Sunday, November 4, 2018

മധുരമീ ‘പ്രീതിഭോജനം’

കണ്ണൂർ > ആചാരങ്ങൾ അതേപടി നിലനിൽക്കണമെന്ന വാദക്കാർ ‘പ്രീതിഭോജന’ത്തെക്കുറിച്ചും ഒാർക്കണം. ജാതീയതക്കെതിരെ സഹോദരൻ അയ്യപ്പൻ ആവിഷ്‌കരിച്ച പന്തിഭോജനം വടക്കേ മലബാറിലെത്തിയപ്പോൾ ഒന്നുകൂടി മധുരം കലർത്തി 'പ്രീതിഭോജന'മായി. ഇത് നിർവഹിച്ചത‌് സാമൂഹ്യപരിഷ്‌കർത്താക്കളിലെ വിപ്ലവകാരി വാഗ്ഭടാനന്ദൻ.

1927ൽ ആത്മവിദ്യാ സംഘത്തിന്റെ നേതൃത്വത്തിൽ അഴീക്കോട് വടക്കണിയിലെ പുലയ കേന്ദ്രത്തിലായിരുന്നു പ്രീതിഭോജനം. നേത്രവൈദ്യനായ കെ രാമുണ്ണിയുടെ നിർദേശപ്രകാമായിരുന്നു സുകുമാർ അഴീക്കോടിന്റെ പിതാവ് വിദ്വാൻ പി ദാമോദരൻ മാസ്റ്റർ, മാത്തൻ കറുവൻ, പണ്ടാരപ്പുരയിൽ കറുവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പ്രീതിഭോജനം.

വടക്കണിയിലെ ലേബർ സ്കൂൾ അവർണരാൽ നിറഞ്ഞു. എ കെ നായർ, ചാത്തുക്കുട്ടി എന്നിവരും ഉണ്ടായിരുന്നു. സഹോദരൻ അയ്യപ്പന്റെ പ്രഭാഷണത്തിനുശേഷം പായസം വിളമ്പി. തുടർന്ന് അഴീക്കോട്ടുണ്ടായത് ഭൂകമ്പമെന്ന് ചരിത്രരേഖകൾ വിലയിരുത്തുന്നു. യാഥാസ്ഥിതികരുടെ വിഭ്രാന്തി മാറ്റാൻ വീണ്ടും ഒരു മിശ്രഭോജനത്തിനുകൂടി അഴീക്കോട് വേദിയായി. വാഗ്ഭടാനന്ദന്റെ പ്രസംഗം തടസ്സപ്പെടുത്താൻ സവർണർ ശ്രമിച്ചു. എന്നാൽ, ആത്മവിദ്യാ സംഘം പ്രവർത്തകർ ഇത് തടഞ്ഞു.

പുലയർക്കൊപ്പം ഭക്ഷണം: പുറത്താക്കിയത‌് 7 പേരെ
പുലയരോടൊപ്പം ഭോജനം നടത്തിയ ഏഴുപേരെ തീയ്യ സമുദായത്തിൽനിന്ന് പുറത്താക്കി. പോത്തേരി കുഞ്ഞമ്പു വക്കീൽ, ആര്യബന്ധു പി കെ ബാപ്പു, ടി വി അനന്തൻ, എം ടി കുമാരൻ തുടങ്ങിയവരും പ്രീതിഭോജനത്തിൽ പങ്കെടുത്തതിന് ഭ്രഷ്ടരാക്കപ്പെട്ടവരാണ്. പ്രീതിയോടെ അന്യോന്യം സ്വീകരിക്കപ്പെടുന്നതിനെ 'പ്രീതിവിവാഹം' എന്നാണ് വാഗ്ഭടാനന്ദൻ വിളിച്ചത്. ചാലാട് യുപി സ്കൂളിലെ അധ്യാപകനായ മാധവൻനായരും തീയ്യ സമുദായക്കാരിയായ മാധവി ടീച്ചറും വിവാഹിതരായത‌് ഇങ്ങനെയാണ്.

തലശേരിയിൽ ഇത്തരം കല്യാണങ്ങൾക്ക് അയ്യത്താൻ ഗോപാലനും കണ്ണൂരിൽ ആര്യബന്ധുവും നേതൃത്വം നൽകി. സാധു ശിവപ്രസാദിന്റെ കാർമികത്വത്തിൽ 1924ൽ ആന്ധ്രാക്കാരനായ മണിയും കണ്ണൂരിലെ കക്കിരിക്കോടൻ ബാപ്പുവിന്റെ മകൾ ജാനികയും വിവാഹിതരായി.

No comments:

Post a Comment