Tuesday, September 11, 2012

ലാവ്ലിന്‍: വെളിപ്പെട്ടത് വ്യവഹാരവൃന്ദത്തിന്റെ കള്ളക്കളി


പിണറായി സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ല: സിബിഐ

ലാവ്ലിന്‍ കരാറില്‍ മുന്‍ വൈദ്യുതിമന്ത്രിമാരായ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവര്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ ഹര്‍ജികളില്‍ തിരുവനന്തപുരം സിബിഐ കോടതി തിങ്കളാഴ്ച വാദംകേള്‍ക്കവെയാണ് പിണറായിയും കാര്‍ത്തികേയനും കരാറില്‍ ഒരു സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്.

ഇടപാടില്‍ പിണറായി വിജയന് കോഴ നല്‍കുന്നത് നേരില്‍ കണ്ടെന്നു കാണിച്ച് ഹര്‍ജിക്കാരനായ ക്രൈം നന്ദകുമാര്‍ കൊണ്ടുവന്ന സാക്ഷി ചെന്നൈയില്‍ താമസിക്കുന്ന മലയാളിയായ ദീപക്കുമാര്‍ പറയുന്നത് പച്ചക്കള്ളമാണെന്നും സിബിഐ വ്യക്തമാക്കി.

നാലുതവണ ദീപക്കുമാറിന്റെ മൊഴി സിബിഐ എടുത്തു. ഓരോതവണയും ഇയാള്‍ പരസ്പരവിരുദ്ധമായാണ് മൊഴി നല്‍കിയത്. രണ്ടുകോടി രൂപ ബാഗില്‍ നല്‍കിയെന്ന ദീപക്കുമാറിന്റെ മൊഴി കള്ളക്കഥയാണ്. പിന്നെ തുക മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. പിണറായി വിജയന് നല്‍കാന്‍ തുക എടുത്തുവെന്ന് ദീപക്കുമാര്‍ പറഞ്ഞ ബാങ്കില്‍നിന്ന് ആരും ഈ തീയതികളില്‍ ഇങ്ങനെയൊരു തുക പിന്‍വലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അന്വേഷണങ്ങളിലും ഇടക്കാല കോടതിവിധികളിലും ഹര്‍ജിക്കാരന്‍ ആഗ്രഹിക്കുന്ന രൂപത്തിലല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ അത് മറികടക്കാന്‍ പുതിയ സാക്ഷികളെ കെട്ടിയിറക്കുകയാണെന്നും സിബിഐ വ്യക്തമാക്കി. ഇങ്ങനെയാണ് നന്ദകുമാര്‍ ദീപക്കുമാറിനെ കൊണ്ടുവന്നത്. പ്രമാദമായ കേസുകള്‍ വരുമ്പോള്‍ വിധി അനുകൂലമാക്കാനും കേസുകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനും കേസുമായി ബന്ധമില്ലാത്ത നിരവധി ഹര്‍ജിക്കാര്‍ ഇറങ്ങിത്തിരിക്കുകയാണ്്. ക്രൈം നന്ദകുമാറിന്റെയും മറ്റു ചിലരുടെയും ഹര്‍ജികള്‍ സമാനമാണെന്നും സിബിഐ പ്രോസിക്യൂട്ടര്‍ എസ് അനില്‍കുമാര്‍ പറഞ്ഞു.

