Sunday, January 13, 2013

പോരാട്ടത്തിന്റെ സംഘഗാഥയുമായി മണ്ണിന്റെ മക്കള്‍


സമരഭൂമികളില്‍ പോരാട്ടത്തിന്റെ അലയൊലികള്‍

കല്‍പ്പറ്റ: പേരാട്ടത്തിന്റെ അലയൊലികള്‍ തീര്‍ത്ത് സമരഭൂമികള്‍. തുണ്ടുഭൂമിക്കായുള്ള ഭൂരഹിതരുടെ പോരാട്ടം ആവേശഭരിതമാകുകയാണ്. കൊടിയുടെ നിറം നോക്കാതെ കുടുംബങ്ങള്‍ കൂട്ടത്തോടെ സ്വമേധയ സമരഭൂമികളിലെത്തി കുടില്‍കെട്ടുകയാണ്. ജില്ലയിലെ സമരകേന്ദ്രങ്ങളില്‍ 350ഓളം കുടിലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. കുടില്‍കെട്ടിയുള്ള സമരത്തിന്റെ രണ്ടാംദിനംതന്നെ സമരകേന്ദ്രങ്ങള്‍ ബഹുജനങ്ങള്‍ കീഴടക്കി. ഭൂരഹിതര്‍ക്ക് പിന്തുണയുമായി നൂറുകണക്കിനാളുകളാണ് ഓരോസമരകേന്ദ്രങ്ങളിലുമെത്തുന്നത്. പ്രകടനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍ക്കും പുറമേ ചെറുസംഘങ്ങളായി നിരവധിപ്പേരാണ് ഓരോ കേന്ദ്രത്തിലുമെത്തി പിന്തുണ അറിയിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജയിലില്‍പേകാന്‍ തയ്യാറായി കുടുംബങ്ങളെ കൂടാതെ 50വീതം സമരവളണ്ടിയര്‍മാരും സമരഭൂമികളിലുണ്ട്. വെള്ളിയാഴ്ച കുടിലുകളുയരാത്ത കേന്ദ്രങ്ങളിലെല്ലാം ശനിയാഴ്ച കുടില്‍കെട്ടി. ആദ്യദിനം മിച്ചഭൂമികളിലെ കാട് വെട്ടിതെളിക്കലായിരുന്നു പ്രധാനം. കുടില്‍കെട്ടാനുള്ള വസ്തുക്കള്‍ പലര്‍ക്കും ഭൂസംരക്ഷണസമിതി എത്തിച്ചുനല്‍കി.

നെന്മേനി പഞ്ചായത്തിലെ തൊവരിമലയിലെ സമരകേന്ദ്രത്തില്‍ ശനിയാഴ്ച 40കുടുംബങ്ങള്‍ കൂടി കുടില്‍കെട്ടി. ഇതോടെ ഇവിടെ കുടിലുകളുടെ എണ്ണം 86ആയി. നിരവധി കുടുംബങ്ങള്‍ കുടില്‍കെട്ടി സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഭൂസംരക്ഷണസമിതി അമ്പലവയല്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരഭൂമിയിലേക്ക് വളണ്ടിയര്‍മാര്‍ പ്രകടനമായെത്തി അഭിവാദ്യമര്‍പ്പിച്ചു. കുടില്‍കെട്ടാന്‍ വളണ്ടിയര്‍മാര്‍ സഹായിച്ചു. കോടതി അബ്ദുറഹ്മാന്‍, കെ കെ പൗലോസ്, കെ മാമുക്കുട്ടി, പി വി ബാലകൃഷ്ണന്‍, ഗിരിജ മധു എന്നിവര്‍ സംസാരിച്ചു. പാട്ടക്കാലാവധികഴിഞ്ഞിട്ടും ഹാരിസണ്‍ അനധികൃതമായി കൈവശം വെക്കുന്ന മൂപ്പൈനാട് പഞ്ചായത്തിലെ അരപ്പറ്റ എസ്റ്റേറ്റിലെ സമരകേന്ദ്രത്തിലും കുടിലുകളുടെയും കുടുംബങ്ങളുടെയും എണ്ണം കൂടി. 86കുടിലുകള്‍ ഇവിടെയും ഉയര്‍ന്നു. നേതാക്കളും സമരവളണ്ടിയര്‍മാരും ശനിയാഴ്ച മുഴുവന്‍സമയം സമരഭൂമിയില്‍ ചെലവഴിച്ചു. വി പി ശങ്കരന്‍ നമ്പ്യാര്‍, പി സി ഹരിദാസന്‍, കെ പി ശ്രീധരന്‍, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. ആര്‍എസ്പിയുടെയും ജനതാദളിന്റെയും നേതാക്കളും പ്രവര്‍ത്തകരും സമരത്തിന് അഭിവാദ്യമര്‍പ്പിക്കാനും സഹായിക്കാനുമെത്തി.

മാനന്തവാടിയില്‍ പാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെക്കുന്ന മിച്ചഭൂമിയിലെ സമരം കൂടുതല്‍ ശക്തമായി. ഭൂരഹിതരെ ഒഴിവാക്കാനുള്ള തോട്ടം മാനേജ്മെന്റിന്റെ കുത്സിത ശ്രമം വിജയിച്ചില്ല. കൂടുതല്‍ ആവേശത്തോടെ കുടുംബങ്ങള്‍ കുടിലുകള്‍ തീര്‍ത്തു. 41 കുടുംബങ്ങളാണ് ശനിയാഴ്ച കുടില്‍ കെട്ടിയത്. പാരിസന്റെ കൈവശമുള്ള മിച്ചഭൂമി 600ഏക്കറില്‍ അധികമാണ്. സമരകേന്ദ്രത്തില്‍ എം സി ചന്ദ്രന്‍, ഷൈല ജോസ്, എം പി സൈനുദ്ദീന്‍, എം ജെ ജോണി എന്നിവര്‍ സംസാരിച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ പെര്‍ലോത്തും പൊഴുതന പഞ്ചായത്തിലെ പെരുങ്കോടയിലും സമരം ശക്തമായി മുന്നോട്ട് പോകുകയാണ്. പെരുങ്കോടയില്‍ ശനിയാഴ്ച 25കുടിലുകള്‍കൂടി കെട്ടി. സമരത്തിനെത്തുന്ന കുടുംബങ്ങളുടെ എണ്ണം ഇവിടെയും വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച സമരം കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. എം എം മാത്യു അധ്യക്ഷനായി. എം സെയ്ദ്, എം ജനാര്‍ദ്ദനന്‍, പി ഗഗാറിന്‍ എന്നിവര്‍ സംസാരിച്ചു. വെള്ളമുണ്ട, തൊണ്ടര്‍നാട്, പനമരം പഞ്ചായത്തുകളിലെ ഭൂരഹിത കുടുംബങ്ങളാണ് പെര്‍ളോത്ത് കുടില്‍കെട്ടി സമരം ചെയ്യുന്നത്. ഇവിടെയും കൂടുതല്‍പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ആദിവാസികളും പട്ടികജാതിക്കാരും കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഒരേമനസോടെയാണ് ഭൂമിക്കായി പോരാടുന്നത്.

