Tuesday, September 25, 2012

ചാലക്കുടി ഐടിഐയില്‍ എബിവിപി ആക്രമണം,എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്


ചാലക്കുടി ഗവ. ഐടിഐയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സാരമായ പരിക്കുകളോടെ നാലുപേരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്ഐ കൊടുങ്ങല്ലൂര്‍ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ ചിറക്കല്‍ ഇല്ലത്ത് റസാക്ക് (21), എസ്എഫ്ഐ ഐടിഐ യൂണിറ്റ് സെക്രട്ടറി ആമ്പല്ലൂര്‍ വേങ്ങശ്ശേരി വിവേക് (19), മേലൂര്‍ കരിപ്പാത്ര ആദര്‍ശ് (19), അങ്കമാലി കുളിവേലിക്കുടി ഷമീറ്റ് (19) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. മറ്റ് നിരവധി വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.

രാവിലെ ഒമ്പതോടെ ഐടിഐ കാമ്പസിനുള്ളിലാണ് അപ്രതീക്ഷിത ആക്രമണം. എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രചാരണ ബോര്‍ഡുകളും ചുമരെഴുത്തുകളും നേരത്തേ ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് എസ്എഫ്ഐ ഭാരവാഹികള്‍ ആരോപിച്ചു. ഇടിക്കട്ടയും ഇരുമ്പുവടിയും മറ്റും ആക്രമണത്തിനുപയോഗിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഐടിഐ പരിസരത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവമറിഞ്ഞ് ബി ഡി ദേവസി എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രന്‍, ഏരിയ സെക്രട്ടറി അഡ്വ. പി കെ ഗിരിജാവല്ലഭന്‍, ലോക്കല്‍ സെക്രട്ടറി കെ ഐ അജിതന്‍, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി എസ് സന്തോഷ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി പി എസ് ശ്യാം തുടങ്ങിയവര്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.

എസ്എഫ്ഐക്ക് വിജയം

തിരൂര്‍: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരൂര്‍ പ്രാദേശിക കേന്ദ്രം യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. യൂണിവേഴ്സിറ്റി തിരൂര്‍ പ്രാദേശിക കേന്ദ്രം ആരംഭിച്ചതുമുതല്‍ യൂണിയന്‍ ഭരണം എസ്എഫ്ഐയാണ് നിലനിര്‍ത്തിയത്. യുഡിഎസ്എഫ് മുന്നണിയെ വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുത്തിയത്. ഭാരവാഹികള്‍: കെ ഷൈജു (ചെയര്‍മാന്‍), സി മൃദുല (വൈസ് ചെയര്‍മാന്‍), പി പി ഹസീന (ജനറല്‍ സെക്രട്ടറി), കെ ശരണ്‍കുമാര്‍, എ ഷിനി, ടി പി മുഹമ്മദ് ജംഷീര്‍ (യുയുസി), ഇ സുജിത്ത് (എഡിറ്റര്‍), പി ശോഭിത് (ആര്‍ട്സ് ക്ലബ് സെക്രട്ടറി), സനീഷ്കുമാര്‍ (ഒന്നാംവര്‍ഷ പിജി റെപ്പ്), കെ ബിജിലി (രണ്ടാംവര്‍ഷ പിജി റെപ്പ്), ടി സുബിഷ (ലേഡി റെപ്പ്). വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ ക്യാമ്പസില്‍ പ്രകടനം നടത്തി.

റാഗിങ്: കെഎസ്യുപ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണം- എസ്എഫ്ഐ

തൃശൂര്‍: വെള്ളാനിക്കര ഹോര്‍ട്ടി കള്‍ച്ചര്‍ കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ നിര്‍ബന്ധമായി മീശവടിപ്പിക്കുകയും അസഭ്യം പറയുകയും പതിവാണ്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കാന്റീനില്‍ ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹോസ്റ്റലില്‍ ഇവര്‍ക്ക് പത്രം അനുവദിക്കുന്നില്ല. പത്രവായനയും വിലക്കി. എസ്എഫ്ഐയുമായി സഹകരിക്കരുതെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 250912

1 comment:

  1. ചാലക്കുടി ഗവ. ഐടിഐയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സാരമായ പരിക്കുകളോടെ നാലുപേരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ReplyDelete