Wednesday, December 15, 2010

വെളിവായത് കോണ്‍ഗ്രസിന്റെ സാംസ്കാരിക ജീര്‍ണത

വെളിവായത് കോണ്‍ഗ്രസിന്റെ സാംസ്കാരിക ജീര്‍ണത: പിണറായി

പത്തനംതിട്ട: പഞ്ചായത്ത് ഓഫീസില്‍ അയിത്താചരണം നടത്തിയ പ്രസിഡന്റിനെ സംരക്ഷിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ സാംസ്കാരിക ജീര്‍ണതയാണ് വെളിവാക്കപ്പെടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഏനാദിമംഗലം പഞ്ചായത്ത് ഓഫീസില്‍ നടന്ന അയിത്താചരണത്തിനും ജാതിഭ്രഷ്ടിനുമെതിരെ സിപിഐ എം പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികജാതിക്കാരായ പ്രസിഡന്റുമാര്‍ ഉപയോഗിച്ച കസേരയും മേശയും മാറ്റി പഞ്ചായത്ത് ഓഫീസില്‍ പുണ്യാഹം തളിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവുകൂടിയായ പ്രസിഡന്റിന്റെ നടപടി കേരളീയ സമൂഹത്തിനുനേരെയുള്ള കടന്നാക്രമണമാണ്. പൊതുപ്രവര്‍ത്തകനോ, ജനപ്രതിനിധിക്കോ, രാഷ്ട്രീയ നേതാവിനോ യോജിച്ച പ്രവൃത്തിയല്ല ഇത്. ഇത്തരം ജീര്‍ണിച്ച മനസിനുടമകളെ പുറത്താക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് കാണിക്കണം. മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത സവര്‍ണബോധത്തിനെതിരെ രാജ്യത്തെവിടെയും മുന്നില്‍നിന്ന് പോരാടി ദളിത് വിഭാഗങ്ങളെ സംരക്ഷിക്കുന്നത് സിപിഐ എമ്മാണ്. അവര്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി നല്‍കിയത് ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരാണ്. ഇപ്പോള്‍ വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കി ആദിവാസികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയ സംസ്ഥാനം പാര്‍ടി ഭരിക്കുന്ന ത്രിപുരയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇവിടെ ശ്രദ്ധേയമായി നടക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ഇത് കാണാനാകില്ല. ദളിതരെ അടിച്ചമര്‍ത്തി സവര്‍ണവിഭാഗത്തിന്റെ സംരക്ഷണമാണ് കോണ്‍ഗ്രസ് എക്കാലവും ഏറ്റെടുത്തിട്ടുള്ളത്.

ദളിത് വിഭാഗത്തെ പുരോഗമന പ്രസ്ഥാനങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ചില സാമുദായിക സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. അതിന് ഹീനമായ പ്രചാരണവും അഴിച്ചുവിടുന്നു. ദളിതരുടെ സംരക്ഷകര്‍ കോണ്‍ഗ്രസും ബിജെപിയുമാണെന്ന് ഡിഎച്ച്ആര്‍എം പോലുള്ള സംഘടനകള്‍ പറയുന്നു. ഇതൊക്കെ തിരിച്ചറിയാനുള്ള വിവേകവും വിവേചനവും ദളിത് സഹോദരങ്ങള്‍ക്കുണ്ട്. സിപിഐ എമ്മിനെ അവരുടെ ശത്രുക്കളായി ചിത്രീകരിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടായ്മയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ അനന്തഗോപന്‍ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി വി എന്‍ മുരളി, കവി മുരുകന്‍ കാട്ടാക്കട എന്നിവര്‍ സംസാരിച്ചു. ടി കെ ജി നായര്‍ സ്വാഗതവും എ പത്മകുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 151210

4 comments:

  1. പഞ്ചായത്ത് ഓഫീസില്‍ അയിത്താചരണം നടത്തിയ പ്രസിഡന്റിനെ സംരക്ഷിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ സാംസ്കാരിക ജീര്‍ണതയാണ് വെളിവാക്കപ്പെടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഏനാദിമംഗലം പഞ്ചായത്ത് ഓഫീസില്‍ നടന്ന അയിത്താചരണത്തിനും ജാതിഭ്രഷ്ടിനുമെതിരെ സിപിഐ എം പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

    ReplyDelete
  2. -------ദളിത് വിഭാഗത്തെ പുരോഗമന പ്രസ്ഥാനങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ചില സാമുദായിക സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. അതിന് ഹീനമായ പ്രചാരണവും അഴിച്ചുവിടുന്നു.--------

    കെ.പി.എം.എസ് അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
    പുന്നല ശ്രീകുമാര്‍ ഉള്‍പെടെ ഉള്ള നേതാക്കളെ ആ സംഘടനയില്‍ നിന്ന്
    ആ സംഘടനയുടെ നേതൃത്വം പുറത്തു കളഞ്ഞിട്ടുള്ളതാണ് .
    പക്ഷെ അവര്‍ ബഹു ഭൂരിപക്ഷം വരുന്ന പ്രവര്‍ത്തകരെ സംഘടിപ്പിച്ചു
    പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ്...
    ചില കോണ്ഗ്രസ് നേതാക്കളുടെ ഒത്താശയും അവര്‍ക്ക് കിട്ടുന്നുണ്ട്‌...

