Sunday, January 13, 2013

വടകരയിലെ ആദ്യ തൊഴിലാളി സംഘടനക്ക് 75 തികയുന്നു


വടകരയിലെ ആദ്യ തൊഴിലാളി സംഘടനയായ ഐക്യത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് എഴുപത്തി അഞ്ച് വര്‍ഷം തികയുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് തൊഴിലാളികള്‍ക്ക് ബോണസ് എന്ന വാക്ക് തികച്ചും അപരിചിതമായിരുന്ന കാലത്ത് ബോണസിനായി സമരം ചെയ്യുകയും നേടിയെടുക്കുകയും ചെയ്ത ഐക്യത്തൊഴിലാളി യൂണിയന്‍ പില്‍ക്കാലത്ത് ബിഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂണിയനായി രൂപാന്തരപ്പെട്ടു. പഴയ കുറുമ്പ്രനാട് താലൂക്കിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിള്ളത്തൊട്ടിലായി മാറിയ ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്റെ എഴുപത്തിഅഞ്ചാം വാര്‍ഷികം സിപിഐ എം നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ എം കെ കേളു ഏട്ടന്‍ പ്രസിഡന്റും പി പി ശങ്കരന്‍ സെക്രട്ടറിയുമായാണ് 1938ല്‍ ഐക്യത്തൊഴിലാളി യൂണിയന്റെ ആദ്യത്തെ കമ്മിറ്റി രൂപീകരിക്കുന്നത്. ഐക്യത്തൊഴിലാളി യൂണിയന്‍ വടകരയിലെ എല്ലാ തൊഴിലാളി വിഭാഗങ്ങളുടെയും സംയുക്ത സംഘടനയായിരുന്നു. ബീഡി ചുരുട്ട് തൊഴിലാളികള്‍, പ്രസ് തൊഴിലാളികള്‍, ടെയ്ലര്‍മാര്‍ തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. പില്‍ക്കാലത്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ യു കുഞ്ഞിരാമന്‍ ബീഡി ചുരുട്ട് തൊഴിലാളികളുടെ ഇടയില്‍ നിന്ന് വളര്‍ന്ന്വന്ന നേതാവാണ്. ഐക്യത്തൊഴിലാളി യൂണിയനിലെ പ്രബല വിഭാഗം ബീഡി ചുരുട്ട് തൊഴിലാളികളായിരുന്നു. താഴെ അങ്ങാടിയായിരുന്നു. ചുരുട്ട് വ്യവസായ കേന്ദ്രം. ആനമാര്‍ക്ക്, കിളി മാര്‍ക്ക്, ഒട്ടക മാര്‍ക്ക്, തെങ്ങ്മാര്‍ക്ക് ഖാദിരിയ, കട്ടാഞ്ചേരി, 501 തുടങ്ങിയ കമ്പനികളായിരുന്നു പ്രധാനപ്പെട്ടവ. മറ്റ് മേഖലകളെ അപേക്ഷിച്ച് മെച്ചപ്പെട്ട കൂലി വ്യവസ്ഥ ചുരുട്ട് രംഗത്തുണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും പാര്‍ടി പത്രത്തെയും നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് ബീഡി ചുരുട്ട് തൊഴിലാളികളായിരുന്നു. 1942- 43 കാലത്ത് വസൂരിക്കും കോളറക്കുമെതിരെ പോരാടി യൂണിയന്‍ പ്രവര്‍ത്തകര്‍ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി. 1944ല്‍ ബോണസിനായി ഐക്യത്തൊഴിലാളി യൂണിയന്‍ ശബ്ദമുയര്‍ത്തി. നാളിതുവരെ കേട്ടിട്ടില്ലാത്ത പുതിയ ആവശ്യവുമായി തൊഴിലാളികള്‍ സമരരംഗത്തിറങ്ങി. രണ്ട് മാസം നീണ്ട സമരത്തിനൊടുവില്‍ കലക്ടറുടെ നേതൃത്വത്തില്‍ വടകരയില്‍ നടന്ന അനുരഞ്ജന യോഗം തൊഴിലാളികള്‍ക്ക് രണ്ട് രൂപ നല്‍കാന്‍ നിര്‍ദേശിച്ചു. ബോണസ് എന്ന് തൊഴിലാളികള്‍ക്ക് പറയാം. അല്ലെന്ന് മുതലാളിക്ക് പറയാം എന്ന കരാറിലാണ് സമരം അവസാനിച്ചത്. അയിത്ത വിരുദ്ധ സമരം, കൂത്താളി കര്‍ഷക സമരം, അധ്യാപക സമരം തുടങ്ങിയ നിരവധി സമര മുഖങ്ങളില്‍ ബീഡി ചുരുട്ട് തൊഴിലാളികള്‍ സഹായികളായി. യൂണിയന്‍ ആഭിമുഖ്യത്തില്‍ ഒരു കലാ സമിതി രൂപീകരിച്ച് ജന്മിയും കുടിയാനും നാടകം അവതരിപ്പിച്ച് ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍ വടകരയിലെ കലാ സമിതി പ്രസ്ഥാനത്തിന്റെ മുന്‍ഗാമിയുമായി.
(ടി രാജന്‍)

deshabhimani 130113

No comments:

Post a Comment