Thursday, January 17, 2013

സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രം കടന്നുകയറുന്നു: മാണി


കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുകയാണെന്ന് ധനമന്ത്രി കെ എം മാണി. കേന്ദ്രപദ്ധതികള്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം വിളിച്ചു ചേര്‍ത്ത സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍, നടപ്പുസാമ്പത്തികവര്‍ഷം വരുമാന കമ്മി കുറയ്ക്കാന്‍ നേരിട്ടുള്ള വിദേശനിക്ഷേപം കൂട്ടാന്‍ കേന്ദ്രം തയ്യാറാകണമെന്നും മാണി യോഗത്തില്‍ ആവശ്യപ്പെട്ടു. വിദേശനിക്ഷേപത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തിപ്പെടുന്നതിനിടെയാണ് കെ എം മാണി നിലപാട് വ്യക്തമാക്കിയത്. കേന്ദ്രത്തിന് ഇടപെടാവുന്ന വിഷയങ്ങളുടെ എണ്ണം 147ല്‍നിന്ന് 59 ആയി കുറയ്ക്കണമെന്ന ചതുര്‍വേദി കമ്മിറ്റി ശുപാര്‍ശ നടപ്പാക്കണമെന്ന് യോഗത്തില്‍ മാണി ആവശ്യപ്പെട്ടു. പന്ത്രണ്ടാംപദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രസഹായം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വെറും 1.26 ശതമാനം മാത്രം. അതേസമയം, കേന്ദ്രപദ്ധതികള്‍ക്കുള്ള സഹായം 3.96 ശതമാനമായി ഉയര്‍ത്തി. ഇത് യുക്തിരഹിതവും അശാസ്ത്രീയവുമാണ്. കേരളത്തിലെ നിര്‍ദിഷ്ട വന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ അധിക തുക അനുവദിക്കണം. സേവന നികുതിയുടെ കാര്യത്തിലും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുമേല്‍ കടന്നുകയറുകയാണ്. ആഡംബര നികുതി, വിനോദ നികുതി, ചൂതാട്ട നികുതി എന്നിവ ഉദാഹരണങ്ങള്‍. കേന്ദ്രം സേവന നികുതികൂടി ചുമത്തുന്നതിനാല്‍ ടൂറിസംമേഖലയില്‍ 25 ശതമാനമാണ് നികുതിഭാരം. തീരുവയില്ലാതെയുള്ള പാമോയില്‍ ഇറക്കുമതി അവസാനിപ്പിക്കണം. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കണം.വൈദ്യുതപ്രതിസന്ധി പരിഹരിക്കാന്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം വേണം- മാണി യോഗത്തില്‍ ആവശ്യപ്പെട്ടു.

ജിഎസ്ടി: ബജറ്റില്‍ വിശദീകരിക്കുമെന്ന് ചിദംബരം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുമായി സമവായത്തിലെത്താനായാല്‍ ചരക്കു-സേവന നികുതിയുടെ (ജിഎസ്ടി) കാര്യത്തിലെ ഭരണഘടനാഭേദഗതികള്‍ ബജറ്റ് പ്രസംഗത്തില്‍ വിശദീകരിക്കുമെന്ന് ധനമന്ത്രി പി ചിദംബരം. ജിഎസ്ടി വിഷയത്തില്‍ ഭിന്നത പരിഹരിക്കാന്‍ സമയമായെന്ന് സംസ്ഥാന ധനമന്ത്രിമാരുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ചിദംബരം പറഞ്ഞു.

ജിഎസ്ടി ഭരണഘടനാഭേദഗതി ബില്‍ നിലവില്‍ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി പരിഗണിക്കുകയാണ്. കേന്ദ്ര വില്‍പ്പനികുതിയില്‍ മാറ്റംവരുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കൂടുതല്‍ സഹായം വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിലാണ് തീരുമാനമാകാനുള്ളത്. സാമ്പത്തിക അച്ചടക്കനടപടിയുടെ കാര്യത്തില്‍ കര്‍ശന നിലപാട് തുടരുമെന്നും 2016-17 ഓടെ ധനകമ്മി ജിഡിപിയുടെ മൂന്നു ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ചിദംബരംപറഞ്ഞു. കേന്ദ്ര വില്‍പ്പനികുതി നാലുശതമാനത്തില്‍നിന്ന് രണ്ടുശതമാനമാക്കി കുറയ്ക്കുമ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതായി സംസ്ഥാന ധനമന്ത്രിമാരുടെ ശാക്തീകരണസമിതി അധ്യക്ഷന്‍ സുശീല്‍കുമാര്‍ മോഡി പറഞ്ഞു. കേന്ദ്രപദ്ധതികളുടെ കാര്യത്തില്‍ ബി കെ ചതുര്‍വേദി സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്രപദ്ധതികളില്‍ സംസ്ഥാനവിഹിതം 15 ശതമാനത്തില്‍ കൂടരുത്. സംസ്ഥാനങ്ങള്‍ പണം മുടക്കേണ്ട പദ്ധതികള്‍ കുറയ്ക്കുകയും വേണമെന്നും ആവശ്യവും ഉയര്‍ന്നു.

deshabhimani 170113

No comments:

Post a Comment