പിറന്ന മണ്ണില്‍ ഉറച്ചു നില്‍ക്കാന്‍........

കോഴിക്കോട്: പിറന്ന ഭൂമിയില്‍ തലചായ്ക്കാന്‍ ഇടം തേടി നടത്തുന്ന ഭൂസമരം ശക്തമായി തുടരുന്നു. ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് കുടില്‍കെട്ടി സമരം. പേരാമ്പ്രയിലെ മുതുകാട,് കുന്നുമ്മലിലെ മരുതോങ്കര വില്യംപാറ, വാണിമേല്‍ വാളാംതോട്, കോടഞ്ചേരി നെല്ലിപ്പൊയില്‍, ബേപ്പൂര്‍ അരക്കിണര്‍ മണ്ണടത്ത് എന്നിവിടങ്ങളിലാണ് സമരം. കര്‍ഷകസംഘം, കെഎസ്കെടിയു, പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തിലുള്ള ഭൂസമരസമിതിയാണ് സമരം നയിക്കുന്നത്. അരക്കിണര്‍ മണ്ണടത്ത് മാധവിയുടെ മിച്ചഭൂമിയില്‍ സമരം കെഎസ്കെടിയു ജില്ലാ കമ്മിറ്റിയംഗം കെ മാനുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സമരലീഡര്‍ എ ബാലകൃഷ്ണനും വൈസ് ലീഡര്‍ ടി രജനിക്കും അദ്ദേഹം പതാക കൈമാറി. കര്‍ഷകസംഘം ഏരിയാ പ്രസിഡന്റ് വി കെ സി മമ്മദ്കോയ അധ്യക്ഷനായി. രണ്ടാംദിവസം അഞ്ചു കുടുംബങ്ങള്‍ കൂടി കുടില്‍കെട്ടി. ഇപ്പോള്‍ പത്തു കുടുംബങ്ങളാണ് സമരരംഗത്തുള്ളത്. ഞായറാഴ്ച അഞ്ചു കുടുംബങ്ങള്‍ കൂടി പ്രവേശിക്കും. ഇവര്‍ക്ക് പിന്തുണയുമായി വിവിധ മേഖലകളില്‍ നിന്നെത്തിയ വളണ്ടിയര്‍മാരും സമരസഹായ സമിതിയും രംഗത്തുണ്ട്. പി ജലജ, ദാമോദരന്‍, കെ പി എ ഹാഷിം, നീലേരി രാജന്‍, ടി കെ കുഞ്ഞിരാമന്‍, സി ബാലന്‍, മലയില്‍ കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

മരുതോങ്കര വില്യംപാറയിലെ പി ദാമുവൈദ്യരുടെ മിച്ചഭൂമിയില്‍ നാല് കുടുംബങ്ങള്‍കൂടി കുടില്‍ കെട്ടി. സമര നേതാക്കളായ പി പി നാണു, വി പി നാണു എന്നിവര്‍ക്ക് പതാക കൈമാറി കെ കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ കണാരന്‍ അധ്യക്ഷനായി. വി കെ അനന്തന്‍, കെ രാജന്‍, കെ സി ഗോവിന്ദന്‍, ഇ കെ മുരളി, എ ആര്‍ വിജയന്‍, സി കെ ലീല, പി എം കണാരന്‍, ടി കെ നാണു, കെ അജിത് എന്നിവര്‍ സംസാരിച്ചു. സി കെ ബാലന്‍ സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച 13 ആദിവാസികളടക്കം 20 കുടുംബങ്ങളാണ് കുടില്‍ കെട്ടിയത്. തിരുവമ്പാടി നെല്ലിപ്പൊയിലിനുസമീപം മഞ്ഞുവയലിലെ 81 സെന്റ് റവന്യൂഭൂമിയില്‍ സിപിഐ എം തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞിരാമന്‍, ജില്ലാ ആക്ടിങ് സെക്രട്ടറി സി ബാലന്‍, വൈസ് പ്രസിഡന്റ് പി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വി കെ പീതാംബരന്‍, കെ കെ ദിവാകരന്‍, കെ പി ചാക്കോച്ചന്‍, കെ സുന്ദരന്‍, പി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. വാണിമേല്‍ പഞ്ചായത്തിലെ വാളാംതോട് മിച്ചഭൂമിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കെ ഭാസ്കരന്‍, ബാലന്‍ എടച്ചേരി എന്നിവര്‍ക്ക് പതാക കൈമാറിയാണ് ഉദ്ഘാടനം. ഭൂരഹിതരായ അഞ്ചു കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി. സി എച്ച് മോഹനന്‍ അധ്യക്ഷനായി. ടി സി ഗോപാലന്‍, പി കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു. ടി പി കുമാരന്‍ സ്വാഗതം പറഞ്ഞു. പേരാമ്പ്ര മുതുകാട് മിച്ചഭൂമി സമരത്തില്‍ കെ കുഞ്ഞമ്മദ് എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. വത്സലക്ക് പതാക കൈമാറിയാണ് ഉദ്ഘാടനം. എന്‍ എം ദാമോദരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ പി കുഞ്ഞമ്മദ്കുട്ടി, എ കെ പത്മനാഭന്‍, പി ബാലന്‍ അടിയോടി, എ എം രാമചന്ദ്രന്‍, എന്‍ പി ബാബു, ശോഭന വൈശാഖ് എന്നിവര്‍ സംസാരിച്ചു. മേയലാട്ട് ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

"ഞാക്ക് ഈ ചോന്ന കൊടി ഭൂമി നേടിത്തരും"