കേസ് വിചാരണയെ ബോധപൂര്‍വം തടസ്സപ്പെടുത്താനാണിത്. ഇത് പുതിയ പ്രവണതയായി വളര്‍ന്നുവരികയാണെന്നും സിബിഐ കുറ്റപ്പെടുത്തി. സിബിഐയുടെ ഈ വാദത്തോട് കോടതിയും യോജിച്ചു. മറ്റു പല കേസുകളിലും ഇതുതന്നെയാണ് നടക്കുന്നതെന്നും ജഡ്ജി ടി എസ് പി മൂസത് നിരീക്ഷിച്ചു. കേസില്‍ 14ന് വാദം തുടരും. ലാവ്ലിന്‍ കരാറില്‍ പിണറായി വിജയന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയില്ലെന്ന് 2011 സിസംബര്‍ 19ന് കോടതിയില്‍ സിബിഐ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2009ല്‍ നന്ദകുമാറിന്റെ ഹര്‍ജിയിന്മേലായിരുന്നു തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും എതിരായതോടെയാണ് വീണ്ടും ഹര്‍ജികള്‍ നല്‍കിയത്. സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെങ്കില്‍ അനാവശ്യമായി കേസില്‍ പ്രതിയാക്കിയതെന്തിനെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. ഇതു മറികടക്കാനാണ് കാശ് നല്‍കുന്നത് കണ്ടെന്ന കള്ളസാക്ഷിയെ നന്ദകുമാര്‍ ഇറക്കിയത്.

പിണറായി വിജയന് അനധികൃതസമ്പാദ്യമുണ്ടെന്നു കാണിച്ചും നന്ദകുമാര്‍ ഹൈക്കോടതിയില്‍ കള്ളപ്പരാതി നല്‍കിയിരുന്നു. പിണറായിയുടെ ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ "കമല ഇന്റര്‍നാഷണല്‍" എന്ന സ്ഥാപനം ഉണ്ടെന്നതുള്‍പ്പെടെയുള്ള ഈ പരാതിയും പച്ചക്കള്ളമാണെന്ന് കേന്ദ്ര സാമ്പത്തികാന്വേഷണ വിഭാഗം ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഈ ഹര്‍ജിയും കോടതി തള്ളുകയായിരുന്നു.

ലാവ്ലിന്‍: വെളിപ്പെട്ടത് വ്യവഹാരവൃന്ദത്തിന്റെ കള്ളക്കളി

എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെന്ന് സിബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വീണ്ടും തുറന്നുകാട്ടപ്പെട്ടത് അശ്ലീല വാരികക്കാരന്‍ ഉള്‍പ്പെടെയുള്ള വ്യാജ വ്യവഹാരവൃന്ദത്തിന്റെ കളികള്‍. പ്രമാദമായ കേസുകളില്‍ കക്ഷി ചേര്‍ന്നും വ്യാജപ്പരാതികള്‍ നല്‍കി വ്യവഹാരം നടത്തിയും പൊതുപ്രവര്‍ത്തകരെ, വിശേഷിച്ചും സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢനീക്കം കൂടിയാണ് തിങ്കളാഴ്ച സിബിഐ കോടതിയില്‍ തുറന്നുകാട്ടപ്പെട്ടത്. ലാവ്ലിന്‍ കേസില്‍ നന്ദകുമാറിനു പിന്നില്‍ ഒരു ഗൂഢസംഘം തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതിനകം വ്യക്തമായതാണ്. ലാവ്ലിന്‍ കരാറില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്ന് സിബിഐ വ്യക്തമാക്കിയതോടെ ഈ കേസ് അവസാനിക്കേണ്ടതായിരുന്നു. അഴിമതിക്കേസ് എന്ന വിശേഷണം ഈ കേസിന് ചേരില്ലെന്നും സിബിഐ വ്യക്തമാക്കുന്നു.

ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടമുണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചാണ്. അതേ വാദം പിണറായി വിജയനും ബാധകമാണെന്ന്, പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്ന് സിബിഐ നേരത്തെ പറഞ്ഞപ്പോള്‍ തന്നെ വ്യക്തമായതാണ്. എന്നിട്ടും രാഷ്ട്രീയതാല്‍പ്പര്യം വച്ച് പിണറായിയെ പ്രതിയാക്കുകയായിരുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയതോടെ പിണറായി വിജയന്‍ സാങ്കേതികമായി കേസില്‍ പ്രതിയല്ലാതായെന്ന തിരിച്ചറിവാണ് അശ്ലീല വാരികക്കാരനെക്കൊണ്ട് ഗൂഢസംഘം ഹര്‍ജി കൊടുപ്പിച്ചത്. ഇതിനായി അവതരിപ്പിച്ച വ്യാജ സാക്ഷിയാണ് ദീപക്കുമാര്‍. പലപ്പോഴും സ്വബോധം നഷ്ടപ്പെട്ട പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്ന ഈ സാക്ഷിയുടെ രംഗപ്രവേശം തന്നെ ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഈ സാക്ഷിയുടെ മൊഴികള്‍ പച്ചക്കള്ളമാണെന്ന് സിബിഐ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ കള്ളസാക്ഷിക്കും ഹര്‍ജിക്കാരനുമെതിരെ കേസെടുക്കേണ്ട സ്ഥിതി കൂടി സംജാതമായി.

