Thursday, January 17, 2013

ഭരണം കാക്കാന്‍ യുഡിഎഫിന്റെ ഖജനാവ് കൊള്ള


ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് സര്‍ക്കാരും മുന്നണിയും പൊതുഖജനാവ് ചോര്‍ത്തുന്നത് തകൃതി. ഇതിന്റെ ഭാഗമായാണ് മലബാറിലെ 33 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് സ്കൂളുകളില്‍ എന്നപോലെ അധ്യാപകര്‍ക്ക് ഖജനാവില്‍നിന്ന് ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള ശുപാര്‍ശ ചൊവ്വാഴ്ചത്തെ യുഡിഎഫ് ഏകോപനസമിതി യോഗം സര്‍ക്കാരിന് നല്‍കിയിരുന്നു. സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനെ കെപിസിസി നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് മുന്നറിയിപ്പു നല്‍കിയതോടെയാണ് സംഗതികള്‍ തകിടംമറിഞ്ഞത്. എയ്ഡഡ് പദവിയെപ്പറ്റി പിന്നെ തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നതെങ്കിലും സംഗതി തട്ടിപ്പാണ്. എയ്ഡഡ് പദവി നല്‍കിയില്ലെങ്കിലും സാമ്പത്തികം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യവും ഈ 33 സ്കൂളിന് ലഭിക്കുന്നുണ്ട്.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഭരണസമിതി പിരിച്ചുവിട്ട് ഭരണം ജനാധിപത്യവിരുദ്ധമായി പിടിച്ചെടുക്കാനുള്ള യുഡിഎഫ് യോഗതീരുമാനം നടപ്പാക്കാനുള്ള നടപടികളും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് വിടുമെന്ന എം വി രാഘവന്റെ ഭീഷണിയുടെയും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിലാണ് നിയമവിരുദ്ധമായ ഈ ഏര്‍പ്പാടിനു പിന്നില്‍. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനെ വിളിച്ചുവരുത്തി യോഗ തീരുമാനങ്ങള്‍ ധരിപ്പിച്ചു. ഓഹരി ഉടമകളായ 1500 അംഗങ്ങളെ സംഘത്തില്‍നിന്ന് പുറത്താക്കാനുള്ള ഉത്തരവ് സഹകരണവകുപ്പ് ഉടന്‍ ഇറക്കും. ഈ ഉത്തരവ് പുറത്തുവന്നാല്‍ നിലവിലുള്ള ഭരണസമിതിയിലെ ഭൂരിപക്ഷം പേരും സ്വമേധയാ പുറത്തുപോകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഇതിനുശേഷമായിരിക്കും തെരഞ്ഞെടുപ്പ് വേണോ; മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക.

ജില്ലാ സഹകരണബാങ്കുകളുടെ ഭാരവാഹിത്വത്തെപ്പറ്റി സംസ്ഥാനതലത്തില്‍ തീരുമാനിക്കണമെന്ന് കെ എം മാണി ആവശ്യപ്പെടുകയും ചെറുഘടകകക്ഷികള്‍ പിന്താങ്ങുകയും ചെയ്തെങ്കിലും ആദ്യം ജില്ലാതലത്തില്‍ തീരുമാനം വരുമോയെന്ന് നോക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും നിര്‍ദേശം യുഡിഎഫ് അംഗീകരിച്ചു. ഇരുപത്തൊന്നിനകം ജില്ലാതലത്തില്‍ യോഗങ്ങള്‍ കൂടി അനുകൂല തീരുമാനം വരുന്നില്ലെങ്കില്‍ 23നു ചേരുന്ന യുഡിഎഫ് ഏകോപനസമിതിയില്‍ വീണ്ടും പങ്കിടല്‍ വിഷയം ചര്‍ച്ചചെയ്യും. പത്തു ജില്ലാ സഹകരണബാങ്കുകളുടെ പ്രസിഡന്റ് പദവി കൈയടക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. കോട്ടയം മാണിക്കും മലപ്പുറം മുസ്ലിംലീഗിനും കോഴിക്കോട് ജനതയ്ക്കും കണ്ണൂര്‍ അല്ലെങ്കില്‍ കൊല്ലം സിഎംപിക്കും നല്‍കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മനസ്സിലിരിപ്പ്. നെല്ലിയാമ്പതി തോട്ടം പ്രശ്നത്തില്‍ രണ്ടു തട്ടിലായ യുഡിഎഫ് 23ന്റെ യോഗത്തില്‍ പോംവഴി ആരായുമെങ്കിലും വനം മന്ത്രിക്കും ചില യുഡിഎഫ് എംഎല്‍എമാര്‍ക്കും എതിരെയുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ അമര്‍ഷം ശക്തമായിരിക്കയാണ്. ഇതിനൊപ്പം നിയമലംഘകരായ തോട്ടം രാജാക്കന്മാര്‍ക്കുവേണ്ടി കോണ്‍ഗ്രസിലെ പ്രബലവിഭാഗങ്ങളുമുണ്ട്.

deshabhimani 170113

No comments:

Post a Comment