കുറ്റ്യാടി: കാട് വെട്ടിത്തെളിച്ച് കാട്ടുമൃഗങ്ങളെ ആട്ടിയോടിച്ച് സ്വര്‍ണം വിളയുന്ന ഭൂമിയാക്കിയ കാടിന്റെ മക്കള്‍ക്ക് അന്തിയുറങ്ങാന്‍ കുടിലും കൃഷി ചെയ്യാന്‍ ഭൂമിയുമില്ലാതെ ദുരിതം പേറുന്നു. മരുതോങ്കര പഞ്ചായത്തിലെ കുടില്‍പ്പാറ കോളനിയിലെ തൊണ്ണൂറ് വയസ്സ് കഴിഞ്ഞ ഒണക്കനും കുടുംബവും വില്ല്യംപാറ മിച്ചഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. "ചത്താല്‍ കുഴിച്ചിടാന്‍ സ്ഥലമില്ലാത്ത ഞാക്ക് ഈ ചോന്നകൊടി ഭൂമിനേടിത്തരും" മരുതോങ്കര കുടില്‍പ്പാറ കാട്ടുനായ്ക്ക കോളനിയിലെ ആദിവാസി മൂപ്പന്‍ ഒണക്കന്റെ വാക്കുകളാണിത്. കോളനിയിലെ കുടിലില്‍ ഒണക്കനും ഭാര്യയും ഏഴ് മക്കളും മരുമക്കളും അവരുടെ കുട്ടികളുമായി കഴിയുകയാണ്. കോളനിയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ വീടിനോട് ചേര്‍ന്ന് തന്നെ സംസ്കരിക്കണം. കാട്കയറി ശേഖരിക്കുന്ന കായ്കനികളും മറ്റും ഭക്ഷിച്ച് കഴിഞ്ഞിരുന്ന കാലം. അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ അലയുമ്പോള്‍ ഭൂമിയും വീടുമില്ലാത്ത കാടിന്റെ മക്കള്‍ക്ക് സ്വന്തമായി വീടിനായി ചെങ്കൊടി പ്രസ്ഥാനമെത്തിയത്. ചെറുതാണെങ്കിലും കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷനേടാനായി കൊച്ചുകുടില്‍ സമരത്തിലൂടെ നേടിയെടുത്ത ചെങ്കൊടി പ്രസ്ഥാനത്തിന്റെ തണലില്‍ അവകാശങ്ങള്‍ ഒരോന്നായി നേടിയെടുത്ത അനുഭവങ്ങള്‍ അയവിറക്കുകയാണ് കുടില്‍പാറ കോളനിയിലെ ആദിവാസികള്‍. ഒണക്കന്റെ നേതൃത്വത്തില്‍ 13 ആദിവാസി കുടുംബങ്ങളാണ് വില്ല്യംപാറ മിച്ചഭൂമിയില്‍ അവകാശം സ്ഥാപിച്ചത്.
(കെ മുകുന്ദന്‍)

ഭൂസമരം ശക്തിപ്പെടുന്നു; കുടില്‍ കെട്ടാന്‍ ജനപ്രവാഹം

പാലക്കാട്: കുടില്‍കെട്ടിസമരം രണ്ടാംദിവസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തമായി. ഭൂസംരക്ഷണസമിതി നിശ്ചയിച്ചതിന്റെ പതിന്മടങ്ങ് വളണ്ടിയര്‍മാരും പ്രവര്‍ത്തകരുമാണ് 15 ഏരിയ കേന്ദ്രങ്ങളിലും സമരത്തിനെത്തുന്നത്. മിച്ചഭൂമികളിലും ബിനാമിഭൂമികളിലും കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍ വെട്ടിത്തെളിച്ചു കുടില്‍കെട്ടുകയാണ് അര്‍ഹതപ്പെട്ടവര്‍. അവര്‍ക്ക് പിന്തുണയുമായി സമരവളണ്ടിയര്‍മാരും പ്രവര്‍ത്തകരും രാവിലെമുതല്‍ വൈകിട്ടുവരെ കുത്തിയിരുന്നു. നിശ്ചിത കേന്ദ്രത്തിലെത്തി പ്രകടനമായാണ് കുടില്‍കെട്ടാന്‍ നീങ്ങിയത്. സമരവളണ്ടിയര്‍മാര്‍ അറസ്റ്റ് വരിക്കാനുള്ള തയ്യാറെടുപ്പോടെയാണ് എത്തിയത്. കഞ്ഞിവച്ചു കഴിച്ചും പാട്ടും കവിതയും കലാപരിപാടികളുമായി ഓരോ ലോക്കലുകളില്‍നിന്നുമെത്തുന്നവര്‍ സമരകേന്ദ്രത്തെ സജീവമാക്കി.

കൊല്ലങ്കോട് കരിപ്പോട് മിച്ചഭൂമിയില്‍ കെഎസ്കെടിയു അഖിലേന്ത്യ വര്‍ക്കിങ്കമ്മിറ്റിയംഗം ടി ചാത്തു ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് അരകുര്‍ശിയിലെ മാലതി നേത്യാരുടെ മിച്ചഭൂമിയില്‍ കെഎസ്കെടിയു സംസ്ഥാനകമ്മിറ്റിഅംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു. മുണ്ടൂര്‍ അകമലവാരം കൊല്ലംകുന്നിലെ മിച്ചഭൂമിയില്‍ സിപിഐ എം ജില്ലാകമ്മിറ്റിയംഗം വി കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചെര്‍പ്പുളശേരിയില്‍ ചളവറ ചെമ്പരത്തിമാട്മലയിലെ 100 ഏക്കര്‍ മിച്ചഭൂമിയില്‍ സിപിഐ എം ജില്ലകമ്മിറ്റി അംഗം പി എ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. തൃത്താല മതുപ്പുള്ളിയിലെ മിച്ചഭൂമിയില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരത്ത് കടമ്പഴിപ്പുറം ആലങ്ങാട് കിണ്ണംപറമ്പിലെ സര്‍ക്കാര്‍ ഏറ്റെടുത്ത 72സെന്റ് മിച്ചഭൂമിയില്‍ കെ എസ് സലീഖ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പട്ടാമ്പിയില്‍ ഓങ്ങല്ലൂരിലെ തുലാമുറ്റക്കുന്നില്‍ കര്‍ഷകസംഘം ജില്ലാകമ്മിറ്റിയംഗം സി അച്യുതന്‍ ഉദ്ഘാടനം ചെയ്തു. പുതുശേരിയില്‍ അഹല്യ ഫൗണ്ടേഷന്റെ മിച്ചഭൂമിയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരിയിലെ പുതുക്കോട് തെക്കേപ്പൊറ്റ വാളങ്കോട്ടിലെ മായന്റെ ഉടമസ്ഥതയിലുള്ള മിച്ചഭൂമിയില്‍ സിപിഐ എം ഏരിയ സെക്രട്ടറി സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കുഴല്‍മന്ദത്ത് പെരിങ്ങോട്ടുകുറുശി നടുവത്തപ്പാറയിലെ മണിമലയില്‍ സിപിഐ എം ഏരിയ സെക്രട്ടറി എസ് അബ്ദുള്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഗളിയില്‍ ഒമ്മലക്കടുത്ത് മഞ്ഞച്ചോലയിലെ ബിനാമിഭൂമിയില്‍ ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലത്ത് അമ്പലപ്പാറ ചെറുമുണ്ടശേരി റോഡിലെ നെടുംപറമ്പ് പുറമ്പോക്ക്ഭൂമിയില്‍ ഏരിയസെക്രട്ടറി കെ സുരേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് പിരായിരി പഞ്ചായത്തിലെ കല്ലേക്കാട് പൊന്‍കാട്ടുപറമ്പിലെ രണ്ടേക്കര്‍ ഭൂമിയില്‍ സിപിഐ എം ഏരിയ സെക്രട്ടറി എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. ചിറ്റൂരില്‍ പെരുമാട്ടി പഞ്ചായത്തിലെ മല്ലന്‍ചള്ളയില്‍ ഈച്ചുക്കുട്ടിമേനോന്റെ ഉടമസ്ഥതയിലുള്ള 40 ഏക്കര്‍ മിച്ചഭൂമിയില്‍ കര്‍ഷകസംഘം ഏരിയ സെക്രട്ടറി ഇ എന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ കുറുവകോട്ടുള്ള മിച്ചഭൂമിയില്‍ സിപിഐ എം ഏരിയ സെക്രട്ടറി കെ ഡി പ്രസേനന്‍ ഉദ്ഘാടനം ചെയ്തു

