Tuesday, September 11, 2012

പ്രതിഷേധജ്വാലയുയര്‍ത്തി ദേശാഭിമാനി ജീവനക്കാര്‍

ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസിന്റെ കള്ളക്കളി തുറന്നുകാട്ടിയതിന്റെ പേരില്‍ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ കേസെടുത്തതിനെതിരെ ദേശാഭിമാനി ജീവനക്കാരുടെ പ്രതിഷേധം ഇരമ്പി. ദേശാഭിമാനി യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടന്നു. മോഹന്‍ദാസ് വടകരയില്‍ പൊലീസ് ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകുന്ന സമയത്തായിരുന്നു മാധ്യമസ്വാതന്ത്ര്യനിഷേധത്തിനെതിരെ രോഷാഗ്നി ജ്വലിച്ചുയര്‍ന്നത്.

ദേശാഭിമാനി കണ്ണൂര്‍, കോഴിക്കോട് എഡിഷനുകളിലെ ജീവനക്കാര്‍ വടകര ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയുടെ ഓഫീസിലേക്കു മാര്‍ച്ച് നടത്തി. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനംചെയ്തു. കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ എം സുരേന്ദ്രന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി സി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കോ- ഓര്‍ഡിനേഷന്‍ സെക്രട്ടറി പി വി ജീജോ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാര്‍ സെക്രട്ടറിയറ്റിന് മുന്നിലേക്കു മാര്‍ച്ച് നടത്തി. പിന്തുണയുമായി വര്‍ഗ ബഹുജന, സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും എത്തി. കള്ളക്കേസുകള്‍ക്കും ഭീഷണിക്കും മുന്നില്‍ വഴങ്ങില്ലെന്നും ദേശാഭിമാനി ഉയര്‍ത്തിപ്പിടിക്കുന്ന ജനപക്ഷരാഷ്ട്രീയം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും മാര്‍ച്ച് പ്രഖ്യാപിച്ചു. പ്രസ്ക്ലബ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയറ്റ് മെയിന്‍ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ കെ വരദരാജന്‍, രാഷ്ട്രീയ ലേഖകന്‍ ആര്‍ എസ് ബാബു എന്നിവര്‍ സംസാരിച്ചു.

കൊച്ചി യൂണിറ്റിലെ ജീവനക്കാര്‍ പാലാരിവട്ടം പൊലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യോഗം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എം ദിനേശ്മണി ഉദ്ഘാടനംചെയ്തു. ന്യൂസ് എഡിറ്റര്‍ കെ വി സുധാകരന്‍, കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) ജില്ലാ പ്രസിഡന്റ് എം എന്‍ ശശീന്ദ്രന്‍, സിപിഐ എം ദേശാഭിമാനി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ സോമന്‍ എന്നിവര്‍ സംസാരിച്ചു. ജേര്‍ണലിസ്റ്റ് യൂണിയന്‍ യൂണിറ്റ് സെക്രട്ടറി ഷഫീക്ക് അമരാവതി സ്വാഗതവും നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ യൂണിറ്റ് സെക്രട്ടറി എം ബി ലിനോ നന്ദിയും പറഞ്ഞു.

കോട്ടയം ദേശാഭിമാനി ജീവനക്കാര്‍ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രകടനം നടത്തി. പ്രസ് ക്ലബ്ബിനു സമീപം ചേര്‍ന്ന പ്രതിഷേധയോഗം സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി ജയനാഥ് ഉദ്ഘാടനംചെയ്തു. ദേശാഭിമാനി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് മനോജ് അധ്യക്ഷനായി. കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, കോട്ടയം പ്രസ് ക്ലബ് ട്രഷറര്‍ ടി പി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

തൃശൂര്‍ യൂണിറ്റിലെ ജീവനക്കാരുടെ ഐജി ഓഫീസ് മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ യു പി ജോസഫ്, തൃശൂര്‍ പ്രസ്ക്ലബ് പ്രസിഡന്റ് ജോയ് എം മണ്ണൂര്‍, ന്യൂസ് എഡിറ്റര്‍ എന്‍ മധു എന്നിവര്‍ സംസാരിച്ചു. കെഎന്‍ഇഎഫ് ജില്ലാ പ്രസിഡന്റ് ടോം പനയ്ക്കല്‍ അധ്യക്ഷനായി. പ്രസ്ക്ലബ് സെക്രട്ടറി വി എം രാധാകൃഷ്ണന്‍ സ്വാഗതവും പി കെ രാജന്‍ നന്ദിയും പറഞ്ഞു. മലപ്പുറത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനടുത്തുനിന്നാരംഭിച്ച പ്രകടനം കെഎസ്ആര്‍ടിസി പരിസരത്ത് സമാപിച്ചു. സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ വി കുഞ്ഞിരാമന്‍, കെ ടി നാഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനിക്കെതിരായ ഭീഷണി വിലപ്പോകില്ല: പിണറായി

ഭരണകൂടഭീകരതയെ എതിരിട്ടാണ് ദേശാഭിമാനി രൂപീകൃതമായ കാലംതൊട്ട് രാഷ്ട്രീയധര്‍മം നിര്‍വഹിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിനെതിരെ വാര്‍ത്ത എഴുതിയതിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ദേശാഭിമാനി ജീവനക്കാര്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