യുഡിഎഫ് ഭരണകാലത്ത് നടത്തിയ വിജിലന്‍സ് അന്വേഷണത്തെ അടിസ്ഥാനപ്പെടുത്തി പിണറായിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായപ്പോഴാണ് സിപിഐ എമ്മിനെ തകര്‍ക്കുകയെന്ന അജന്‍ഡയോടെ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേസ് സിബിഐക്ക് വിട്ടത്. ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നത്. എന്നാല്‍, വിജിലന്‍സ് അന്വേഷിച്ചുകണ്ടെത്തിയതിനപ്പുറം ഒരിഞ്ചുപോലും സിബിഐക്ക് മുന്നോട്ടുപോകാനായില്ല. എന്നിട്ടും സിബിഐ പിണറായിയെ പ്രതിയാക്കിയതിനു പിന്നിലും ഈ ഗൂഢാലോചന നീണ്ടുകിടക്കുന്നു. പിണറായിയെ സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് കേന്ദ്ര ഭരണകക്ഷിയായ കോണ്‍ഗ്രസിനു വേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും ഈ വെളിപ്പെടുത്തലോടെ വീണ്ടും വ്യക്തമാകുകയാണ്. ഇത് സിബിഐ പ്രത്യക്ഷത്തില്‍ സമ്മതിച്ചില്ലെങ്കിലും ഇപ്പോള്‍ വാദത്തിനിടെ അംഗീകരിച്ചിരിക്കുന്നു. ലാവ്ലിന്‍ ഇടപാടില്‍ ആകെയുണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൗകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് പ്രശ്നം. ക്യാന്‍സര്‍ സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണാപത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2001ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്. അവര്‍ക്കെതിരെയാണ് ഇനി കേസെടുക്കേണ്ടത്.
(എം രഘുനാഥ്)

deshabhimani 110912

1 comment:

  1. എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സാമ്പത്തിക നേട്ടമുണ്ടായിട്ടില്ലെന്ന് സിബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വീണ്ടും തുറന്നുകാട്ടപ്പെട്ടത് അശ്ലീല വാരികക്കാരന്‍ ഉള്‍പ്പെടെയുള്ള വ്യാജ വ്യവഹാരവൃന്ദത്തിന്റെ കളികള്‍. പ്രമാദമായ കേസുകളില്‍ കക്ഷി ചേര്‍ന്നും വ്യാജപ്പരാതികള്‍ നല്‍കി വ്യവഹാരം നടത്തിയും പൊതുപ്രവര്‍ത്തകരെ, വിശേഷിച്ചും സിപിഐ എം നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢനീക്കം കൂടിയാണ് തിങ്കളാഴ്ച സിബിഐ കോടതിയില്‍ തുറന്നുകാട്ടപ്പെട്ടത്. ലാവ്ലിന്‍ കേസില്‍ നന്ദകുമാറിനു പിന്നില്‍ ഒരു ഗൂഢസംഘം തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതിനകം വ്യക്തമായതാണ്. ലാവ്ലിന്‍ കരാറില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്ന് സിബിഐ വ്യക്തമാക്കിയതോടെ ഈ കേസ് അവസാനിക്കേണ്ടതായിരുന്നു. അഴിമതിക്കേസ് എന്ന വിശേഷണം ഈ കേസിന് ചേരില്ലെന്നും സിബിഐ വ്യക്തമാക്കുന്നു.

    ReplyDelete