പോരാട്ടത്തിന്റെ സംഘഗാഥയുമായി മണ്ണിന്റെ മക്കള്‍

തൃശൂര്‍: ഒരുപിടി മണ്ണിനായുള്ള പോരാട്ടത്തിന്റെ രണ്ടാംഘട്ടത്തില്‍ രണ്ടാം ദിവസവും നൂറുകണക്കിനാളുകള്‍ വിവിധ കേന്ദ്രങ്ങളില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. ഭൂസംരക്ഷണ സമിതി നേതൃത്വത്തില്‍ ജനുവരി ഒന്നിന് ആരംഭിച്ച സമരം 13-ാം ദിവസത്തിലേക്ക് കടന്നു. ഒന്നുമുതല്‍ പത്തുവരെ വടക്കാഞ്ചേരി വടക്കേക്കളം എസ്റ്റേറ്റിലായിരുന്നു സമരം. പത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ ഏരിയകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു. വളണ്ടിയര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ധൈര്യമുണ്ടായില്ല. ജില്ലയുടെ 14 ഏരിയകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സമരസമിതി നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചിരിക്കയാണ്. കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസി ക്ഷേമസമിതി, പട്ടികജാതി ക്ഷേമസമിതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ചയും നൂറുകണക്കിന് വളണ്ടിയര്‍മാര്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു.

മണലൂര്‍ പാലാഴിയില്‍ ഭൂസംരക്ഷണസമിതി ചെയര്‍മാന്‍ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കൊച്ചത്ത് ക്യാപ്റ്റനായി. ഒല്ലൂര്‍ വെള്ളാനിക്കാട് വര്‍ഗീസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. കെ എ കൃഷ്ണന്‍ ക്യാപ്റ്റനായി. ചേലക്കര മുള്ളൂര്‍ക്കരയില്‍ പി എ ബാബു ഉദ്ഘാടനം ചെയ്തു. യു ആര്‍ പ്രദീപ് ക്യാപ്റ്റനായി. തൃശൂര്‍ ചണ്ടിപ്പുലിപ്പാടത്ത് എം എം അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു. പി കെ സുരേന്ദ്രന്‍ ക്യാപ്റ്റനായി. മണ്ണുത്തി മാടക്കത്തറ തേറമ്പത്ത് പി എസ് വിനയന്‍ ഉദ്ഘാടനം ചെയ്തു. എം ബാലകൃഷ്ണന്‍ ക്യാപ്റ്റനായി. പുഴയ്ക്കലില്‍ എ എസ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ കെ ശാന്ത ക്യാപ്റ്റനായി. കൊടകരയില്‍ ടി എ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി ജി അശോകന്‍ ക്യാപ്റ്റനായി. ഇരിങ്ങാലക്കുട പടിയൂരില്‍ പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. എ വി ഗോകുല്‍ദാസ് ക്യാപ്റ്റനായി. ചാലക്കുടി തവളക്കുഴിപ്പാറയില്‍ ഇ സി സുരേഷ് ഉദ്ഘാടനം ചെയ്തു. എം എസ് സദാനന്ദന്‍ ക്യാപ്റ്റനായി. കുന്നംകുളം ഒറ്റപ്പിലാവ് ഒരുക്കാലികുന്നില്‍ എം ബാലാജി ഉദ്ഘാടനം ചെയ്തു. ടി എ വേലായുധന്‍ ക്യാപ്റ്റനായി. ചാവക്കാട് കെ മണി ഉദ്ഘാടനം ചെയ്തു. ജി ബി ദയാനന്ദന്‍ ക്യാപ്റ്റനായി. വടക്കാഞ്ചേരി പാര്‍ളിക്കാട് വടക്കേക്കളം പ്ലാന്റേഷനില്‍ സേവ്യര്‍ ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. കെ കെ രാജന്‍ ക്യാപ്റ്റനായി. കൊടുങ്ങല്ലൂരില്‍ കെ കെ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. പി ബി പരമേശ്വരന്‍ ക്യാപ്റ്റനായി. മാള മഠത്തുംപടിയില്‍ കൈതച്ചിറ മിച്ചഭൂമിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. എം ബി മോഹന്‍ ക്യാപ്റ്റനായി.

