Monday, September 24, 2012

ആണവബാധ്യതാ ഭേദഗതി: പ്രമേയം കാലഹരണപ്പെട്ടു

സിവില്‍ ആണവബാധ്യതാ നിയമത്തിലെ ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതികള്‍ നിര്‍ദേശിച്ച് രാജ്യസഭയില്‍ ഇടതുപക്ഷ അംഗങ്ങള്‍ മുന്നോട്ടുവച്ച പ്രമേയം വര്‍ഷകാല സമ്മേളനം പൂര്‍ണമായും മുടങ്ങിയതിനാല്‍ കാലഹരണപ്പെട്ടു. സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരിയും കെ എന്‍ ബാലഗോപാലുമാണ് ഭേദഗതിപ്രമേയം മുന്നോട്ടുവച്ചിരുന്നത്. ആണവദുരന്തമുണ്ടായാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിലയം നടത്തിപ്പുകാര്‍ക്ക് ആയിരിക്കണമെന്ന ഭേദഗതിയായിരുന്നു പ്രമേയത്തില്‍ പ്രധാനം.

വിദേശ റിയാക്ടര്‍ ഉടമകള്‍ക്കുള്ള ബാധ്യതയില്‍ വെള്ളംചേര്‍ക്കുന്ന വിധത്തില്‍ ബില്‍ തയ്യാറാക്കിയതിനെ നേരത്തെ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയും വിമര്‍ശിച്ചിരുന്നതാണ്. ദുരന്തം സംഭവിച്ചാല്‍ റിയാക്ടര്‍ നടത്തിപ്പുകാര്‍ക്ക് വിദേശ റിയാക്ടര്‍ നിര്‍മാണ കമ്പനിയോട് നഷ്ടപരിഹാരച്ചെലവിലെ ഒരു ഭാഗം ആവശ്യപ്പെടുന്നതിന് രണ്ട് ഉപാധിയാണ് ചട്ടങ്ങളില്‍ മുന്നോട്ടുവയ്ക്കുന്നത്. ദുരന്തം എത്ര വലുതായാലും വിതരണം ചെയ്ത ഉപകരണത്തിന്റെ മൂല്യത്തേക്കാള്‍ അധികമായി നഷ്ടപരിഹാരം ചോദിക്കരുതെന്നാണ് ഉപാധികളില്‍ ഒന്ന്. ഉല്‍പ്പന്നത്തിന്റെ ബാധ്യതാ കാലയളവോ അല്ലെങ്കില്‍ അഞ്ചുവര്‍ഷ കാലയളവിനോ അപ്പുറം നഷ്ടപരിഹാരം ചോദിക്കരുതെന്നാണ് രണ്ടാമത്തെ ഉപാധി. ബാധ്യതാ കാലയളവ് എത്രയെന്നത് കരാറില്‍ വ്യക്തമാക്കിയിരിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. കരാറില്‍ ഇത്തരമൊരു വ്യവസ്ഥയില്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് മാത്രമേ വിദേശ റിയാക്ടര്‍ കമ്പനിക്ക് ബാധ്യത വരൂ. വിദേശകമ്പനിയില്‍ നിന്ന് ഈടാക്കാവുന്ന നഷ്ടപരിഹാരം റിയാക്ടറിന്റെ ആകെ മൂല്യത്തില്‍ അധികമാകാന്‍ പാടില്ലെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ഭേദഗതി സിപിഐ എം എംപിമാര്‍ മുന്നോട്ടുവച്ചിരുന്നു. അതുപോലെ ബാധ്യതാ കാലയളവ് നിശ്ചയിക്കുന്ന ഇപ്പോഴത്തെ ചട്ടങ്ങള്‍ മാറ്റി പകരം കുറഞ്ഞത് 30 വര്‍ഷ ക്കാലയളവ് നിശ്ചയിക്കണമെന്നും പ്രമേയത്തില്‍ നിര്‍ദേശിച്ചിരുന്നു. ചട്ടങ്ങളില്‍ ഭേദഗതി നിശ്ചയിച്ചുള്ള പ്രമേയങ്ങള്‍ നിശ്ചിത കാലയളവിലേക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷകാല സമ്മേളനം പൂര്‍ണമായും അലങ്കോലപ്പെട്ടതിനാല്‍ ഭേദഗതികള്‍ രാജ്യസഭയുടെ പരിഗണനയ്ക്ക് വന്നില്ല.

പാര്‍ലമെന്ററി ചട്ടങ്ങളനുസരിച്ച് വര്‍ഷകാല സമ്മേളനത്തോടെ പ്രമേയം കാലഹരണപ്പെടുമെങ്കിലും സഭാധ്യക്ഷന്‍ ഈ വിഷയം പ്രത്യേകമായി പരിഗണിക്കണമെന്ന ആവശ്യമാണ് ഇടതുപക്ഷ പാര്‍ടികള്‍ ഉന്നയിക്കുന്നത്. കാലഹരണപ്പെടുകയെന്നത് പ്രമേയം മുന്നോട്ടുവച്ച അംഗങ്ങളുടെ അവകാശം ലംഘിക്കപ്പെടുന്നതിന് തുല്യമാണ്. ഇക്കാര്യം വിശദീകരിച്ച് സഭാ അധ്യക്ഷന് കത്തയക്കുമെന്ന് ബാലഗോപാല്‍ പറഞ്ഞു.

deshabhimani 240912

1 comment:

  1. സിവില്‍ ആണവബാധ്യതാ നിയമത്തിലെ ചട്ടങ്ങളില്‍ നിര്‍ണായക ഭേദഗതികള്‍ നിര്‍ദേശിച്ച് രാജ്യസഭയില്‍ ഇടതുപക്ഷ അംഗങ്ങള്‍ മുന്നോട്ടുവച്ച പ്രമേയം വര്‍ഷകാല സമ്മേളനം പൂര്‍ണമായും മുടങ്ങിയതിനാല്‍ കാലഹരണപ്പെട്ടു. സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരിയും കെ എന്‍ ബാലഗോപാലുമാണ് ഭേദഗതിപ്രമേയം മുന്നോട്ടുവച്ചിരുന്നത്. ആണവദുരന്തമുണ്ടായാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിലയം നടത്തിപ്പുകാര്‍ക്ക് ആയിരിക്കണമെന്ന ഭേദഗതിയായിരുന്നു പ്രമേയത്തില്‍ പ്രധാനം

    ReplyDelete