പിഴയടയ്ക്കേണ്ടി വന്നു, അടച്ചുപൂട്ടല്‍ ഭീഷണി നേരിടേണ്ടിവന്നു, കുറച്ചുകാലം ഭരണകൂടം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല, പിന്നീട് അടിയന്തരാവസ്ഥക്കാലത്തും ഇത്തരം അക്രമങ്ങള്‍ തുടര്‍ന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് ദേശാഭിമാനി മുന്നേറിയത്. അങ്ങനെയൊരു പത്രത്തെ നുണുക്കുകേസില്‍ പെടുത്തി ഭീഷണിപ്പെടുത്തിയാല്‍ ഏശില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മനസ്സിലാക്കിയാല്‍ നന്നായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി ഏതറ്റംവരെയും പോകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മോഹന്‍ദാസിനെതിരായ കേസ്. സംസ്ഥാനത്ത് ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു. അത് പുറത്തുകൊണ്ടുവരികയെന്ന മാധ്യമധര്‍മമാണ് ദേശാഭിമാനി നിര്‍വഹിച്ചത്. ഇതിനെയാണ് സര്‍ക്കാര്‍ കേസിലൂടെ നേരിടാന്‍ ശ്രമിക്കുന്നത്.

സാധാരണനിലയില്‍ കേസ് അന്വേഷണം നടക്കുന്നതിനിടെ പൊലീസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കരുത്. എന്നാല്‍, ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണത്തിന്റെ ഓരോഘട്ടത്തിലും ഓരോമണിക്കൂര്‍ ഇടവിട്ടെന്ന നിലയില്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇത് ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് വിളിച്ച് പറഞ്ഞുകൊടുത്തതാണ്. ആ വിവരമാണ് ദേശാഭിമാനി പുറത്തുവിട്ടത്. അത് കളവായ വാര്‍ത്തയല്ല. ഈ വാര്‍ത്തയെ പൊലീസിനോ സര്‍ക്കാരിനോ ചോദ്യംചെയ്യാനായിട്ടില്ല. തങ്ങളുടെ നടപടിയെ ചോദ്യംചെയ്യാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ പേരില്‍ ദേശാഭിമാനിക്കെതിരെ തിരിയുന്ന ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ദേശാഭിമാനിയുടെ രാഷ്ട്രീയചരിത്രം മനസ്സിലാക്കണം.

സിപിഐ എം മുഖപത്രം എന്ന നിലയില്‍മാത്രമല്ല, ശരിയായ മാധ്യമനിലപാട് സ്വീകരിച്ചുകൊണ്ടാണ് ദേശാഭിമാനി പ്രവര്‍ത്തിക്കുന്നത്. അത്തരം പത്രത്തെ ഭീഷണിപ്പെടുത്തിയാല്‍ ഏശില്ലെന്ന് ഇവര്‍ മനസ്സിലാക്കണം. ഇത്തരം തെറ്റായ ഏത് നടപടിയെയും നേരിടാനുള്ള കരുത്ത് ദേശാഭിമാനിക്കുണ്ട്. ഈ കരുത്ത് അധ്വാനിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും പിന്തുണയിലൂടെ ആര്‍ജിച്ചതാണ്. ഈ പ്രവര്‍ത്തനം ദേശാഭിമാനി തുടരും. അത് തടയാന്‍ കഴിയുമെന്ന വ്യാമോഹം ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും വേണ്ട. ഭരണകൂടഭീകരതയ്ക്കെതിരായ ഈ പ്രതിഷേധം ഉള്‍ക്കൊള്ളാന്‍ ഭരണാധികാരികള്‍ക്ക് കഴിയുമെങ്കില്‍ നല്ലത്. അതല്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും. അതിന് ദേശാഭിമാനിക്കൊപ്പം അധ്വാനിക്കുന്ന ജനവിഭാഗങ്ങളൊന്നാകെ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

കേസെടുത്താലും പത്രപ്രവര്‍ത്തകര്‍ പേടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

പൊലീസ് കേസ് എടുത്താലും പത്രപ്രവര്‍ത്തകര്‍ പേടിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു കേസ് ആകുമ്പോള്‍ അതിന് ചില നടപടിക്രമങ്ങളുണ്ട്. അതുപ്രകാരമാണ് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മോഹന്‍ദാസിനെ വടകര ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ഫോണില്‍ വിളിച്ച് ഹാജരാകേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. രേഖാമൂലം അറിയിപ്പ് നല്‍കാന്‍ സമയമില്ലാത്തതിനാലാണ് അത് നല്‍കാതിരുന്നത്. മോഹന്‍ദാസ് ഡിവൈഎസ്പി ഓഫീസില്‍ ഹാജരായിട്ട് എന്തായി എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രശ്നം സംബന്ധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയിട്ടുണ്ട്. അത് പരിശോധിക്കും. മോഹന്‍ദാസിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളില്‍നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

വാര്‍ത്തയെഴുതിയതിന് കേസ്: സംസ്ഥാനമാകെ പ്രതിഷേധം 

deshabhimani 110912

2 comments:

  1. ഭരണകൂടഭീകരതയെ എതിരിട്ടാണ് ദേശാഭിമാനി രൂപീകൃതമായ കാലംതൊട്ട് രാഷ്ട്രീയധര്‍മം നിര്‍വഹിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിനെതിരെ വാര്‍ത്ത എഴുതിയതിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ദേശാഭിമാനി ജീവനക്കാര്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

    ReplyDelete