ആവേശം നിറഞ്ഞ് സമരഭൂമി

കൊച്ചി: ഭൂസമരത്തിന്റെ ഭാഗമായി ആരംഭിച്ച കുടില്‍കെട്ടി സമരത്തിന്റെ രണ്ടാംദിനവും സമരമുഖങ്ങളില്‍ ആവേശം നിറഞ്ഞു. ആദ്യദിനം ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ സമരവളന്റിയര്‍മാര്‍ കയറി അവകാശം സ്ഥാപിച്ച ഭൂമിയില്‍ രണ്ടാംദിനം ഭൂരഹിതരും സാധാരണക്കാരുമായ സമരഭടന്മാര്‍ പ്രവേശിച്ച് കുത്തിയിരുന്നു. മുദ്രാവാക്യങ്ങള്‍ മുഴക്കിയും പടപ്പാട്ടുകള്‍ പാടിയും അവര്‍ സമരഭൂമിയെ ആവേശത്തിലാക്കി. ചരിയംതുരുത്തില്‍ പറവൂര്‍ ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ചത്തെ സമരം. വന്‍കിട ഭൂമാഫിയകള്‍ ബിനാമിപ്പേരില്‍ വാങ്ങിക്കൂട്ടിയ പൊക്കാളി കൃഷിഭൂമിയില്‍ കുടിലുകള്‍കെട്ടി സമരഭടന്മാര്‍ മുദ്രാവാക്യം മുഴക്കി. കെഎസ്കെടിയു ഏരിയ സെക്രട്ടറി ടി കെ വിജയന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം ലോക്കല്‍ സെക്രട്ടറി എന്‍ എസ് അനില്‍കുമാര്‍ അധ്യക്ഷനായി. കെ എ വിദ്യാനന്ദന്‍, ടി എസ് ബേബി എന്നിവര്‍ സംസാരിച്ചു.

വൈറ്റില ഏരിയയില്‍ വെണ്ണല ഉലകംപാറയിലുള്ള മിച്ചഭൂമിയിലും കോതമംഗലത്ത് പാലമറ്റത്തെ മിച്ചഭൂമിയിലും കൂത്താട്ടുകുളത്ത് ഓണക്കൂര്‍ പള്ളിപടിക്കു സമീപത്തെ മിച്ചഭൂമിയിലുമാണ് കുടില്‍കെട്ടിയിട്ടുള്ളത്. പെരുമ്പാവൂരില്‍ കാരാട്ടുപള്ളിക്കരയിലെ 15 ഏക്കര്‍ നികത്തിയ പാടശേഖരത്തിലും കവളങ്ങാട് വാരപ്പെട്ടിയിലെ കൊട്ടിളത്ത് മലയിലും മൂവാറ്റുപുഴയില്‍ ആനിക്കാട് ഇട്ടിയേക്കാട്ട് മിച്ചഭൂമിയിലുമാണ് കുടില്‍കെട്ടിയിട്ടുള്ളത്. കോലഞ്ചേരിയില്‍ പുറ്റുമാനൂരിലെ മിച്ചഭൂമിയിലും ആലുവയില്‍ കീഴ്മാട് കുളക്കാട് പുറമ്പോക്കുഭൂമിയിലും സമരക്കാര്‍ പോരാട്ടം തുടരുകയാണ്. അങ്കമാലി ഏരിയയിലെ പീച്ചാനിക്കാട് സര്‍ക്കാര്‍ ഭൂമിയിലും കാലടി ചൊവ്വര റെയില്‍വേ സ്റ്റേഷന്‍ പുറമ്പോക്കിലും നെടുമ്പാശേരി പുത്തന്‍വേലിക്കര പഞ്ചായത്തിലെ താഴംചിറ ഭൂമിയിലും കുടില്‍കെട്ടിയിട്ടുണ്ട്. വൈപ്പിനില്‍ നായരമ്പലം നെടുങ്ങാട് കറുകപ്പള്ളി ജോര്‍ജിന്റെയും മറ്റുരണ്ടുപേരുടെയും പേരിലുള്ള 32 ഏക്കര്‍ പൊക്കാളിപ്പാടത്താണ് കുടില്‍കെട്ടിയിട്ടുള്ളത്. കളമശേരിയില്‍ ഇടപ്പള്ളി ടോള്‍ കൊല്ലംമുറി റോഡിനു സമീപവും തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ പുതുപ്പള്ളിപ്രംകര കൊല്ലംമുറി റോഡിലെ അവകാശത്തര്‍ക്കത്തിലിരിക്കുന്ന ഒന്നരയേക്കര്‍ ഭൂമിയിലും കുടില്‍കെട്ടി. തൃപ്പൂണിത്തുറ ഏരിയയില്‍ മരട് വളന്തക്കാട്ടെ 42 ഏക്കറിലും കുടില്‍കെട്ടി. പള്ളുരുത്തിയില്‍ കുമ്പളം വടക്കേയറ്റത്ത് 11 ഏക്കറോളം നികത്തുഭൂമിയിലും മുളന്തുരുത്തിയില്‍ പുതുക്കോട്ട കമ്പിവേലിക്കകത്ത് സ്വകാര്യ കമ്പനികള്‍ വളച്ചുകെട്ടിയ പുറമ്പോക്കു ഭൂമിയിലുമാണ് സമരം തുടരുന്നത്.

മണ്ണും മനസ്സും കീഴടക്കി കൂടുതല്‍ കുടിലുകള്‍

തിരു: നിസ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന ഭൂസംരക്ഷണ പോരാട്ടകേന്ദ്രങ്ങളില്‍ രണ്ടാംഘട്ടത്തിന്റെ രണ്ടാംദിവസവും ആവേശഭരിത പോരാട്ടം. ആറടി മണ്ണില്‍ അന്തിയുറക്കമാകുംവരെ പിറന്ന മണ്ണിന്‍ ഉടമകളായി കഴിയാനുള്ള പട്ടിണിപ്പാവങ്ങളുടെ അവകാശപ്പോരാട്ടം ജില്ലയുടെ മണ്ണും മനസ്സും കീഴടക്കുകയാണ്. പുതുവത്സരപ്പുലരിയില്‍ മടവൂര്‍ തുമ്പോട്ട് ആരംഭിച്ച മണ്ണിന്റെ മക്കളുടെ പടയോട്ടം 12 ദിവസം പിന്നിട്ട് ചരിത്രം രചിച്ച് മുന്നേറുമ്പോള്‍ തുമ്പോട്, കല്ലിയോട്, പോതുപാറ എന്നിവിടങ്ങളിലെ മിച്ചഭൂമികളില്‍ ശനിയാഴ്ച കൂടുതല്‍ കുടിലുകള്‍ ഉയര്‍ത്തി ഭൂരഹിതര്‍ അവകാശം സ്ഥാപിച്ചു. മൂന്ന് കേന്ദ്രങ്ങളിലും നൂറുക്കണക്കിന് ബഹുജനങ്ങളുടെ അകമ്പടിയോടെയാണ് സമരഭടന്മാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ചത്. അറസ്റ്റ്ചെയ്താല്‍ ജയിലില്‍പോകാന്‍ തയ്യാറായി 38 ഭൂരഹിത കുടുംബങ്ങള്‍ കുട്ടികളെയും കൂട്ടിയാണ് കുടില്‍കെട്ടി അവകാശം സ്ഥാപിക്കാനെത്തിയത്. വെമ്പായം ആനാട് കല്ലിയോട്ട് 10 ഏക്കര്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി സമരത്തിന്റെ രണ്ടാംദിവസം പാറശാല ഏരിയയിലെ 12 ഭൂരഹിത കുടുംബങ്ങള്‍ പ്രവേശിച്ച് കുടില്‍കെട്ടി. ഗ്രാമകേന്ദ്രത്തില്‍ രാവിലെ സമരം കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ രതീന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സി രാജപ്പന്‍ അധ്യക്ഷനായി. തേക്കട പോതുപാറ മിച്ചഭൂമിയില്‍ സമരം കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ബി എസ് രാജീവ് അധ്യക്ഷനായി.

