Thursday, January 17, 2013

മീന്‍ കുറയുന്നു; ഇന്ധനത്തിന് തീവിലയും മത്സ്യമേഖല പ്രതിസന്ധിയില്‍


മത്സ്യസമ്പത്ത് അനുദിനം കുറയുകയും സര്‍ക്കാര്‍ നയംമൂലം ഇന്ധന വില ദിനംപ്രതി ഉയരുകയും ചെയ്യുന്നതോടെ മത്സ്യബന്ധന മേഖല തളരുന്നു. പ്രതിസന്ധി കനത്തതോടെ ഈ മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. ഇന്ധന വിലക്കയറ്റം മൂലം മത്സ്യബന്ധനയാനങ്ങള്‍ക്ക് കടലില്‍ പോകാന്‍പറ്റാത്ത സാഹചര്യമാണ്. ആഗോളതാപനംമൂലം കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം, മഴക്കുറവ്, മലിനജലം എന്നിവമൂലം മത്സ്യസമ്പത്ത് കുറയുകയുമാണ്. ഇന്‍ബോര്‍ഡ് വള്ളത്തിന് ചൈനയില്‍നിന്ന് ഇറക്കുമതിചെയ്ത 495 എച്ച്പി ശക്തിയുള്ള "വൈചായ്" എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഇതിന് പ്രതിദിനം 350 ലിറ്റര്‍ ഡീസല്‍ വേണം. പിടിക്കുന്ന മത്സ്യം കരയ്ക്ക് എത്തിക്കാനുള്ള ഔട്ട്ബോര്‍ഡ് വള്ളങ്ങള്‍ക്ക് 180 ലിറ്ററോളം മണ്ണെണ്ണയും. എന്നാല്‍ ഡീസലിന്റെ വിലവര്‍ധനയും മണ്ണെണ്ണ കിട്ടാതായതും വന്‍ തിരിച്ചടിയായി. മണ്ണെണ്ണയ്ക്ക് വന്‍ വിലകൊടുത്ത് കരിഞ്ചന്തയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. തൊഴിലാളികളുടെ ബാറ്റ കൂടിയാവുമ്പോള്‍ പ്രതിമാസം ലക്ഷക്കണക്കിനു രൂപയാണ് മത്സ്യബന്ധനയാനങ്ങള്‍ക്ക് ചെലവാകുന്നത്. എന്നാല്‍ അതിനുള്ള വരുമാനം ലഭിക്കുന്നില്ല. രണ്ടുമാസമായി പേഴ്സിന്‍ ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും കടലിലിറക്കാനാക്ക അവസ്ഥയിലാണ്.

ദേശീയ സമ്പദ്ഘടനയില്‍ മത്സ്യകയറ്റുമതിയ്ക്ക് ഗണ്യമായ പങ്കുണ്ട്. കപ്പല്‍വഴി വിദേശത്തേക്ക് അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ടെര്‍മിനല്‍ ഹാന്‍ഡ്ലിങ് ചാര്‍ജും നികുതിയും അമേരിക്ക വിദേശ മത്സ്യഉല്‍പ്പന്നങ്ങള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ കൗണ്ടര്‍ വെയ്ലിങ് ഡ്യൂട്ടിയും കയറ്റുമതിയെ ബാധിച്ചു. ഇന്ത്യയില്‍നിന്നും മറ്റും സബ്സിഡിയോടെ അമേരിക്കയില്‍ എത്തിച്ചു വില്‍ക്കുന്ന മത്സ്യ ഉല്‍പ്പന്നങ്ങളോട് മത്സരിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്തരാജ്യങ്ങളിലെ മത്സ്യമേഖലയ്ക്ക് കഴിയുന്നില്ല. ഇതിനാലാണ് സിവിഡിക്ക് (കൗണ്ടര്‍ വെയ്ലിങ് ഡ്യൂട്ടി) തുല്യമായ തുക നികുതിയായി ചുമത്താന്‍ മുതലാളിത്തരാജ്യങ്ങള്‍ തീരുമാനിച്ചത്. ഇതും ഇന്ത്യയില്‍നിന്നുള്ള മത്സ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ പ്രതിസന്ധിയിലാക്കി. ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ അമിതമായ ഹാന്‍ഡ്ലിങ് ചാര്‍ജും കയറ്റുമതിയെ ബാധിച്ചു. എന്നാല്‍ ഈ പ്രതിസന്ധി ഇടത്തരം കയറ്റുമതിക്കാരെയും മത്സ്യബന്ധന-വിപണന-സംസ്കരണ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളെയുമാണ് ബാധിച്ചത്. ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന കയറ്റുമതി മത്സ്യങ്ങള്‍ക്ക് വിലയില്ലാത്ത അവസ്ഥയാണ്.

ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3288 മത്സ്യബന്ധനഗ്രാമങ്ങളും 1511 ഫിഷ്ലാന്‍ഡ് സെന്ററുമുണ്ട്. ഇവിടങ്ങളിലായി നാല്‍പ്പതുലക്ഷത്തോളംപേര്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. ഇതിനുപുറമെ അനുബന്ധമേഖലയില്‍ ജോലിചെയ്യുന്നവര്‍ ഒന്നര കോടിയാണ്. എന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യബന്ധനമേഖലയ്ക്ക് സഹായകരമായ ഒരു നടപടിയും എടുക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ആവശ്യപ്പെട്ടു. മത്സ്യമേഖല നേരിടുന്ന പ്രതിസന്ധികളില്‍ ഇടപെടാന്‍ കേന്ദ്രത്തില്‍ ഫിഷറീസ്മന്ത്രികാര്യാലയം വേണമെന്ന ആവശ്യത്തിന് ഈ സാഹചര്യത്തില്‍ വളരെ പ്രാധാന്യമുണ്ട്.

deshabhimani 160113

No comments:

Post a Comment