    ReplyDelete
  3. കെ.പി.എം.എസ്സിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പൂര്‍ണമായും ശരിയല്ല.
    പുന്നല ശ്രീകുമാറിന്റെ നേതൃത്വം വന്നതിനു ശേഷം ആ സംഘടനയില്‍ ഒട്ടേറെ
    സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്...സാമ്പത്തികമായും അവര്‍ മുന്നേറിയിട്ടുണ്ട്...
    അയ്യന്‍‌കാളി സ്ഥാപിച്ച സ്കൂള്‍ സ്വന്തമാക്കാനും പഞ്ചമി സ്വയം സഹായ സംഘങ്ങള്‍ രൂപികരിക്കാനും അവര്‍ക്ക് കഴിഞ്ഞു. അംഗങ്ങളുടെ അര്‍പണ ബോധവും ഒരു മാറ്റത്തിനായുള്ള അവരുടെ ഇച്ചാ ശക്തിയും അതിനു കാരണമായി...
    അതല്ലാതെ അതിര് വിട്ട വിധേയത്വം അവര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും പുലര്‍ത്തിയിട്ടില്ല.
    എന്നാല്‍ കാലങ്ങളോളം സേവിച്ച ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ നിന്ന്
    അവരുടെ സമുദായത്തിന് "നന്ദി" അല്ലാതെ മറ്റൊന്നും കിട്ടിയില്ല എന്ന് അവര്‍
    തിരിച്ചറിവ് നേടി. അതിന്റെ പ്രതികരണങ്ങള്‍ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും
    അവര്‍ കാണിച്ചു.... അതിന്റെ തുടര്‍ച്ചയെന്നോണം ആ സംഘടനയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിള്ളലുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കരങ്ങള്‍
    ഉണ്ടെന്നു തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു... എന്തായാലും എല്ലാം തിരിച്ചറിയാനുള്ള വിവേകവും വിവേചനവും ഇപ്പോള്‍ ദളിത് സഹോദരങ്ങള്‍ക്കുണ്ട്.

    ReplyDelete
  4. പഞ്ചായത്താഫീസില്‍ അയിത്താചാരണം നടത്തിയ പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു. സിപിഐ എം നേതൃത്വത്തില്‍ ചൊവ്വാഴ്ച നൂറുകണക്കിന് ആളുകള്‍ പഞ്ചായത്താഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളടക്കം നിരവധി ബഹുജനങ്ങളും മാര്‍ച്ചില്‍ പങ്കാളികളായി. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വീണ്ടും സമൂഹത്തില്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. സംഭവം നടന്നിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും വളരെ സംയമനം പാലിച്ചുള്ള പ്രക്ഷോഭരീതികളാണ് വിവിധ ബഹുജനസംഘടനകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. എന്നാല്‍ വരും നാളുകളില്‍ സമരം ശക്തമാക്കാനാണ് വിവിധ ബഹുജനസംഘടനകളുടെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ രീതിയില്‍ പ്രക്ഷോഭം തുടരുമെന്ന് ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. ഭരണഘടനാലംഘനം നടത്തിയ പ്രസിഡന്റിനെതിരെ നിയമനടപടികള്‍ എടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ അയിത്താചാരണത്തിനെതിരെ ആദ്യം നിശബ്ദത പാലിച്ച കോണ്‍ഗ്രസ് പിന്നീട് നിയമസഭയില്‍ തങ്ങളുടെ വികാരം പ്രകടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ ജില്ലയില്‍നിന്നുള്ള വിവിധ കോണ്‍ഗ്രസ് പ്രതിനിധികള്‍ നിയമസഭയില്‍ മത്സരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സമൂഹത്തില്‍ അവശതയനുഭിക്കുന്ന ജനവിഭാഗങ്ങളുടെ പേരില്‍ വോട്ട് നേടുകയും അധികാരം ലഭിച്ചാല്‍ ആക്ഷേപിക്കുകയും ചെയ്യുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് ഏനാദിമംഗലം വ്യക്തമാക്കുന്നു. ഇതിനെതിരെ തുടങ്ങിയ സമരം ജില്ലയില്‍ മാത്രം ഒതുങ്ങില്ലെന്നും വിവിധ ബഹുജനസംഘങ്ങളുടെയും സാംസ്ക്കാരിക നായകരുടെയും കൂട്ടായ്മ പ്രഖ്യാപിക്കുന്നു.

    ReplyDelete