"തല ചായ്ക്കാന്‍ ഒരുപിടി മണ്ണ് വേണം"

തിരു: "അഞ്ച് പൈസയ്ക്ക് വെള്ളം ചുമന്നുതുടങ്ങിയതാ. മൂന്ന് പതിറ്റാണ്ടോളം കളിയിക്കാവിളയിലെ ഹോട്ടലുകളില്‍ കുടിവെള്ളം എത്തിച്ചിട്ടും ഇന്നും തല ചായ്ക്കാന്‍ ഒരുപിടി മണ്ണ് സ്വന്തമായില്ല. ചടയംവിള കീഴേത്തോട്ടത്തെ 58 വയസ്സുള്ള സരോജം ജീവിതദുരിതം പറയുമ്പോള്‍ കണ്ണീര് വീഴുന്നുണ്ടായിരുന്നു. കുടിവെള്ളം ചുവന്ന് നാലു സെന്റ് പുരയിടം സ്വന്തമാക്കിയിരുന്നു. രണ്ടു പെണ്‍മക്കളെ കെട്ടിച്ചയച്ചപ്പോള്‍ ഒന്നും ബാക്കിയില്ലാതായി. 15-ാം വയസ്സില്‍ വിവാഹം കഴിഞ്ഞ് 6 വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. അന്ന് തുടങ്ങിയതാണ് ദുരിതം. കളിയിക്കാവിളയിലെ നാല് ഹോട്ടലില്‍ പതിറ്റാണ്ടുകളോളം വെള്ളം ചുവന്നു. ഒരു കുടം വെള്ളത്തിന് അഞ്ചു പൈസ കൂലിയുണ്ടായിരുന്ന കാലം മുതല്‍ അഞ്ചുരൂപ കിട്ടുന്നതുവരെ പണിയെടുത്തു. ഇപ്പോള്‍ വെള്ളം ചുമക്കാനാകാതെ വന്നപ്പോള്‍ ജീവിതം വഴിമുട്ടി. സ്വന്തമെന്ന് പറയാന്‍ ഒരു പിടി മണ്ണുവേണം. അത് കിട്ടുന്നിടംവരെ എന്തും സഹിക്കാന്‍ തയ്യാറായി സമരമുഖത്തുണ്ടാകും- സരോജം പറഞ്ഞു.

കൈക്കുഞ്ഞുമായി രമ്യ; തൊട്ടിലൊരുക്കി സമരഭൂമി

കല്ലിയോട്: ഒരുതുണ്ട് ഭൂമിക്കായി കുടില്‍ കെട്ടല്‍ സമരത്തിന് എത്തിയത് മൂന്നുമാസം പ്രായമായ കുഞ്ഞുമായി. കൈക്കുഞ്ഞ് സമരഭൂമിയില്‍ താരമായി. കല്ലിയോട് മിച്ചഭൂമിയില്‍ കുടികിടപ്പ് അവകാശം സ്ഥാപിക്കാനെത്തിയ ധനുവച്ചപുരം വഴുതോട്ടുകോണത്തെ രമ്യക്ക് ഭൂസംരക്ഷണസമരമെന്ന് കേട്ടപ്പോള്‍ വീട്ടിലിരിക്കാനായില്ല. അറിവായ കാലംമുതല്‍ വാടകവീട്ടുകാര്‍ എന്നപേര് കേട്ട് മനസ്സ് മടുത്തതാണ്. എന്നെങ്കിലും ഒരുതുണ്ട് ഭൂമി സ്വന്തമായി ഉണ്ടാകുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. വിവാഹിതയായപ്പോഴും ഭര്‍ത്താവിനൊപ്പം വാടകവീട്ടില്‍ കഴിഞ്ഞുവന്ന രമ്യ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി മൂന്നുമാസം തികഞ്ഞിട്ടില്ല. അയല്‍വീട്ടുകാര്‍ വിലക്കിയിട്ടും രമ്യ രണ്ടുപൊടിക്കുഞ്ഞുങ്ങളുമായി സമരഭൂമിയിലേക്ക് പുറപ്പെട്ടു. ഭര്‍ത്താവ് സുരേഷിന് ശനിയാഴ്ച ഒഴിവാക്കാനാകാത്ത ആവശ്യമുണ്ടായതിനാല്‍ സമരകേന്ദ്രത്തിലെത്താന്‍ കഴിയാതിരുന്നിട്ടും രമ്യ കുട്ടികളുമായി കല്ലിയോട്ടേക്ക് പോരുകയായിരുന്നു. മൂന്നുവയസ്സുകാരി സൗപര്‍ണികയെയും മൂന്നുമാസക്കാരന്‍ കൈലാസ് നാഥനെയും കൂട്ടി സമരഭൂമിയില്‍ എത്തുമ്പോള്‍ എല്ലാ സഹായവും അയല്‍ക്കാര്‍ ചെയ്തു നല്‍കിയിരുന്നു. രമ്യ കുടില്‍ കെട്ടാന്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയപ്പോള്‍ കുട്ടികളെ മറ്റു സഖാക്കള്‍ ഒപ്പം കൂട്ടി.

