരങ്ങിലെ അനുഭവസമ്പത്തുമായാണ് തിലകന്‍ സിനിമയിലെത്തിയത്. നടനും സംവിധായകനുമായി നാടകവേദിയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ പി ജെ ആന്റണിയുമായുള്ള സൗഹൃദം സിനിമയിലെത്തിച്ചു. 40 പിന്നിട്ട തിലകന്‍ പെരിയാര്‍ എന്ന സിനിമയില്‍ ഭ്രാന്തന്‍ ഡേവിഡെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി.
പെരുന്തച്ചനിലെ അഭിനയം മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു. 1990ല്‍ പെരുന്തച്ചന്റെ വേഷത്തിനും 1994ല്‍ യമനം, സന്താനഗോപാലം എന്നീ സിനിമകളിലെ വേഷങ്ങള്‍ക്കും മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. യവനിക (1982), ഇരകള്‍ (1985), തനിയാവര്‍ത്തനം (1987), ധ്വനി, മുക്തി (1988), കാറ്റത്തൊരു പൂവ് (1998) എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ക്കായിരുന്നു മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം. 1987ല്‍ ഋതുഭേദത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന റിലീസ് ചെയ്തിട്ടില്ലാത്ത ഗോഡ് ഫോര്‍ സെയില്‍: ഭക്തി പ്രസ്ഥാനം എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനമാണ് തിലകന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
വിദ്യാലയ നാടകങ്ങളിലൂടെയായിരുന്നു അരങ്ങേറ്റം. 1955ല്‍ പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായി. 1961ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. രണ്ടു വര്‍ഷത്തിനകം മടങ്ങിയെത്തി സുഹൃത്തുക്കളുമായി ചേര്‍ന്ന് മുണ്ടക്കയം നാടക സമിതി രൂപീകരിച്ചു. കെപിഎസി, കാളിദാസ കലാകേന്ദ്രം, ചങ്ങനാശേരി ഗീഥ, പി ജെ ആന്റണിയുടെ പി ജെ തിയറ്റേഴ്സ്, ചാലക്കുടിയില്‍ സാരഥി ട്രൂപ്പ് എന്നിവയിലൂടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. തമിഴ്, മലയാളം ഉള്‍പ്പെടെ നാനൂറിലധികം സിനിമകളില്‍ വേഷമിട്ടു. ഇതിനിടെ 18 നാടകം സംവിധാനംചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു. സരോജമാണ് ഭാര്യ. ഷമ്മി തിലകന്‍, ഷോബി തിലകന്‍, ഷിബു, സോണിയ, സോഫിയ എന്നിവര്‍ മക്കളാണ്.
deshabhimani
Subscribe to:
Post Comments (Atom)
തിലകന് ആദരഞ്ജലി
ReplyDelete