അവകാശപ്പോരാട്ടത്തില്‍ ആയിരങ്ങള്‍

കൊച്ചി: ഭൂസംരക്ഷണ സമരത്തിന്റെ രണ്ടാംഘട്ടത്തിലെ കുടില്‍കെട്ടി സമരത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ജില്ലയിലെ സമരഭൂമികളിലെത്തിയത്. വെള്ളിയാഴ്ച കുടില്‍കെട്ടി സമരം തുടങ്ങിയ സമരഭടന്‍മാര്‍ക്ക് കരുത്തേകി നിരവധി പേരാണ് കൂടെയിരിക്കുന്നത്. അഭിവാദ്യമര്‍പ്പിക്കാനെത്തുന്ന നേതാക്കളും അണികളും പോരാട്ടഭുമിയില്‍ സമരവീര്യമുയര്‍ത്തുകയാണ്. കോലഞ്ചേരി: ഭൂസമരം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കോലഞ്ചേരി ഏരിയയിലെ പുറ്റുമാനൂരിലെ മിച്ചഭൂമിയില്‍ ഭൂരഹിതര്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചു. രാവിലെ പത്തോടെ മാനാന്തടം ബൈബിള്‍ കോളേജ് ജങ്ഷനില്‍നിന്ന് കുന്നത്തുനാട്, കോലഞ്ചേരി ലോക്കല്‍ കമ്മിറ്റികളിലെ സമര വളന്റിയര്‍മാരുടെ മാര്‍ച്ച് ആരംഭിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ വി ഏലിയാസ് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ വി കെ അയ്യപ്പന്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം എം എം തങ്കച്ചന്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സി എന്‍ മോഹനന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദര്‍ശനന്‍, എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് സമരഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി. ഭൂരഹിതരായ വരിക്കോലി തുരുത്തേല്‍ ആന്റണി ജോണ്‍, വടവുകോട് കിഴക്കിനേത്ത് മൂല കെ കെ സനീഷ്, പുറ്റുമാനൂര്‍ കുത്തുകല്ലുങ്കല്‍ രാജേഷ്, പുറ്റുമാനൂര്‍ ചിറപ്പാട്ട് കുഞ്ഞുമോള്‍ സന്തോഷ്, വടയമ്പാടി പുത്തന്‍പുരക്കല്‍ റസിയ എന്നിവരാണ് മിച്ചഭൂമിയില്‍ കുടില്‍കെട്ടിയത്. കെഎസ്കെടിയു ഏരിയ ജോയിന്റ് സെക്രട്ടറി എം കെ മനോജ്, ടി തോമസ്, എം എം മോഹനന്‍, എന്‍ വി കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഞായറാഴ്ച ഐരാപുരം, മഴുവന്നൂര്‍ ലോക്കല്‍ കമ്മിറ്റികളില്‍നിന്നുള്ള സമരവളന്റിയര്‍മാര്‍ പങ്കെടുക്കും.

ഇടപ്പള്ളി ടോളില്‍ വനിതാ തിയറ്ററിനു തെക്കുപടിഞ്ഞാറായി കൊല്ലംമുറി റോഡിനു സമീപമുള്ള മിച്ചഭൂമിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ച് ഭൂരഹിതര്‍ രണ്ടാംദിവസമായ ശനിയാഴ്ചയും കുടിലുകളില്‍ താമസിക്കുകയാണ്. സമരഭടന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് നിരവധിപ്പേര്‍ വരുന്നുണ്ട്. കുടിലുകളില്‍ ഭക്ഷണം പാചകംചെയ്ത് ഇവര്‍ കഴിച്ചു. വൈറ്റില ഏരിയയിലെ വെണ്ണല ഉലകംപാറയിലുള്ള മിച്ചഭൂമിയില്‍ രണ്ടാംദിനവും വളന്റിയര്‍മാര്‍ പ്രവേശിച്ചു. കുടില്‍കെട്ടിയ ഇരുപതോളം പേര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് എം എസ് ഹരിഹരന്‍ ക്യാപ്റ്റനായ വൈറ്റില ലോക്കല്‍ കമ്മിറ്റിയിലെ വളന്റിയര്‍മാരാണ് സമരഭൂമിയില്‍ പ്രവേശിച്ചത്. സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി അംഗം കെ ഡി വിന്‍സെന്റ് രണ്ടാംദിവസത്തെ സമരം ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ എന്‍ സന്തോഷ് അധ്യക്ഷനായി. കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി ബി ദേവദര്‍ശനന്‍, കര്‍ഷകസംഘം എറണാകുളം ഏരിയ സെക്രട്ടറി എസ് വിജയന്‍, ഡിവൈഎഫ്ഐ വൈറ്റില ബ്ലോക്ക് സെക്രട്ടറി പി എസ് സതീശന്‍, വി ടി ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു.

തൃപ്പൂണിത്തുറ: കുടില്‍കെട്ടിസമരം രണ്ടാംദിനത്തില്‍ വളന്റിയര്‍മാര്‍ക്ക് അഭിവാദ്യവുമായി നിരവധിപേര്‍ സമരഭൂമിയിലേക്കെത്തി. ഭൂസംരക്ഷണസമിതി തൃപ്പൂണിത്തുറ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളന്തകാട്ടിലെ ദ്വീപില്‍ മിച്ചഭൂമിയില്‍ നടക്കുന്ന സമരത്തില്‍ മരടില്‍നിന്നുള്ള വളന്റിയര്‍മാരാണ് ശനിയാഴ്ച പങ്കെടുത്തത്. കെഎസ്കെടിയു സംസ്ഥാനകമ്മിറ്റിയംഗം പി വി ശശി നേതൃത്വംകൊടുത്ത സമരഭൂമിയിലേക്കുള്ള മാര്‍ച്ച് മരട് കൊട്ടാരം മൈതാനിയില്‍നിന്ന് ആരംഭിച്ചു. കെഎസ്കെടിയു ഏരിയാസെക്രട്ടറി കെ കെ മോഹനന്‍ ഉദ്ഘാടനംചെയ്തു. വി ജി സുധികുമാര്‍ അധ്യക്ഷനായി. കെഎസ്കെടിയു സംസ്ഥാനകമ്മിറ്റിയംഗം ഇ വി തങ്കപ്പന്‍ വളന്റിയര്‍മാര്‍ക്ക് പതാകയും ഹാരവും കൈമാറി. സി സി ഭാസ്കരന്‍ സ്വാഗതംപറഞ്ഞു. മുളന്തുരുത്തി: ഭൂസംരക്ഷണസമിതി മുളന്തുരുത്തി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂത്തോട്ട കമ്പിവേലിക്കകത്ത് നടക്കുന്ന സമരത്തില്‍ ചോറ്റാനിക്കരയില്‍നിന്ന് എം സി കുഞ്ചെറിയയുടെ നേതൃത്വത്തിലുള്ള വളന്റിയര്‍മാര്‍ പങ്കെടുത്തു. പൂത്തോട്ട ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സമരസഹായസമിതി സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനംചെയ്തു. ടി കെ ബാബു അധ്യക്ഷനായി. പി വി പ്രഭാകരന്‍, പി കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ഓട്ടോറിക്ഷാത്തൊഴിലാളികള്‍, ചുമട്ടുത്തൊഴിലാളികള്‍ എന്നിവര്‍ സമരകേന്ദ്രത്തിലെത്തി വളന്റിയര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു.

പള്ളുരുത്തി: കുമ്പളത്ത് രണ്ടാംദിവസത്തെ സമരം കെഎസ്കെടിയു ഏരിയാസെക്രട്ടറി സി കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്തു. കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയസെക്രട്ടറി ടി കെ വത്സന്‍, പി എസ് ഹരിദാസ്, വി കെ സനു എന്നിവര്‍ സംസാരിച്ചു. രണ്ടാംദിവസം പനയപ്പിള്ളി പനങ്ങാട് ലോക്കല്‍ കമ്മിറ്റികളിലെ വളന്റിയര്‍മാരാണ് പങ്കെടുക്കുന്നത്. പനയപ്പിള്ളി ലോക്കല്‍ കമ്മിറ്റിയിലെ കെ ടി സാജുവാണ് ക്യാപ്റ്റന്‍. സമരകേന്ദ്രത്തില്‍ കൂടുതല്‍ കുടിലുകള്‍ ഉയര്‍ന്നു. കൊച്ചി: വൈറ്റില ഏരിയയിലെ വെണ്ണല ഉലകന്‍പാറയില്‍ സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റിയംഗം അഡ്വ. കെ ഡി വിന്‍സെന്റ് സമരപതാക കര്‍ഷകസഘം ഏരിയ പ്രസിഡന്റ് എം എസ് ഹരിഹരന് കൈമാറി ഉദ്ഘാടനംചെയ്തു. ഭൂസംരക്ഷണസമിതി ഏരിയ സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. എ എന്‍ സന്തോഷ് അധ്യക്ഷനായി. സമരസമിതി നേതാക്കളായ കെ എന്‍ ദാസന്‍, കെ കെ ശിവന്‍, വിജയന്‍, വി ടി സുബ്രഹ്മണ്യന്‍, പി എസ് സതീഷ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച മൂന്നാംദിവസം സമരം ഭൂസംരക്ഷണസമിതി പാലാരിവട്ടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കും.

കൂടുതല്‍ കുടുംബങ്ങള്‍ താമസം തുടങ്ങി

കോട്ടയം: ഭൂസമരത്തിന്റെ ഭാഗമായി ജില്ലയില്‍ കുടില്‍കെട്ടി സമരം ഊര്‍ജ്ജിതമായി. ശനിയാഴ്ച കുമരകം മെത്രാന്‍കായലിലും മാന്നാനം അത്തിമറ്റം തയ്യില്‍ച്ചിറയിലും കുടില്‍കെട്ടി ഭൂരഹിതര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചു. വിവാദസ്വാമി സന്തോഷ് മാധവനും ബിനാമികളും കയ്യടക്കിയ വടയാര്‍ ആലങ്കേരി പാടശേഖരത്തും സമരം തുടരുകയാണ്. മെത്രാന്‍കായലില്‍ അട്ടിപ്പീടിക വെല്ലിച്ചേരില്‍ വി ഡി ശ്രീജിത്ത്-അനു ദമ്പതികള്‍ക്കാണ് സമരവളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി നല്‍കിയത്. കഴിഞ്ഞദിവസം ഇവിടെ കുടില്‍കെട്ടിയ താളിക്കല്ലുങ്കല്‍ ജയപ്രകാശ്, ആറുപറച്ചിറ തമ്പി, മൂലേപ്പറമ്പില്‍ രാജന്‍ എന്നിവരുടെ കുടുംബം താമസം തുടങ്ങി.

തയ്യില്‍ച്ചിറയില്‍ ഇടപ്പള്ളി മലയില്‍ സുരേഷും ഭാര്യ അനിതയുമാണ് താമസിക്കുന്നത്. "തയ്യില്‍ച്ചിറ സര്‍ക്കാര്‍ ഭൂമിയാണെന്നും ഇവിടെ അനധികൃതമായി പ്രവേശിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുമെന്ന് കാട്ടി" കോട്ടയം തഹസീല്‍ദാരുടെ പേരിലുള്ള മുന്നറിയിപ്പ് ബോര്‍ഡ് ശനിയാഴ്ച സ്ഥാപിച്ചു. എന്നാല്‍ ഇതവഗണിച്ചാണ് സമരം കൂടുതല്‍ ശക്തമായത്. ശനിയാഴ്ച മെത്രാന്‍കായലില്‍ പുതുപ്പള്ളി ഏരിയയിലെ വളണ്ടിയര്‍മാര്‍ സമരത്തിന് നേതൃത്വം നല്‍കി. എം കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം ടി ജോസഫ്, കെ സി ജോസഫ്, സി പാവനന്‍, കെ ജെ ജോണ്‍, പി കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച അയര്‍ക്കുന്നം ഏരിയയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം അഡ്വ. കെ എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. തയ്യില്‍ച്ചിറയില്‍ പാലാ ഏരിയയുടെ നേതൃത്വത്തില്‍ നടന്ന സമരം അനില്‍ മത്തായി ഉദ്ഘാടനം ചെയ്തു. കെ ജി ഗോവിന്ദന്‍നായര്‍ അധ്യക്ഷനായി. കെ എന്‍ വേണുഗോപാല്‍, അയ്മനം ബാബു, ജോണ്‍വൈറ്റ്, ടി വി കുര്യാക്കോസ്, കെ ജി കേശവന്‍എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച പൂഞ്ഞാര്‍ ഏരിയയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ജോയി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വൈക്കം ഏരിയയുടെ നേതൃത്വത്തില്‍ വടയാറില്‍ നടന്ന സമരം ഇ എം കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു.എ കെ ജയപ്രകാശ് ക്യാപറ്റനായിരുന്നു. കെ കെ ഗണേശന്‍, പി എം തങ്കപ്പന്‍, കെ കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച തലയോലപ്പറമ്പ് ഏരിയയില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ അവകാശം സ്ഥാപിക്കും. പ്രൊഫ. എം ടി ജോസഫ് ഉദ്ഘാടനം ചെയ്യും.

deshabhimani 130113

No comments:

Post a Comment